കോവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ് ലോകം മുഴുവനും. എന്നാൽ, ഇതിനിടയിൽ വിശപ്പു മൂലമുള്ള കഷ്ടപ്പാടുകളും മരണങ്ങളും വർദ്ധിക്കുന്നെന്നാണ് കണക്ക്. കൊറോണ കാരണം ലോക സാമ്പത്തികവ്യവസ്ഥ തന്നെ തകരാറിലായിരിക്കുകയാണ്. നിരവധി ആളുകൾക്കാണ് അവരുടെ ജോലി നഷ്ടമായത്. പലരും നിത്യവൃത്തിക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്ര സഭ.
നിരവധി സമൂഹങ്ങളാണ് ഇക്കാലയളവിൽ ഭക്ഷണത്തിന് പോലും വക കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ഓരോ മാസവും പതിനായിരത്തിൽ അധികം കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തൽ. ഗ്രാമപ്രദേശങ്ങളിൽ ആവശ്യത്തിന് വൈദ്യസഹായം ഇല്ലാത്തതും മാർക്കറ്റിൽ ആവശ്യത്തിന് കാർഷിക ഉല്പന്നങ്ങൾ ലഭിക്കാത്തതും ഇതിന് കാരണമാണ്.
ബുർകിനോ ഫാസോയിൽ നിന്നുള്ള ഒരു നവജാതശിശുവിന് ഒരു മാസത്തിനുള്ളിലാണ് 2.5 കിലോഗ്രാം ഭാരം നഷ്ടമായത്. കൊറോണവൈറസ് നിയന്ത്രണങ്ങൾ കാരണം മാർക്കറ്റുകൾ അടച്ചിരുന്നു. തങ്ങളുടെ കൈവശം ഉണ്ടായിരുന്നു കുറച്ച് പച്ചക്കറികൾ ഈ കുഞ്ഞിന്റെ കുടുംബം വിൽക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയ്ക്കും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു.
കോവിഡ് പ്രതിസന്ധി കാരണം അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷ ബുദ്ധിമുട്ടുകൾ വർഷങ്ങളോളം പ്രതിഫലിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പോഷകാഹാര വിഭാഗം മേധാവി ഡോ. ഫ്രാൻസെസ്കോ ബ്രാങ്ക പറഞ്ഞു. ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, സബ് സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിരവധി ആളുകളാണ് ആവശ്യത്തിന് ഭക്ഷണമില്ലാതെ ഭാവിയിലേക്ക് നോക്കിയിരിക്കുന്നത്.
സുഡാനിൽ മാത്രം 98 ലക്ഷം ആളുകൾ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. പണപ്പെരുപ്പം കാരണം ചില സ്ഥലങ്ങളിൽ അവശ്യവസ്തുക്കളുടെ വില മൂന്നിരട്ടിയായി വർദ്ധിച്ചു. വിശപ്പിന്റെ കാര്യമെടുത്താൽ അഫ്ഗാനിസ്ഥാൻ ഇപ്പോൾ റെഡ് സോണിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ജനുവരിയിൽ 690,000 ആയിരുന്നത് ഇപ്പോൾ 780,000 ആയാണ് വർദ്ധിച്ചത്.