കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് (പിഎംഒ) സമർപ്പിച്ചതായി എസ്എഡി പ്രസിഡന്റും ഹർസിമ്രത് കൗറിന്റെ ഭർത്താവുമായ സുഖ്‌ബീർ സിംഗ് ബാദലിന്റെ പ്രധാന ഉപദേഷ്ടാവ് ഹർചരൻ ബെയ്‌ൻസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സർവീസ് ബിൽ എന്നിവയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ബാദൽ ഹർസിമ്രത് കൗർ രാജിവയ്ക്കുന്ന കാര്യം ലോക്സഭയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി.
advertisement
ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാൽ 'കർഷക വിരുദ്ധ രാഷ്ട്രീയ'ത്തെ എതിർക്കുമെന്നും എസ്എഡിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
കർഷക വിരുദ്ധ ഓർഡിനൻസുകൾക്കും നിയമനിർമ്മാണത്തിനും എതിരെ ഞാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. മകളായും സഹോദരിയായും കർഷകർക്കൊപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നു- രാജിവെച്ചതായി വ്യക്തമാക്കിക്കൊണ്ട് ഹർസിമ്രത് കൗർ ട്വിറ്ററിൽ കുറിച്ചു.
കാർഷിക മേഖലയിലെ വലിയ പരിഷ്കരണമാണെന്നാണ് ബില്ലുകളെ കുറിച്ച് കേന്ദ്രസർക്കാർ പറയുന്നത്. കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ ബിൽ സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ഇത് കാർഷിക മേഖലയെ "കോർപ്പറേറ്റ്" ചെയ്യുമെന്നും സാമ്പത്തികമായി തകരാറിലാകുമെന്നുമാണ് ആഴ്ചകളായി ഈ ഓർഡിനൻസുകളിൽ പ്രതിഷേധിക്കുന്ന കർഷകർ അവകാശപ്പെടുന്നത്.