കീലിയൻ എംബാപ്പെയ്ക്ക് തൊട്ടതൊക്കെ പിഴച്ച ദിവസമായിരുന്നു ബുധനാഴ്ച. ഫ്രഞ്ച് ലീഗ് വണ്ണിൽ മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ എംബാപ്പെ എടുത്ത രണ്ട് പെനാൽറ്റി കിക്കുകളാണ് ഗോളാകാതെ പോയത്. ആദ്യ കിക്ക് മോണ്ട്പെല്ലിയറി ഗോളി ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടിയകറ്റി. എന്നാൽ കിക്കെടുക്കുന്നതിന് മുമ്പ് എതിർ താരങ്ങൾ ബോക്സിൽ കയറിയതിനാൽ VAR ഒരിക്കൽക്കൂടി കിക്കെടുക്കാൻ അവസരം ലഭിച്ചു.
എന്നാൽ ഇത്തവണയും എംബാപ്പെയ്ക്ക് പിഴയ്ക്കുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്. എംബാപ്പെയുടെ കിക്ക് ഗോൾകീപ്പറുടെ കൈയിലും പോസ്റ്റിലുമായി തട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ എംബാപ്പെയുടെ ഭാഗ്യദോഷം അവിടെയും തീർന്നില്ല. റീബൌണ്ട് ചെയ്തുവന്ന പന്ത് നേരെ എംബാപ്പെയുടെ കാലിലേക്ക്. മുന്നിൽ തുറന്ന ഗോൾ പോസ്റ്റ്. എന്നാൽ ഫ്രഞ്ച് സൂപ്പർ താരം പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.
ഒടുവിൽ പി.എസ്.ജിയ്ക്ക് ഗോൾ കണ്ടെത്താൻ 55 മിനിട്ട് എടുത്തു. റൂയിസാണ് പി.എസ്.ജിക്ക് ലീഡ് സമ്മാനിച്ചത്. 72-ാം മിനിട്ടിൽ മെസി ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. റുയിസിന്റെ പാസിൽ നിന്നായിരുന്നു മെസിയുടെ ഗോൾ. 89-ാം മിനിട്ടിൽ നോർഡിനിലൂടെ മോണ്ട്പെല്ലിയറി ഗോൾ മടക്കി. മത്സരത്തിന്റെ അവസാന നിമിഷം സൈറെ എമെരിയിലൂടെ പി എസ് ജി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.