നടൻ അജു വർഗീസിന്റെ റമ്മി കളി പരസ്യത്തിൽ ബി.ജെ.പി. വക്താവ് സന്ദീപ് ജി.വാര്യർ നടത്തിയ ഫേസ്ബുക് പരസ്യ വിമർശനം ശ്രദ്ധ നേടിയിരുന്നു. രണ്ടു ദിവസം മുൻപാണ് റമ്മി സർക്കിളിൽ ഗെയിം കളിക്കുന്നതിന്റെ പരസ്യം അജു വർഗീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. ചക്ക ചാക്കോ എന്നായിരുന്നു അജുവിന്റെ കഥാപാത്രത്തിന്റെ പേര്.
ഈ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ടുമായാണ് സന്ദീപ് വാര്യർ വരുന്നത്.
"ഭാര്യയും നാലു കുട്ടികളും ഉള്ള , ടാക്സ് അടയ്ക്കാൻ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട." എന്നാണ് പോസ്റ്റിന്റെ ക്യാപ്‌ഷൻ. പെട്ടെന്നുണ്ടായ പ്രകോപനമാണോ സന്ദീപ് വാര്യരുടെ പോസ്റ്റിന് പിന്നിലെന്ന് ചോദിച്ചാൽ, അതിന് അജുവിന്റെ തന്നെ മറ്റൊരു പോസ്റ്റ് പരിശോധിക്കേണ്ടതായി വരും.
പടക്കം നിറച്ച ഫലവർഗ്ഗം കഴിച്ച് ആന ചരിഞ്ഞ സംഭവത്തിൽ സന്ദീപ് വാര്യരുടെ മലപ്പുറം ഹാഷ്ടാഗ് പ്രതികരണം അജു വിമർശിച്ചിരുന്നു. സന്ദീപ് വാര്യരുടെ വാർത്താ ശകലം ഉൾപ്പെടുത്തിയ വീഡിയോക്കൊപ്പമാണ് അജു പ്രതികരിച്ചത്.
"ഫ്രഷ്... ഫ്രഷ്
എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ... രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം...
പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ...മരണം വരെ വർഗീയത നടക്കില്ല... എനിക്ക് രാഷ്‌ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ...മണ്ടൻ മാത്രം
മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം". ഇതായിരുന്നു അജുവിന്റെ പോസ്റ്റ്.
സന്ദീപ് വാര്യരുടെ പുതിയ പോസ്റ്റിനിതുവരെയും അജുവിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.