മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് അഭിമാനിക്കാന്‍ വകയുള്ള ഒരുപിടി നിമിഷങ്ങള്‍ സമ്മാനിച്ചാണ് യശ്വസി ജയ്സ്വാള്‍ എന്ന 21കാരന്‍ ഇന്നലെ കളം വിട്ടത്. 1000 മത്സരങ്ങള്‍ പൂര്‍ത്തിയായ ഐപിഎല്‍ ദിനത്തില്‍ തന്‍റെ കന്നി സെഞ്ചുറി കുറിച്ചാണ് താരം വാങ്കടെ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ കാണികള്‍ക്ക് നേരെ ബാറ്റ് ഉയര്‍ത്തിയത്.
പട്ടിണിയും കഷ്ടപാടുകളും തീര്‍ത്ത പ്രതിസന്ധികളോട് പടപൊരുതിയാണ് യശസ്വി ജയ്സ്വാള്‍ ലോകത്തെ ഏറ്റവും വലിയ പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ലീഗിലെ ഇടിവെട്ട് താരമായി മാറിയത്. തന്‍റെ 10-ാം വയസില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മനസില്‍ ഒരു പിടി ലക്ഷ്യങ്ങളുമായാണ് യശ്വസി മുംബൈയില്‍ എത്തുന്നത്. അപ്പോഴെ ക്രിക്കറ്റ് ഒരാവേശമായി ആ ബാലന്‍റെ മനസില്‍ സ്ഥാനം നേടിയിരുന്നു. സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല യശസ്വിയുടെ മാതാപിതാക്കൾ . തുടര്‍ന്ന് വരുമാനം കണ്ടെത്താന്‍ അമ്മാവനോടൊപ്പം സ്വപ്ന നഗരത്തിലെത്തിയ ആ പതിനൊന്നുകാരന്‍ തന്‍റെ ലക്ഷ്യത്തിലേക്കുള്ള ജോലികള്‍ ആരംഭിച്ചു.
ആവശ്യമായ പിന്തുണ നല്‍കിയതിനൊപ്പം കൂടെ താമസിക്കാനും കോച്ച് അവസരം നല്‍കിയെന്ന് യശസ്വി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഹാരിസ് ഷീൽഡ് സ്കൂൾ തല ടൂർണമെന്റിൽ പുറത്താക്കാതെ 319 റണ്‍സ് എടുക്കുകയും 13 വിക്കറ്റുകള്‍ നേടുകയും ചെയ്തതോടെയാണ് യശസ്വി ആദ്യം കായിക ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കര്‍ പിറവിയെടുത്ത അതേ ടൂർണമെന്‍റിലൂടെ യശസ്വി ജയ്‌സ്വാൾ ശ്രദ്ധിക്കപ്പെട്ടു. പിന്നെ ഇതുവരെ ക്രിക്കറ്റില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അസാമാന്യമായ പ്രതിഭകൊണ്ടും കഠിനാധ്വാനം കൊണ്ടും ഉയര്‍ന്ന് ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ ടീമിലേക്ക് ജയ്സ്വാള്‍ കുതിച്ചുകയറി. അവിടെയും തന്‍റെ പ്രതിഭക്കൊത്ത പ്രകടനം ആവര്‍ത്തിച്ചു. ആഭ്യന്തര ക്രിക്കറ്റിലും 18 വയസ് എത്തും മുമ്പേ താരം വരവറിയിച്ചു.
ലിസ്റ്റ് എ ക്രിക്കറ്റിൽ 17-ാം വയസ്സിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യശസ്വി ചരിത്രം രചിച്ചു. പിന്നീട് ഇന്ത്യയിലെ ഏത് യുവതാരവും ആഗ്രഹിക്കുന്ന ഐപിഎല്‍ എന്ന സ്വപ്ന വേദിയും അവനെ തേടിയെത്തി. 2019ലെ ലേലത്തില്‍ 2.4 കോടി മുടക്കിയാണ് രാജസ്ഥാൻ റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്. ആദ്യ സീസണുകളില്‍ പതറിയെങ്കിലും 2023ല്‍ അത്ഭുതകരമായ പ്രകടനമാണ് യശസ്വി പുറത്തെടുത്തത്