'സ്ലിപ്പർ ഇട്ട ഞങ്ങളെ ബംഗളൂരുവിലെ റസ്റ്റോറന്റിൽ കയറ്റിയില്ല;' സംരംഭകൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഷൂവിന് പകരം സ്ലിപ്പർ ചെരുപ്പ് ധരിച്ചെത്തിയതിന് ഫ്രിഡോ സ്ഥാപകൻ ഗണേഷ് സോനവാനെയും ഏഥർ എനർജിയുടെ സഹസ്ഥാപകൻ സ്വപ്‌നിൽ ജെയ്‌നിനുമാണ് പ്രവേശനം നിഷേധിച്ചത്
മുണ്ട് ധരിച്ചതിനെത്തുടർന്ന് കർഷകന് മാളിൽ പ്രവേശനം നിഷേധിച്ച സംഭവം ആണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ഇതിന് പിന്നാലെ ഇത്തരത്തിൽ തനിക്കുണ്ടായ മറ്റൊരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രിഡോ സ്ഥാപകനും സിഇഒയുമായ ഗണേഷ് സോനവാനെ. ഷൂവിന് പകരം സ്ലിപ്പർ ചെരുപ്പ് ധരിച്ചെത്തിയതിനെ തുടർന്ന് ബംഗളുരു നഗരത്തിലെ ഒരു റസ്റ്റോറന്റ് തനിക്കും ഏഥർ എനർജിയുടെ സഹസ്ഥാപകൻ സ്വപ്‌നിൽ ജെയ്‌നും പ്രവേശനം നിഷേധിച്ച സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എക്‌സിൽ ആണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
"ഞാനും ഏഥർ സഹസ്ഥാപകനുമായ സ്വപ്‌നിലും ഒരിക്കൽ ബംഗളൂരുവിലെ ഒരു റെസ്റ്റോറൻ്റിൽ പോയി. അന്ന് ഞങ്ങൾ ഷൂവിന് പകരം സ്ലിപ്പർ ധരിച്ചതിൻ്റെ പേരിൽ പ്രവേശനം നിഷേധിച്ചിരുന്നു," കർഷകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോനവാനെ എക്‌സിൽ കുറിച്ചു. എന്നാൽ ഇത് എപ്പോഴാണ് നടന്നതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ തങ്ങൾ നേരിട്ടതിൽ നിന്ന് വ്യത്യസ്തമായി, പ്രായമായ ഒരു കർഷകൻ ഇത്തരം അപമാനം നേരിട്ടത് തികച്ചും വിവേചനപരമാണെന്ന് മറ്റൊരു പോസ്റ്റിൽ സോനവാനെ ചൂണ്ടിക്കാട്ടി.
True story: Swapnil, Ather Cofounder and I had once gone to a restaurant in Bengaluru and denied entry because of wearing slippers instead of shoes 👞 https://t.co/1abpg8NBsh
— Ganesh Sonawane (@ganeshunwired) July 17, 2024
advertisement
ബെംഗളൂരുവിലെ ജിടി മാളിൽ മകനൊപ്പം സിനിമ കാണാനെത്തിയ 70 കാരനായ വയോധികനാണ് മുണ്ട് ധരിച്ചതിന്റെ പേരിൽ മാളിലേക്ക് പ്രവേശനം നിഷേധിച്ചത്. ജൂലൈ 16 നായിരുന്നു സംഭവം. പാന്റ് ധരിക്കാത്തതിനാൽ കർഷകനായ ഫക്കീരപ്പയെ മാളിലേക്ക് കടത്തിവിടില്ലെന്ന് മാൾ ജീവനക്കാർ പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ അടക്കം വൈറലായതോടെ വലിയ പ്രതിഷേധങ്ങൾക്കും ഇത് വഴിവെച്ചു. കന്നഡസംഘടനകളുടെയും കർഷകരും ചേർന്ന് മാളിനു മുന്നിൽ മുണ്ട് ധരിച്ച് പ്രതിഷേധ പ്രകടനവും നടത്തി.
advertisement
സംഭവം വലിയ വിവാദമായതോടെ, മാള്‍ അധികൃതർ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിക്കുകയും ചെയ്തിരുന്നു. പ്രവേശനം നിക്ഷേധിച്ച സുരക്ഷാ ജീവനക്കാരനും അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. ഇതിന് പിന്നാലെ കർണാടക സർക്കാർ മാളിനെതിരെ നടപടിയെടുക്കുകയുണ്ടായി. വിഷയം നിയമസഭയിലടക്കം ചർച്ചയായതോടെ മാള്‍ 1.78 കോടി രൂപ നികുതി നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും തുടർന്ന് അധികൃതർ അടച്ചുപൂട്ടുകയുമായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 19, 2024 2:55 PM IST