ഭാര്യയുടെ ഓർമയ്ക്കായി എവറസ്റ്റ് കീഴടക്കിയ അറുപതുകാരൻ: നോവായി ശരദ് - അഞ്ജലി പ്രണയകഥ
- Published by:Sarika KP
- news18-malayalam
Last Updated:
മഹാസൗധങ്ങൾ പണിതില്ലെങ്കിലും, മഹാപർവതങ്ങൾ കീഴക്കി ഭാര്യയുടെ ഓർമ സൂക്ഷിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ ശരദ് കുൽക്കർണി എന്ന അറുപതുകാരൻ.
ഭാര്യയുടെ ഓർമയ്ക്കായി താജ്മഹൽ എന്ന ലോകാത്ഭുതം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ഷാജഹാൻ്റെ പ്രണയകഥ കാലത്തെപ്പോലും അതിജീവിച്ച കഥയാണ്. പരസ്പര സ്‌നേഹത്തിൻ്റെ പ്രതീകമായി പ്രണയിതാക്കൾ അക്കഥ കണക്കാക്കുകയും ചെയ്യുന്നുണ്ട്. മഹാസൗധങ്ങൾ പണിതില്ലെങ്കിലും, മഹാപർവതങ്ങൾ കീഴക്കി ഭാര്യയുടെ ഓർമ സൂക്ഷിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ ശരദ് കുൽക്കർണി എന്ന അറുപതുകാരൻ.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ പർവതമായ എവറസ്റ്റ് കൊടുമുടിയാണ് അറുപതാം വയസ്സിൽ ശരദ് കീഴടക്കിയത്. അകാലത്തിൽ വിട്ടു പിരിഞ്ഞ തൻ്റെ ഭാര്യയുടെ ഓർമ നിലനിർത്താനുള്ള ശരദിൻ്റെ ശ്രമം കൂടെയായിരുന്നു അത്. ഭാര്യയുടെ മരണശേഷമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ഉദ്യമം ശരദ് ആരംഭിക്കുന്നത്. അറുപതാം വയസ്സിൽ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ പർവതാരോഹകൻ കൂടെയായി മാറിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
advertisement
ഏഴു കൊടുമുടികൾ ഒന്നിച്ചു കീഴടക്കാനുള്ള തീരുമാനം
മഹാരാഷ്ട്രയിലെ ബീട് സ്വദേശികളാണ് ശരദും ഭാര്യ അഞ്ജലിയും. പർവതാരോഹകരായ ഇരുവരും പിന്നീട് താനെയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികൾ ഒന്നിച്ച് കീഴടക്കണമെന്ന തീരുമാനം ശരദും അഞ്ജലിയും ചേർന്ന് എടുത്തിരുന്നു. കൂട്ടത്തിൽ ഏറ്റവും ഭീമാകാരമായ എവറസ്റ്റ് കൊടുമുടി തന്നെയാണ് ഇരുവരും ആദ്യം ലക്ഷ്യമാക്കിയതും. ഒന്നിച്ച് ഇറങ്ങിത്തിരിച്ചെങ്കിലും, ശരദിനും അഞ്ജലിക്കും ആ ആഗ്രഹം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കൊടുമുടി കയറ്റത്തിനിടെയുണ്ടായ ഒരു അപകടം ആ ലക്ഷ്യത്തെ കീഴ്‌മേൽ മറിച്ചുകളഞ്ഞു.
advertisement
എവറസ്റ്റ് കയറ്റത്തിനിടെ നോവായി അഞ്ജലി
2019ലാണ് ശരദും അഞ്ജലി എവറസ്റ്റ് കയറ്റത്തിനായി തിരിക്കുന്നത്. കൊടുമുടി കയറ്റത്തിനിടെ മേയ് 22ന് ഒരു അപൂർവ സാഹചര്യമുണ്ടായി. പർവതാരോഹകരുടെ എണ്ണം കൂടുതലായിരുന്നതിനാൽ ഹിലരി സ്‌റ്റെപ്പിനു സമീപത്തുള്ള ഇടുങ്ങിയ ഭാഗത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ ഭാഗത്ത് ഒരൊറ്റ റോപ് വേ മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലേക്കു പോകാനും താഴേക്കിറങ്ങാനും ഒരേ റോപ് വേ മാത്രം. സമയക്കുറവു കാരണം അവിടെ വലിയൊരു തള്ളിക്കയറ്റമുണ്ടായി. എത്രയും പെട്ടന്ന് താഴേക്കിറങ്ങാൻ എല്ലാ പർവതാരോഹകരും ഒന്നിച്ച് ശ്രമിച്ചതായിരുന്നു കാരണം. തുടർന്ന് ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാതെ കുഴഞ്ഞുവീണ അഞ്ജലി മരണത്തിനു കീഴടങ്ങി.
