ബസിനു പണം ഇല്ലാതെ കൈക്കുഞ്ഞായിരുന്ന മകനെയും കൊണ്ട് ലോറിയിൽ പ്രോഗ്രാമിനു പോയ കൊല്ലം സുധിയേക്കുറിച്ച് അസീസ് നെടുമങ്ങാട്

Last Updated:

''ലോറിയുടെ അകത്ത് ഇരിക്കാൻ സ്ഥമില്ലാത്തതിനാൽ മകനെ കിളിയുടെ കൈയിൽ കൊടുത്തു. സുധി അണ്ണനും ഞാനും പുറകിൽ അടുക്കിവെച്ചിരുന്ന ടയറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്താണ് എറണാകുളത്ത് എത്തിയത്. ആ കഷ്ടപ്പാടിന് ഫസ്റ്റ് കിട്ടി''

കൊല്ലം സുധി, അസീസ് നെടുമങ്ങാട്
കൊല്ലം സുധി, അസീസ് നെടുമങ്ങാട്
തൃശൂർ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം. തൃശൂർ കയ്പമംഗലത്ത് പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹപ്രവർത്തകരായ നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും മഹേഷിനും അപകടത്തിൽ പരിക്കേറ്റു.
ഏറെ കഷ്ടതകളിലൂടെ വളർന്ന കൊല്ലം സുധിയുടെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ചാനൽ പരിപാടിയിൽ നടനും ഹാസ്യകലാകാരനുമായ അസീസ് നെടമുങ്ങാട് കൊല്ലം സുധിയുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെക്കുന്നതാണ് വീഡിയോയിൽ. ആ വാക്കുകൾ കേട്ട് കൊല്ലം സുധി കണ്ണീർ വാർക്കുന്നതും വീഡിയോയിൽ കാണാം.
വർഷങ്ങളായി ഏറെ കഷ്ടപ്പെട്ടുവന്ന ആർട്ടിസ്റ്റാണ് താനെന്ന് കൊല്ലം സുധി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അസീസ് നെടുമങ്ങാട് പഴയ അനുഭവം വിവരിച്ചത്. മിന്നും താരം എന്ന ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു ഇരുവരും. കൈയിൽ ബസ് കൂലിക്ക് പൈസയില്ല. കൈക്കുഞ്ഞായ മകനും സുധിക്കൊപ്പമുണ്ടായിരുന്നു. തമ്പാനൂരിൽ പൈസയില്ലാതെ നിൽക്കുന്ന സമയത്ത് എറണാകുളത്തേക്ക് പഴയ ടയർ കൊണ്ടപോകുന്ന ലോറിയിൽ കയറിപറ്റി. ”അകത്ത് ഇരിക്കാൻ സ്ഥമില്ലാത്തതിനാൽ മകനെ കിളിയുടെ കൈയിൽ കൊടുത്തു. ഞാനും സുധി അണ്ണനും പുറകിൽ അടുക്കിവെച്ചിരുന്ന ടയറിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്താണ് എറണാകുളത്ത് എത്തിയത്. ആ കഷ്ടപ്പാടിന് ഫസ്റ്റ് കിട്ടി”- അസീസ് നെടുമങ്ങാട് പറയുന്നു.
advertisement
”മോനും ചേട്ടനും മാത്രമുള്ള സമയം. സുധി ചേട്ടൻ സ്റ്റേജിൽ കയറുമ്പോൾ പുറകിൽ മകനെ എന്നെയാണ് നോക്കാൻ ഏൽപ്പിക്കുക. പിന്നീട് മകൻ വളർന്നപ്പോള്‍, രണ്ട് പ്രോഗ്രാം ഉള്ള സമയത്തും രാത്രി ഒരു മണിക്കും രണ്ടുമണിക്കും കർട്ടൻ പിടിക്കാൻ മകൻ ഉണ്ടാകും”- അസീസ് പറയുമ്പോൾ കണ്ണീർ വാർക്കുന്ന കൊല്ലം സുധിയെയും വീഡിയോയിൽ കാണാം.
advertisement
പല ഹാസ്യകലാകാരന്മാരുടെ ജീവിതത്തിന് സമാനമായ ജീവിത കഥയായിരുന്നു കൊല്ലം സുധിയുടേതും. ഏറെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് എത്തിയത്. 16-17 വയസ്സില്‍ തുടങ്ങിയതാണ് സുധിയുടെ കലാജീവിതം. തുടക്കം പാട്ടിലൂടെയായിരുന്നു. പിന്നീട് മിമിക്രിയിലേക്ക് വഴിമാറി. നിരവധി ട്രൂപ്പുകളിലായി കേരളത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ചു.
സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ പലപ്പോഴായി താരം തുറന്നുപറഞ്ഞിരുന്നു. ആദ്യ ഭാര്യ പിണങ്ങിപ്പോയത് മുതല്‍ കൊറോണ സമയത്ത് നേരിട്ട വിവാദങ്ങളില്‍ വരെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് കൊല്ലം സുധി മറച്ച് വെക്കാതെ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ഒരു ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നാണ് ആദ്യ വിവാഹത്തിലെ തകർച്ചയെ കുറിച്ച് സുധി കൊല്ലം വ്യക്തമാക്കിയത്. പ്രണയ വിവാഹമായിരുന്നു അത്. ഒരു കുഞ്ഞും പിറന്നു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല.
advertisement
‘ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്.’ – എന്നായിരുന്നു സുധി ആദ്യ ഭാര്യയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. പിന്നീട് താനും മകനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ച് പിടിച്ചതെന്നും താരം അഭിപ്രായപ്പെടുന്നു. അതിനു ശേഷം ആദ്യ ഭാര്യ ജീവനൊടുക്കിയിരുന്നു.
advertisement
”ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നും ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ചേർത്തു പിടിച്ചുകൊണ്ട് സുധി അന്ന് പറഞ്ഞു. രേണുവിന് മൂത്തമകന്‍ രാഹുലിനെ ജീവനാണ്. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകന്‍ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ എന്റെ മകന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.”- വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ കൊല്ലം സുധി പറഞ്ഞു.
advertisement
കൊറോണ സമയത്താണ് സുധിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ചിലർ രംഗത്ത് വരുന്നത്. സുധി നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയെന്നും എന്നാല്‍ പറഞ്ഞ സമയത്ത് തിരികെ കൊടുത്തില്ലെന്നുമായിരുന്നു ആരോപണം. കൊറോണ സമയത്ത് കുറേപ്പർ സഹായിച്ചിട്ടുണ്ട്. വർക്ക് ഇല്ലാത്തതിനാലാണ് അതൊക്കെ തിരികെ കൊടുക്കാന്‍ വൈകിയത്. പരിപാടികള്‍ വരുന്നതോടെ എല്ലാ പൈസയും കൊടുത്തു തീർക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
സ്വന്തമായി ഒരു വീട് എന്ന വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി മടങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബസിനു പണം ഇല്ലാതെ കൈക്കുഞ്ഞായിരുന്ന മകനെയും കൊണ്ട് ലോറിയിൽ പ്രോഗ്രാമിനു പോയ കൊല്ലം സുധിയേക്കുറിച്ച് അസീസ് നെടുമങ്ങാട്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement