രാജ്യത്തെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ലളിതമായ ജീവിതം നയിക്കുന്ന രണ്ട് വ്യക്തികളാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും അദ്ദേഹത്തിന്റെ ഭാര്യ സുധാ മൂര്‍ത്തിയും. ലളിത ജീവിതം മാത്രമല്ല നിരവധി ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരെ സൃഷ്ടിച്ചവരാണ് ഇരുവരും. തങ്ങളുടെ പഴയ മാരുതി ആള്‍ട്ടോയില്‍ ബംഗളുരു നഗരത്തിലൂടെ ഇരുവരും സഞ്ചരിക്കുന്നതും സാധാരണക്കാര്‍ക്കൊപ്പം ഇക്കണോമി ക്ലാസിൽ വിമാനയാത്ര ചെയ്യുന്നതും ഇരുവരുടേയും ലാളിത്യം വിളിച്ചോതുന്നതാണ്. അത്തരത്തില്‍ നടന്ന ഒരു വിമാനയാത്രാ അനുഭവമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
സെയില്‍സ്വാ സിആര്‍എം സിഇഒയായ അനിന്ദ്യ ചാറ്റര്‍ജിയാണ് നാരായണ മൂര്‍ത്തിയോടൊപ്പമുള്ള യാത്രാനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. 2000ല്‍ സിംഗപ്പൂരില്‍ നിന്ന് ഹോങ്കോംഗിലേക്കുള്ള യാത്രയില്‍ നാരായണ മൂര്‍ത്തിയോടൊപ്പം
തനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
വിമാനത്തിലെ ബിസിനസ് ക്ലാസ്സിലാണ് ഇരുവരും യാത്ര ചെയ്തത്. ഇന്‍ഫോസിസ് സ്ഥാപകനാണ് താന്‍ എന്ന ഒരു ഭാവവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായിരുന്നില്ല. അതിനിടെ ജാക്കറ്റ് ഒന്ന് മാറ്റാന്‍ അദ്ദേഹം വിമാനത്തിലെ ജീവനക്കാരിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആളറിയാതെ വളരെ പരുഷമായിട്ടാണ് ആ ജീവനക്കാരി അദ്ദേഹത്തോട് പെരുമാറിയതെന്നും അനിന്ദ്യ ചാറ്റര്‍ജി ഓര്‍ത്തെടുത്തു.
“ഞാനും നാരായണ മൂര്‍ത്തിയും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലായിരുന്നു. ബിസിനസ്സ് ക്ലാസ്സിലായിരുന്നു ഇരുന്നത്. എയര്‍ ഹോസ്റ്റസിന് അദ്ദേഹത്തെ മനസ്സിലായില്ല. തന്റെ ജാക്കറ്റ് മാറ്റിവെയ്ക്കാന്‍ അദ്ദേഹം എയര്‍ ഹോസ്റ്റസിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ വളരെ പരുഷമായാണ് അദ്ദേഹത്തോട് സംസാരിച്ചത്,” അനിന്ദ്യ പറഞ്ഞു.
അതേസമയം മറ്റൊരു ട്വിറ്റര്‍ ഉപയോക്താവും നാരായണ മൂര്‍ത്തിയോടൊപ്പമുള്ള യാത്രാനുഭവം ട്വീറ്റ് ചെയ്തിരുന്നു. 1990-2000 കാലത്ത് നാരായണ മൂര്‍ത്തി വിമാനത്തിലെ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്തപ്പോഴുള്ള അനുഭവമാണ് ഇവർ ട്വിറ്ററിൽ പങ്കുവച്ചത്. പൂനെയിൽ നിന്ന് ബംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു ഇതെന്നും വളരെ സാധാരണക്കാരനായ ഒരു അങ്കിൾ! എന്നുമാണ് ഉപയോക്താവ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്
അതേസമയം നാരായണ മൂര്‍ത്തിയുടെ ഭാര്യയായ സുധാ മൂര്‍ത്തി ഈയടുത്ത് നടത്തിയ വെളിപ്പെടുത്തലും ഏറെ ചര്‍ച്ചയായിരുന്നു. ‘ദി കപില്‍ ശര്‍മ്മ ഷോയി’ലായിരുന്നു സുധാ മൂര്‍ത്തി മനസ്സ് തുറന്നത്.
എഴുത്തുകാരി, ജീവകാരുണ്യപ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ വ്യക്തിയാണ് സുധാ മൂര്‍ത്തി. എന്നാല്‍ താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അമ്മായിയമ്മയാണ് എന്ന കാര്യം പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാണ് സുധാ മൂര്‍ത്തി ഷോയിൽ പറഞ്ഞത്. അതിന് ഉദാഹരണമായി തനിക്ക് അടുത്തിടെയുണ്ടായ ഒരു അനുഭവവും അവര്‍ പങ്കുവെച്ചിരുന്നു.
ഒരിക്കല്‍ ഞാന്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍ ലണ്ടനില്‍ എവിടെയാണ് താമസിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. എന്റെ സഹോദരിയും എന്നോടൊപ്പമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ പെട്ടെന്ന് 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന് മേല്‍വിലാസം എഴുതി. എന്റെ മകനും യുകെയിലാണ് താമസിക്കുന്നത്. എന്നാല്‍ മകന്റെ മേല്‍വിലാസം പെട്ടെന്ന് ഓര്‍മ്മ വന്നില്ല. അതുകൊണ്ടാണ് 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന് എഴുതിയത്. എന്നാല്‍ ഇതു കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വളരെ ആശ്ചര്യത്തോടെയാണ് തന്നെ നോക്കിയതെന്ന് സുധാ മൂര്‍ത്തി പറഞ്ഞു. നിങ്ങളെന്താ തമാശ പറയുകയാണോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. എന്നാല്‍ താന്‍ എഴുതിയത് സത്യമാണ് എന്ന് സുധ മൂര്‍ത്തി ഉദ്യോഗസ്ഥനോട് ആവര്‍ത്തിച്ച് പറഞ്ഞു.
“എന്നെ പോലെ ലളിതമായ ജീവിത ശൈലിയുള്ള സ്ത്രീയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മ ആകാന്‍ കഴിയില്ലെന്നാണ് ധാരണ,” എന്നും സുധ മൂര്‍ത്തി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.