പാലാ സീറ്റ് മാണി സി കാപ്പന് തന്നെ നൽകിയേക്കും എന്നാണ് സൂചന. പകരം കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ മാണിയോട് മുഖ്യമന്ത്രി നിർദ്ദേശിക്കും എന്നാണ് വിവരം. ജോസ് കെ മാണിയുമായും ഇക്കാര്യത്തിൽ ഇടതു നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്. പാലാ സീറ്റിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി വരുന്നത് ഒഴിവാക്കാൻ കൂടിയാണ് ശ്രമം. പാലാ സീറ്റ് ലഭിച്ചാൽ മാണി സി കാപ്പൻ ഇടത് മുന്നണിയിൽ തുടരും.
advertisement
Also Read-'പാലായിൽ ജയിച്ചത് ഒരു കുറ്റമാണോ'? എൽഡിഎഫിൽ നിന്നു കൊണ്ട് പാലായിൽ മത്സരിക്കുമെന്ന് എൻസിപി
ജോസ് കെ മാണി കടുത്തുരുത്തിയിൽ മത്സരിക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ കേരള കോൺഗ്രസ് എമ്മിൽ ഉയർന്നിരുന്നു. പഴയ പാലാ മണ്ഡലത്തിന്റെ ഭാഗമായ പല പഞ്ചായത്തുകളും ഇന്ന് കടുത്തുരുത്തിയിൽ ആണുള്ളത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് പാലയെക്കാൾ ശക്തി കടുത്തുരുത്തിയിൽ ഉണ്ട്. അതേസമയം ശക്തനായ മോൻസ് ജോസഫിനെ നേരിടണം എന്നതാണ് ജോസ് കെ മാണിക്ക് മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാൽപതിനായിരത്തിന് അടുത്ത ഭൂരിപക്ഷം മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ ഉണ്ടായിരുന്നു. ഇടതു മുന്നണിയുടെ ഭാഗമായപ്പോഴും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നിന്ന് വിജയിച്ചിരുന്നു.
കുട്ടനാട് ജോസിന്
സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നതാണ് എൻ സി പിയുടെ നിലപാട്. അതേസമയം തോമസ് ചാണ്ടി മത്സരിച്ച് വിജയിച്ച കുട്ടനാട് സീറ്റിൽ കടുംപിടുത്തം ഒഴിവാക്കിയേക്കും. കുട്ടനാട് ജോസ് കെ മാണി വിഭാഗത്തിന് നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പകരം ആലപ്പുഴ ജില്ലയിൽ ഏതെങ്കിലും ഒരു സീറ്റ് വേണമെന്ന അഭിപ്രായമാണ് എൻസിപി പങ്കുവയ്ക്കുന്നത്. പകരം സീറ്റ് നൽകാമെന്ന് ഉറപ്പ് ഇതുവരെ ഇടതു മുന്നണി നേതൃത്വം നൽകിയിട്ടില്ല എന്നാണ് വിവരം.
Also Read-'എൽ.ഡി.എഫിനൊപ്പം നിൽക്കും; നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും': എ.കെ ശശീന്ദ്രൻ
ഭരണത്തുടർച്ചയ്ക്ക് ഓരോ സീറ്റും നിർണായകമാണെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. മാണി സി കാപ്പനെ അവഗണിക്കാൻ പാടില്ല എന്ന നിലപാടിലേക്ക് ഇടതുമുന്നണി എത്തിയതും അതുകൊണ്ടാണ്. ചർച്ചകൾ വിജയം കണ്ടാൽ മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ അത് നിർണായകമാണ്. പാലാ സീറ്റ് നിഷേധിക്കപ്പെട്ടാൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. അങ്ങനെ മുന്നണിയിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായാൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അത് മോശം പ്രതിച്ഛായ ഉണ്ടാകുമെന്ന് എൽ ഡി എഫ് നേതൃത്വം വിലയിരുത്തുന്നു.
ജോസ് കെ മാണിയെ കൂടാതെ മാണി സി കാപ്പനെ കൂടി ഒപ്പം നിർത്തി മത്സരിച്ചാൽ അത് മധ്യകേരളത്തിൽ വലിയ ഗുണം ഉണ്ടാകും എന്നാണ് ഇടതു പ്രതീക്ഷ. എൻസിപിയിലെ പ്രശ്നങ്ങൾ ഇടതു നേതൃത്വം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.