തിരുവനന്തപുരം:
ഐപിഎൽ പുതിയ സീസണിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ്
സന്ദീപ് ജി വാര്യരും. ഗൂഗിളിൽ kkr squad 2020 എന്ന് തിരയുമ്പോഴാണ് മറ്റ് താരങ്ങൾക്കൊപ്പം സന്ദീപ് ജി വാര്യരുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. ബൗളർ എന്ന് ചിത്രത്തിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. മോർഗൻ, ആന്ദ്രെ റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ബി.ജെ.പി നേതാവും ടീമിൽ ഇടം നേടിയിരിക്കുന്നത്.
ഗൂഗിളിന് അബദ്ധം പറ്റിയതാണ് ഇത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ മലയാളി താരം സന്ദീപ് വാര്യരുടെ ചിത്രത്തിനു പകരം ആളുമാറി ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ചിത്രം ഇടംപിടിച്ചതായിരുന്നു. രണ്ടു പേരുടെയും പേരുകള്‍ ഇംഗ്ലീഷിൽ എഴുതുമ്പോൾ സ്പെല്ലിംഗ് വ്യാത്യാസമുണ്ട്. ഏതായാലും സംഭവത്തെ ട്രോളി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തി.
രസകരമായ ട്രോളുകളിലൊന്ന് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സെൽഫ് ട്രോൾ എന്ന ഹാഷ് ടാഗോട് കൂടിയാണ് അദ്ദേഹം ട്രോൾ പങ്കുവെച്ചത്. രസകരമായ നിരവധി കമന്‍റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് മാറ്റിയ ഐ.പി.എൽ 13-ാം സീസണിനായി ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലായി ദുബായിലെത്തിയിരുന്നു. നിലവിൽ ക്വാറന്റീനിലാണ് താരങ്ങൾ.
കേരള രഞ്ജിടീം താരമായിരുന്ന സന്ദീപ് പിന്നീട് തമിഴ്നാട് ടീമിലേക്ക് പോയി. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.