ലോകത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ എക്സിക്യൂട്ടീവുമാരിയിൽ ഒരാളാണ് മലയാളിയായ തോമസ് കുര്യൻ. 1996ൽ കോട്ടയത്ത് പി സി കുര്യന്റെയും മോളിയുടെ മകനായി ജനിച്ച തോമസ് കുര്യൻ 2018 മുതൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയായി പ്രവർത്തിക്കുകയാണ്. ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ ഇന്ത്യൻ എക്‌സിക്യൂട്ടീവാണ് ഇന്ന് അദ്ദേഹം. അതായത് സ്വന്തം ബോസ് സുന്ദർ പിച്ചൈയേക്കാൾ ഇരട്ടിയിലധികം ആസ്തി. ഇരട്ട സഹോദരൻ ജോർജ് കുര്യൻ 2015 മുതൽ നെറ്റ്ആപ്പിന്റെ സിഇഒയാണ്.
തോമസ് കുര്യന്റെ അച്ഛൻ കെമിക്കൽ എഞ്ചിനീയറായിരുന്നു. ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് തോമസും ജോർജും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇരുവരും മികച്ച വിദ്യാർത്ഥികളായിരുന്നു. പിന്നാലെ ഇരുവരും മദ്രാസിലെ ഐഐടിയിൽ ചേർന്നെങ്കിലും പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രവേശനം ലഭിച്ചതിനാൽ അവിടെ പഠനം തുടരാനായില്ല. 16ാം വയസ്സിൽ അമേരിക്കയിലേക്ക് മാറി. അവിടെ തോമസ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. പിന്നീട് സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ ചെയ്തു. മക്കിൻസി ആൻഡ് കമ്പനിയിലായിരുന്നു ആദ്യ ജോലി. (Photo- CNBC)
ആറുവർഷത്തോളം കമ്പനിയിൽ തുടർന്നു. സിഇഒമാർക്കൊപ്പം പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് ടീമുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഫിനാൻഷ്യൽ സർവീസസ്, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ അദ്ദേഹം ജോലി ചെയ്തു. 1996ൽ ഒറാക്കിളിലേക്ക് മാറി അവിടെ 22 വർഷം ജോലി ചെയ്തു. അവിടെ അദ്ദേഹം 32 രാജ്യങ്ങളിലായി 35,000 പേരടങ്ങുന്ന സംഘത്തെ നയിച്ചു. കമ്പനിയുടെ സഹസ്ഥാപകനായ ലാറി എലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2018ൽ അദ്ദേഹം രാജിവച്ചു. പിന്നീട് അദ്ദേഹം ഗൂഗിളിന്റെ ഭാഗമായി. (Photo- CNBC)
ഗൂഗിൾ ക്ലൗഡ് പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല തോമസ് കുര്യന് ലഭിച്ചു. അദ്ദേഹം കമ്പനിയുടെ തന്ത്രം മാറ്റി ഉപഭോക്തൃ സേവനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൂഗിൾ ക്ലൗഡ് സെയിൽസ് പേഴ്‌സണുകളുടെ പ്രചോദനം വർദ്ധിപ്പിക്കുന്നതിനായി അവരുടെ ശമ്പളവും അദ്ദേഹം ഉയർത്തി. കൂടുതൽ വിൽപ്പനക്കാരെയും സാങ്കേതിക വിദഗ്ധരെയും അക്കൗണ്ട് മാനേജർമാരെയും നിയമിച്ചു. അദ്ദേഹം ക്ലൗഡ് സേവനങ്ങൾ ചില വ്യവസായങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. വ്യത്യസ്ത ക്ലൗഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡാറ്റ നിയന്ത്രിക്കാൻ കമ്പനികളെ സഹായിക്കുന്ന ആന്തോസ് എന്ന പ്ലാറ്റ്‌ഫോം അദ്ദേഹം ആരംഭിച്ചു. (Photo- CNBC)
തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ, ബിസിനസ്സിനെ പരിവർത്തനം ചെയ്യാനുള്ള കമ്പനിയുടെ കഴിവ് ത്വരിതപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം എഴുതി. ഒറാക്കിളിൽ, അദ്ദേഹം 35 ബില്യൺ വാർഷിക വരുമാനം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ കീഴിലുള്ള കമ്പനിയുടെ ക്ലൗഡ് വരുമാനം 5.5 ബില്യൺ ഡോളറായിരുന്നു. 250 പേരടങ്ങുന്ന സെയിൽസ് ടീമിനെയും അദ്ദേഹം നയിച്ചു. ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യൻ മാനേജരാണ് അദ്ദേഹം. (Photo- CNBC)
ഐഐഎഫ്എൽ ഹുറുൺ ഇന്ത്യ ലിസ്റ്റ് പ്രകാരം 2022ൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ആകെ ആസ്തി 5300 കോടിരൂപയാണ്. അഡോബ് സിഇഒ ശാന്തുനു നാരായെന്റെ ആസ്തി 3800 കോടിയും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ആസ്തി 6200 കോടി രൂപയായിരുന്നു. എന്നാൽ 12,100 കോടി രൂപയായിരുന്നു തോമസ് കുര്യന്റെ ആസ്തി. അരിസ്റ്റ നെറ്റ്‌വർക്കിന്റെ ജയശ്രീ ഉള്ളാളിന് തൊട്ടു പിന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. (Photo- CNBC)