advertisement
ഭാര്യയ്ക്കായി എവറസ്റ്റ് കയറാനിറങ്ങിയ ശരദ്
അഞ്ജലിയുടെ മരണശേഷം, പ്രിയതമയുടെ തീരുമാനം നിറവേറ്റാൻ ശരദ് ഇറങ്ങിത്തിരിച്ചു. അറുപതാം വയസ്സിൽ എവറസ്റ്റ് കൊടുമുടി കയറ്റത്തിനായി വിശ്രമമില്ലാതെ പരിശീലിച്ചു. പരിശീലനത്തിനിടെ നാല് പർവതനിരകളിലെ വിവിധ കൊടുമുടികൾ ശരദ് കീഴക്കി. ഒടുവിൽ, തനിക്ക് ഭാര്യയെ നഷ്ടപ്പെട്ട എവറസ്റ്റിലേക്ക് ഒരിക്കൽക്കൂടി എത്താൻ ശരദ് തീരുമാനിച്ചു. 2023 മേയ് 23ന്, അഞ്ജലി വിട്ടുപിരിഞ്ഞ് നാല് വർഷങ്ങൾക്കു ശേഷം, അവർ ഒന്നിച്ചെടുത്ത ആ തീരുമാനം ശരദ് നടപ്പിലാക്കുക തന്നെ ചെയ്തു. അറുപതാം വയസ്സിൽ എവറസ്റ്റ് കൊടുമുടി കീഴടക്കി.
advertisement
അറുപതാം വയസ്സിൽ എവറസ്റ്റ് കയറിയ ഏക ഇന്ത്യക്കാരൻ
അറുപതാം വയസ്സിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏക ഇന്ത്യക്കാരനാണിപ്പോൾ ശരദ് കുൽക്കർണി. 2019നു മുൻപു തന്നെ ശരദ് ഒരിക്കൽ എവറസ്റ്റ് യാത്ര വിജയകരമായി പൂർത്തീകരിച്ചിരുന്നു എന്നതാണ് ആശ്ചര്യം. എന്നാൽ, കൊടുമുടിയുടെ ഏറ്റവുമുയരത്തിൽ എത്തിച്ചേർന്നെങ്കിലും, ചില കാരങ്ങളാൽ അദ്ദേഹത്തിന് രാജ്യത്തിന്റെ പതാക ഉയർത്താൻ കഴിഞ്ഞിരുന്നില്ല.
കണ്ണീരണിഞ്ഞ് കൊടുമുടിയിൽ
എവറസ്റ്റ് കീഴടക്കിയ നിമിഷം തനിക്ക് കരച്ചിലടക്കാനായില്ലെന്ന് വിശദീകരിക്കുകയാണ് ശരദ്. ‘മേയ് 23ന് രാവിലെ 10.23നാണ് എവറസ്റ്റ് കൊടുമുടിയുടെ സമ്മിറ്റിൽ കാലു കുത്തുന്നത്. ഞാൻ സന്തോഷത്തിൽ മതിമറന്നുപോയി. അഞ്ജലിയും ഞാനും ഒന്നിച്ചു കണ്ട സ്വപ്‌നമാണ് സഫലമായിരിക്കുന്നത്. എനിക്ക് കരച്ചിലടക്കാനായില്ല. ആനന്ദാശ്രുവായിരുന്നു അത്. എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ നിൽക്കാനാകുക എന്നത് വളരെ അപൂർവമായ, ഭാഗ്യാനുഭവമാണ്. ഈ അവസരം എന്നിലേക്കെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി.’ ശരദ് പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
June 01, 2023 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാര്യയുടെ ഓർമയ്ക്കായി എവറസ്റ്റ് കീഴടക്കിയ അറുപതുകാരൻ: നോവായി ശരദ് - അഞ്ജലി പ്രണയകഥ