സൗദി പ്രോ ലീഗിൽ വെള്ളിയാഴ്ച അൽ തേയ്‌ക്കെതിരെ അൽ നാസറർ 2-0ന് ജയിച്ചു. ഈ കളിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നില്ലെങ്കിലും പോർച്ചുഗൽ സൂപ്പർ താരം മിർസൂൾ പാർക്കിലെ പരിശീലന മുറിയിലിരുന്ന് അൽ നാസർ ക്ലബ്ബിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
റൊണാൾഡോ കളിയുടെ തുടക്കത്തിൽ ഗ്യാലറിയിൽ ഉണ്ടായിരുന്നു. ആരാധകരെ കൈവീശി കാണിച്ചും അൽപ്പസമയം കളി കണ്ടതിനും ശേഷം പിന്നീട്പരിശീലനത്തിൽ മുഴുകുകയായിരുന്നു.
നവംബറിൽ റൊണാൾഡോയുടെ ക്ലബ്ബായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനോട് തോറ്റതിനെ തുടർന്ന് കൗമാരക്കാരനായ ഒരു എവർട്ടൻ ആരാധകന്റെ കയ്യിൽ നിന്ന് റൊണാൾഡോ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി പൊട്ടിച്ചിരുന്നു. ഇതിനെ തുടർന്ന് റൊണാൾഡോയ്ക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ താരത്തിന് രണ്ട് മത്സരങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
Also read-പാൽ വിൽക്കാനെത്തുന്നത് ഹാര്ലി ഡേവിഡ്സണിൽ; യുവാവിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല് മീഡിയ
“റൊണാൾഡോ ഔദ്യോഗികമായി അൽനാസറിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് നിരോധനം ബാധകമാകുന്നത്,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അൽ നാസർ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
കളിക്കാരുടെ സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ (RSTP) സംബന്ധിച്ച ഫിഫയുടെ റെഗുലേഷൻസ് അനുസരിച്ച്, ഒരു കളിക്കാരന് അവരുടെ മുൻ അസോസിയേഷൻ നൽകിയിട്ടുള്ള നാല് മത്സരങ്ങൾക്ക് വരെയുള്ള വിലക്ക് പുതിയ അസോസിയേഷൻ നടപ്പിലാക്കണം.
എന്നാൽ സൗദി ക്ലബിൽ വിദേശ താരങ്ങൾക്കുള്ള ക്വാട്ട കവിഞ്ഞതിനാൽ അൽ നാസർ ഇതുവരെ റൊണാൾഡോയെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. അൽ നാസറിന്റെ ഒമ്പതാമത്തെ വിദേശ കളിക്കാരനാണ് റൊണാൾഡോ. എന്നാൽ റൊണാൾഡോയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച പൂർത്തിയാകുമെന്നാണ്ക്ലബുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ ക്ലബ്ബിൽ നിന്ന് ആരെ നീക്കം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ഉസ്‌ബെക്ക് മിഡ്‌ഫീൽഡർ ജലോലിദ്ദീൻ മഷാരിപോവ് ആയിക്കാം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവും ചാമ്പ്യൻസ് ലീഗ് റെക്കോർഡ് സ്‌കോററുമായ റൊണാൾഡോയ്ക്ക് വേണ്ടി വഴിമാറുന്നതെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി കരാറിലേര്‍പ്പെട്ടത്. റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ട അൽ നാസർ ക്ലബ് താരത്തിന് നൽകുന്നത് 1770 കോടി രൂപയാണ് (200 മില്യൺ ഡോളർ). പരസ്യവരുമാനം ഉൾപ്പടെയാണിത്.പുതിയ കരാർ അനുസരിച്ച് റൊണാൾഡോയ്ക്ക് ഒരു മാസം 16.67 മില്യന്‍ യൂറോ അഥവാ ഏകദേശം 147 കോടി രൂപയാണ് ലഭിക്കുന്നത്. ഇനി ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം അറിയണ്ടേ. 38.88 മില്യന്‍ യൂറോ അഥവാ 34 കോടി രൂപയാണ് കളിക്കാൻ ഇറങ്ങിയാലും ഇല്ലെങ്കിലും റൊണാൾഡോയ്ക്ക് ലഭിക്കുന്നത്.
എന്നാൽ കോടികള്‍ പ്രതിഫലം വാങ്ങി കരാര്‍ ഒപ്പിട്ട അല്‍ നസര്‍ ക്ലബ്ബിനായി ആദ്യ മത്സരം കളിയ്ക്കാന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.