'മദ്യവും മയക്കുമരുന്നും ഉപയോഗിക്കരുത്'; ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത് 23-കാരന്‍
- Published by:Sarika N
- news18-malayalam
Last Updated:
യുവ തൊഴിലാളികള്‍ക്കിടയില്‍ നിലവിലെ വൈബ് കര്‍ശനവും അച്ചടക്കവുമുള്ളതാണെന്ന് 23-കാരന്‍ പറഞ്ഞു
തൊഴില്‍ സംസ്‌കാരത്തെ കുറിച്ചും ജോലി-ജീവിത സന്തുലിതാവസ്ഥയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ എപ്പോഴും സജീവമാണ്. ഇന്ത്യയിലെ യുവാക്കള്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരയണ മൂര്‍ത്തിയുടെ വിവാദപരമായ ആഹ്വാനം മുതല്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി എന്നത് സുസ്ഥിരമായ അടിത്തറയാണെന്ന ഇലോണ്‍ മസ്‌കിന്റെ അവകാശവാദം വരെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു 23-കാരന്റെ സമാനമായ ആഹ്വാനമാണ് വീണ്ടും ഇതുസംബന്ധിച്ച ചര്‍ച്ചകളെ ഉണര്‍ത്തുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള എഐ സ്റ്റാര്‍ട്ടപ്പ് ഗ്രെപ്‌റ്റൈലിന്റെ സിഇഒ ഇന്ത്യ വംശജനായ ദക്ഷ് ഗുപ്തയാണ് ദീര്‍ഘനേരം ജോലി ചെയ്യുന്നതിന്റെ ആവശ്യകത ഊന്നിപറഞ്ഞിരിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസവും പ്രതിദിനം 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യാനാണ് ദക്ഷ് ഗുപ്ത നിര്‍ദ്ദേശിക്കുന്നത്. നിലവിലെ വൈബ് മദ്യമോ മയക്കുമരുന്നോ അല്ലെന്നും അദ്ദേഹം പറയുന്നു. 'ദി സാന്‍ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡി'നോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുവ തൊഴിലാളികള്‍ക്കിടയില്‍ നിലവിലെ വൈബ് കര്‍ശനവും അച്ചടക്കവുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്യരുത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുക. ഭാരം ഉയര്‍ത്തുക, ദൂരേക്ക് ഓടുക, നേരത്തെ വിവാഹം ചെയ്യുക, ഉറക്കം ട്രാക്ക് ചെയ്യുക, സ്റ്റീക്കും മുട്ടയും കഴിക്കുക എന്നിവയാണ് ഇപ്പോള്‍ യുവാക്കള്‍ക്കുള്ള വൈബെന്നും ദക്ഷ് ഗുപ്ത വിശദീകരിച്ചു.
advertisement
ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ജീവിതശൈലി എങ്ങനെയാണ് യുവതലമുറകളെ സാംസ്‌കാരികമായി ഇടപ്പഴകുന്നതിന് പുനര്‍നിര്‍മ്മിച്ചതെന്നും ഗുപ്ത വിശദീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ ദക്ഷ് ഗുപ്തയുടെ പ്രതികരണം വ്യാപകമായി പ്രചരിച്ചു. വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഇതിനെതിരെ ആളുകള്‍ പങ്കുവെച്ചു. പലരും ഇത്തരം ജീവിതശൈലി സൃഷ്ടിക്കുന്ന മാനസികാരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടി. ഇത് അക്ഷരാര്‍ത്ഥത്തില്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണെന്ന് തോന്നുന്നതായി ഒരാള്‍ കുറിച്ചു. ഒരു ദിവസം നിങ്ങള്‍ ധാരാളം പണവുമായി വിരമിക്കുമെന്നും നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ഇല്ലെന്ന് മനസ്സിലാക്കുമെന്നും സമ്പാദിച്ച പണം ശരിയായി ആസ്വദിക്കാന്‍ നോക്കുമ്പോഴേക്കും നിങ്ങള്‍ വാര്‍ദ്ധക്യത്തിലായിട്ടുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
എല്ലായ്‌പ്പോഴും ജോലി ചെയ്താല്‍ വിവാഹം കഴിക്കാന്‍ ആരെ കിട്ടുമെന്നായിരുന്നു മറ്റൊരു ചോദ്യം. ഇത്തരത്തിലുള്ള ജീവിതം നിരാശജനകമാണെന്നും മാനസികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റൊരാള്‍ പ്രതികരിച്ചു. ആഴ്ചയില്‍ ആറ് ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ജോലി ചെയ്യുന്ന ആളുകള്‍ എവിടെയാണുള്ളതെന്ന് മറ്റൊരാള്‍ ചോദിച്ചു. ഇത് ചൂഷണ മനോഭാവമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
വിമര്‍ശനങ്ങള്‍ക്കിടയിലും ദീര്‍ഘനേരം ജോലി ചെയ്യുന്ന സംസ്‌കാരം ഉയർന്ന പ്രതിഫലങ്ങളോടെയാണ് വരുന്നതെന്ന് ഗുപ്ത പറയുന്നു. ഒരു ജൂനിയര്‍ ജീവനക്കാരന് പ്രതിവര്‍ഷം 140,000 ഡോളര്‍ മുതല്‍ 180,000 ഡോളര്‍ വരെ (1.2-1.5 കോടി രൂപ വരെ) അടിസ്ഥാന ശമ്പളവും പ്രതിവര്‍ഷം 130,000 മുതല്‍ 180,000 ഡോളര്‍ മൂല്യമുള്ള ഇക്വിറ്റിയും പ്രതീക്ഷിക്കാം. ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പരിചയമുള്ള പ്രൊഫഷണലുകള്‍ക്ക് ശമ്പളം 2,40,000 ഡോളര്‍ (2.1 കോടി രൂപ) മുതല്‍ 2,70,000 ഡോളര്‍ (2.3 കോടി രൂപ) വരെയാണെന്നും അദ്ദേഹം പറയുന്നു.
advertisement
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ ദിവസവും സാന്‍ ഫ്രാന്‍സിസ്‌കോ ഓഫീസില്‍ നിന്ന് ജോലി ചെയ്യണം എന്നത് മാത്രമാണ് ഏക നിബന്ധന. സൗജന്യ ഭക്ഷണം, ഗതാഗതം, ആരോഗ്യ സംരക്ഷണം എന്നീ ആനുകൂല്യങ്ങളും സ്റ്റാര്‍ട്ടപ്പ് നല്‍കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 01, 2025 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മദ്യവും മയക്കുമരുന്നും ഉപയോഗിക്കരുത്'; ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത് 23-കാരന്‍