2000ൽ ഷാരൂഖ് ഖാനും ഹോളിവുഡ് നടി ആഞ്ജലീന ജോളിയും ഒരുമിച്ച് വേദി പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. 2000-ലെ ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ രണ്ട് താരങ്ങളും ഒന്നിച്ചെത്തിയ ഫോട്ടോയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ഐഐഎഫ്എ അവാര്‍ഡ് ഫംഗ്ഷനായിരുന്നു ഇതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലണ്ടനിലെ മില്ലേനിയം ഡോമില്‍ നടന്ന ഫംങ്ഷന് അനുപം ഖേറും യുക്ത മുഖിയും ചേര്‍ന്നാണ് അവതരിപ്പിച്ചത്.’ഹം ദില്‍ ദേ ചുകേ സനം’എന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമാണ് ആ വര്‍ഷത്തെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.
ഷാരൂഖും ആഞ്ജലീനയും കൈകോര്‍ത്താണ് വേദിയിലേക്ക് എത്തിയത്. വേദിയിലെത്തിയ ഹോളിവുഡ് താരം പ്രേക്ഷകരോട് നമസ്തേ പറയുകയും ചെയ്തു. ചടങ്ങില്‍ ഷാരൂഖ് പ്രഖ്യാപിച്ച മികച്ച നടിക്കുള്ള അവാര്‍ഡ് ഐശ്വര്യയാണ് സ്വന്തമാക്കിയത്. നേരിട്ട് എത്താന്‍ സാധിക്കാത്തതിനാല്‍ ഐശ്വര്യക്ക് പകരം ബന്‍സാലിയാണ് അവാര്‍ഡ് സ്വീകരിച്ചത്.
അടുത്തിടെ നടന്ന സൗദി അറേബ്യയുടെ റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ 2022ൽ ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് ഷാരൂഖ് ഖാനെ ആദരിച്ചിരുന്നു. ചടങ്ങില്‍ ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍ ഷാരൂഖ് ഖാന് സമീപമാണ് ഇരുന്നത്. ഇതും ട്വിറ്ററില്‍ വൈറലായിരുന്നു.
അതേസമയം,ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഷാരൂഖ് ഖാന്റെ ഒരു സിനിമ റിലീസിനെത്തുന്നത്. ദീപിക പദുകോണ്‍, ഷാരൂഖ് ഖാന് എന്നിവര്‍ ഒന്നിക്കുന്ന പത്താന് സിനിമ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിനിമയിലെ ഒരു ഗാനരംഗമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
Also read-അൽ നാസറിന്റെ വിജയം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; പരിശീലന മുറിയിലിരുന്ന് കൈയടിക്കുന്ന വീഡിയോ വൈറൽ
ഇതിലെ കാവി ബിക്കിനി രംഗമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കഴിഞ്ഞ ദിവസം ഇതേ ഗാനരംഗത്തിലെ സ്വര്‍ണ്ണ സ്വിംസ്യൂട്ട് രംഗം എടുത്തുമാറ്റിയതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ദീപികയുടെ കാവി ബിക്കിനി മാത്രമല്ല, ഷാരൂഖ് ഖാന്റെ പച്ച ഷര്‍ട്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വിവിധ രാഷ്ട്രീയ മേഖലകളില്‍ നിന്നും ബേഷരം രംഗ് എന്ന ഗാനത്തിന് ഭീഷണിയുയര്‍ന്നിരുന്നു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി കാവി ബിക്കിനി രംഗം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇ-ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, പത്താനില്‍ ഉള്ളതുപോലെത്തന്നെ ഗാനം നിലനിര്‍ത്തും എന്നാണ് വിവരം.
‘പത്താന്’ സംഘം സിനിമയില്‍ നിന്നും ഗാനം നീക്കം ചെയ്യാനുള്ള ചൂടുപിടിച്ച ചര്‍ച്ചയിലാണെന്നും ചില റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു.’സിബിഎഫ്സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെയാണ് ‘പത്താന്’ കടന്നുപോയത്. ഗാനങ്ങള്‍ ഉള്‍പ്പെടെ സിനിമയില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റര്‍ റിലീസിന് മുമ്പായി സമര്‍പ്പിക്കാനും കമ്മിറ്റി നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്,’ എന്നാണ് സെന്‍സര്‍ ബോര്‍ഡ് മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.