ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച കാലങ്ങളിലൊന്നായി വിലയിരുത്തപ്പെടും. കാരണം, ഓസ്‌ട്രേലിയയിൽ ഇന്ത്യ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയതും 2019ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ സെമിയിലെത്തുകയും ചെയ്തത് രവിശാസ്ത്രിയുടെ പരീശീലനത്തിൻ കീഴിലായിരുന്നു. മുൻ നായകൻ വിരാട് കോഹ്‌ലിയുമായി മികച്ച കെമിസ്ട്രി രൂപപ്പെടുത്തിയ ഇന്ത്യൻ ടീമിലും ശാസ്ത്രിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഈ വർഷമാദ്യം മോശം ഫോമിനെ തുടർന്ന് വിശ്രമിക്കാൻ ശാസ്ത്രി ആവശ്യപ്പെട്ടപ്പോൾ കോഹ്‌ലി അത് അംഗീകരിച്ചതും അതുകൊണ്ടായിരിക്കാം.
അതേസമയം കോഹ്ലിയുടെ ഇപ്പോഴത്തെ മോശം ഫോമിന് കാരണം രവിശാസ്ത്രിയാണെന്ന ആരോപണവുമായി മുൻ പാക് ക്യാപ്റ്റൻ റഷീദ് ലത്തീഫ് രംഗത്തെത്തി. "അദ്ദേഹം (രവി ശാസ്ത്രി) കാരണമാണ് ഇത് സംഭവിച്ചത്," വിരാട് കോഹ്‌ലിക്ക് ശാസ്ത്രി നൽകിയ ഉപദേശത്തോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലത്തീഫ് പറഞ്ഞു. കമന്‍ററി പറയുന്ന ജോലി ചെയ്യുന്ന ആളുകൾക്ക് ചേരുന്ന ബിസിനസ് അല്ല കോച്ചിംഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'2019ൽ കുംബ്ലെയെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒഴിവാക്കി, രവി ശാസ്ത്രി വന്നു. അദ്ദേഹത്തിന് അക്രഡിറ്റേഷൻ ഉണ്ടായിരുന്നോ ഇല്ലയോ, എനിക്കറിയില്ല. അദ്ദേഹം ഒരു ബ്രോഡ്കാസ്റ്ററായിരുന്നു. കോച്ചിംഗിൽ കാര്യമില്ലായിരുന്നു. വിരാട് കോഹ്‌ലി ഒഴികെ, ശാസ്ത്രിയെ ടീമിലെത്തിക്കുന്നതിൽ പങ്കുവഹിച്ച മറ്റ് ആളുകളും ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അത് ഇപ്പോൾ തിരിച്ചടിയാകുന്നു, അല്ലേ? അദ്ദേഹം (ശാസ്ത്രി) പരിശീലകനായില്ലെങ്കിൽ, അവൻ (കോഹ്‌ലി) പുറത്താകുമായിരുന്നില്ല'- റഷീദ് ലത്തീഫ് പറഞ്ഞു.