ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഇന്നും ജാതീയതയും ജാതി മേൽക്കോയ്മയുമൊക്കെ നിലനിൽക്കുന്നുണ്ട്. ചിലപ്പോൾ പല ചിഹ്നങ്ങളും അടയാളങ്ങളുമൊക്കെയായി ചിലർ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു ‘ബ്രാഹ്മിൺ ബിസ്ക്കറ്റ്’ (Brahmin Cookies) ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബെംഗളൂരുവിലുള്ള ഒരു ബേക്കിങ്ങ് ഷോപ്പ് ആണ് ഈ ബിസ്ക്കറ്റ് നിർമിച്ചത്. ഒരു ഉപനയന ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത ബിസ്ക്കറ്റ് ആണിത്.
പൂണൂൽ ധരിച്ച ഒരു ബ്രാഹ്മണരൂപമാണ് ബിസ്ക്കറ്റിന്റെ മുകളിൽ കാണുന്നത്. ഇതിനെച്ചുറ്റിപ്പറ്റി ട്വിറ്ററിൽ ചർച്ചകളും ചൂടുപിടിക്കുകയാണ്. ഒരു സ്വകാര്യ വ്യക്തിക്കു വേണ്ടി ഉണ്ടാക്കിയതാണെങ്കിലും ഇത്തരം സൃഷ്ടികൾ ഉണ്ടാക്കുന്നതും അത് പരസ്യപ്പെടുത്തുന്നതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
Anyone up for freshly-baked Brahmin cookies? pic.twitter.com/3c8mudDcPc
— ah, see… (@chippdnailss) January 27, 2023
ബിസ്ക്കറ്റ് ഉണ്ടാക്കിയ ഫ്രെഡീസ് ബേക്കിങ്ങ് സ്റ്റുഡിയോ തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ആദ്യമായാണ് ഒരു ഉപനയന ചടങ്ങിന് തങ്ങൾ ഇത്തരത്തിൽ മധുരം ഉണ്ടാക്കുന്നതെന്നും അവരുടെ ആചാരങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫ്രെഡീസ് ബേക്കിങ്ങ് സ്റ്റുഡിയോ കുറിച്ചിരുന്നു. പിന്നാലെ പലരും ഈ ബിസ്ക്കറ്റിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയും വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.
“ജാതി വ്യവസ്ഥയെ ഒരു ലജ്ജയും കൂടാതെ സംരക്ഷിക്കാൻ ഇവർ പുതിയ വഴികൾ കണ്ടെത്തുന്നു”, എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. ”അവർക്ക് ഇപ്പോൾ സ്വന്തമായി കച്ചവടമുണ്ടോ?” എന്ന് ചോദിച്ചാണ് മറ്റൊരാൾ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ”കച്ചവട മാർഗങ്ങളിലൂടെ ബ്രാഹ്മണർ അവർക്ക് പ്രചാരം നൽകുന്നു”, എന്ന് മറ്റൊരാൾ കുറിച്ചു.
They have their own merchandise now???💀💀💀 https://t.co/JVjz5F1C5Z
— Ash-ess (@Ashenfacedgal) January 28, 2023
‘ബ്രാഹ്മിൺ’ എന്ന ബോർഡ് വെച്ച് പ്രവർത്തിക്കുന്ന ബെംഗളുരുവിലെ റസ്റ്റോറന്റുകളുടെയും കഫേകളുടെയും ചിത്രങ്ങൾ പീലി രാജ എന്നയാൾ മുൻപ് ട്വിറ്ററിൽ പങ്കു വെച്ചിരുന്നു. തുടർന്ന് ഇതേക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയിലും ഇവരുടെ ഭക്ഷണം ലഭ്യമാണെന്നും പീലി പറഞ്ഞിരുന്നു. ട്വീറ്റിനു താഴെ പലരും ജാതീയതയുടെ പേരിൽ കുട്ടിക്കാലം മുതൽ തങ്ങൾ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളും പങ്കു വെച്ചിരുന്നു.
In Isabel Wilkerson’s words “Evil asks little of the dominant caste other than to sit back and do nothing.”
Dominant caste finds innovative ways to shamelessly preserve the Caste system. https://t.co/8PMWXWZNGa
— @UrbanShrink (@UrbanShrink) January 28, 2023
”ബ്രാഹ്മിൺ വിഭവങ്ങൾ എന്നൊന്നില്ല. മത്സ്യവും മാംസവും ഉൾപ്പെടെ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുന്ന ബ്രാഹ്മണർ ഉണ്ട്. ‘ബ്രാഹ്മിൺ’ എന്ന പേരിൽ നിങ്ങളുടെ ഭക്ഷണം മാർക്കറ്റ് ചെയ്യേണ്ടതില്ല. നിങ്ങളുടെ ഹോട്ടലിനെ ‘ബ്രാഹ്മിൺ’ എന്ന് വിളിക്കുമ്പോൾ, അത് ജാതീയതയെ പ്രഘോഷിക്കുകയാണ് എന്നു മാത്രമേ പറയാനാകൂ”, എന്നും പോസ്റ്റിനു താഴെ ഒരാൾ കുറിച്ചിരുന്നു. ബ്രാഹ്മിൻസ് തട്ട് ഇഡ്‌ലി, ബ്രാഹ്മിൻസ് എക്‌സ്പ്രസ്, അമ്മാസ് ബ്രാഹ്മിൺ കഫേ, ബ്രാഹ്മിൺ ടിഫിൻസ് & കോഫി തുടങ്ങിയ ഹോട്ടലുകളുടെ ചിത്രങ്ങളാണ് പീലി രാജ പങ്കുവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.