രണ്ടാം വിവാഹം നടക്കാൻ ആദ്യ വിവാഹത്തിലെ കിടക്ക കത്തിക്കൽ; കാമുകനില്‍ നിന്ന് യുവതി തട്ടിയത് 11 ലക്ഷം രൂപ
- Published by:Vishnupriya S
- news18-malayalam
Last Updated:
തന്റെ രണ്ടാം വിവാഹം നടക്കണമെങ്കിൽ ആദ്യ വിവാഹത്തിലെ കിടക്ക കത്തിക്കുന്ന ഒരു ചടങ്ങ് നടത്തണമെന്ന് യുവതി യുവാവിനോട് പറഞ്ഞു
വിചിത്രമായ ആചാരത്തിന്റെ പേരിൽ കാമുകനിൽ നിന്ന് യുവതി തട്ടിയെടുത്തത് 11 ലക്ഷം രൂപ. ചൈനയിലാണ് സംഭവം നടന്നത്. വാങ് എന്ന യുവാവാണ് തട്ടിപ്പിനിരയായത്. വാങ് ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴിയാണ് ലീ എന്ന യുവതിയെ പരിചയപ്പെടുന്നത്. ആദ്യം സൗഹൃദത്തിൽ ആയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ലീ വളരെ സമ്പന്നയും ഒരു ബിസിനസ് ഉടമയും ആണെന്നാണ് വാങിനെ പറഞ്ഞുധരിപ്പിച്ചിരുന്നത്.
അവർക്ക് സ്വന്തമായി ഒരു വീടും ജ്വല്ലറി ഷോപ്പും ഉൾപ്പെടെ നിരവധി സ്വത്തുക്കള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. ഇതെല്ലാം വിശ്വസിച്ചാണ് വാങ് യുവതിയുമായി പ്രണയത്തിലായത്. എന്നാൽ തന്റെ രണ്ടാം വിവാഹം നടക്കണമെങ്കിൽ ആദ്യ വിവാഹത്തിലെ കിടക്ക കത്തിക്കുന്ന ഒരു ചടങ്ങ് നടത്തണമെന്ന് യുവതി വാങിനോട് പറഞ്ഞു. ഇങ്ങനെ ചെയ്താൽ മാത്രമേ തന്റെ മരിച്ചുപോയ ഭർത്താവുമായുള്ള ബന്ധത്തിൽ നിന്ന് മോചനം ലഭിക്കൂവെന്നും അദ്ദേഹത്തിന്റെ ആത്മാവ് തങ്ങളുടെ വിവാഹത്തെ അനുഗ്രഹിക്കുമെന്നും അവർ വാങിനോട് പറഞ്ഞു.
തുടർന്ന് ചടങ്ങ് നടത്തുന്നതിനായി ഒരു വലിയ തുക ചിലവാകും എന്ന് പറഞ്ഞ ലീ വാങിനോട് ഒരു ലക്ഷം യുവാൻ (ഏകദേശം 11 ലക്ഷം രൂപ) നൽകാനും ആവശ്യപ്പെട്ടു. പണം അയച്ചു നൽകിയാൽ മതി എന്നും ചടങ്ങിൽ പങ്കെടുത്താൽ അത് വാങിനെ ദോഷകരമായി ബാധിക്കുമെന്നും ലീ പറഞ്ഞു. അങ്ങനെ പണം വാങ്ങിയതിനു ശേഷം ചടങ്ങിന്റേതെന്ന് തോന്നിക്കുന്ന ചില വീഡിയോകളും ഫോട്ടോകളും ലീ യുവാവിന് അയച്ചുകൊടുത്തു.
advertisement
വാങ്ങിയ പണം ഈ ചടങ്ങ് നടത്താനായി ഉപയോഗിച്ചു എന്ന് വാങിനെ വിശ്വസിപ്പിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. അധികം താമസിയാതെ ലീ വാങിനെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ബ്ലോക്ക് ചെയ്തു. യുവാവിനോട് സംസാരിക്കുന്നതും ലീ അവസാനിപ്പിച്ചു. അപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് വാങ് തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ അദ്ദേഹം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ലീയുടെ ആദ്യത്തെ ഇരയല്ല വാങ് എന്നും ഇത്തരത്തിൽ നിരവധി ആളുകളെ ലീ കബളിപ്പിച്ചിട്ടുണ്ട് എന്നും കണ്ടെത്തി. സമാനമായ രീതിയിൽ മറ്റൊരാളിൽ നിന്ന് 30,000 യുവാൻ (ഏകദേശം 3.5 ലക്ഷം രൂപ) യുവതി തട്ടിയെടുത്തിരുന്നു. വഞ്ചനാകുറ്റം ചുമത്തി അറസ്റ്റിലായ ലീയ്ക്ക് 42 മാസം തടവ് ശിക്ഷയും കോടതി വിധിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 11, 2024 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടാം വിവാഹം നടക്കാൻ ആദ്യ വിവാഹത്തിലെ കിടക്ക കത്തിക്കൽ; കാമുകനില്‍ നിന്ന് യുവതി തട്ടിയത് 11 ലക്ഷം രൂപ