ഒളിമ്പിക്സ് ചരിത്രത്തില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും 2020 ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനുമാണ് നീരജ് ചോപ്ര. അദ്ദേഹത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിച്ചു കൊണ്ട്, കേന്ദ്ര ഗവണ്മെന്റും സംസ്ഥാന സര്‍ക്കാരുകളും ഈ ഒളിമ്പ്യന്‍ നിരവധി ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. അത്ലറ്റിക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടും ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മെഡലിനായുള്ള ഇന്ത്യയുടെ 100 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടുമാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തിലെ കര്‍ഷകന്റെ മകനായ ഈ 23-കാരന് ജാവലിന്‍ ത്രോ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.
ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉള്‍പ്പെടാന്‍ കഴിയാതെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നതില്‍ ജര്‍മനിയിലെ ജൊഹാനസ് വെറ്റര്‍ പരാജയപ്പെട്ടതോടെ ഏവരും പ്രതീക്ഷയോടെ കാത്തിരുന്നത് ഈ 23കാരനിലാണ്. 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് നീരജ് ഫൈനലിലേക്ക് യോഗ്യത നേടുകയും ഗ്രൂപ്പ് എയില്‍ ഒന്നാമന് ആവുകയും ചെയ്തു. നീരജ് ചോപ്ര ഒളിമ്പിക്സില്‍ ഇതാദ്യമായാണ് പങ്കെടുക്കുന്നത്. പക്ഷേ ഒളിമ്പിക് ബെര്‍ത്ത് നേടാനുള്ള അദ്ദേഹത്തിന്റെ യാത്ര അത്രയേറെ എളുപ്പമായിരുന്നില്ല. ചില പരിക്കുകളും തിരിച്ചടികളുമൊക്കെ അദ്ദേഹത്തിന്റെ ലക്ഷ്യത്തെ എന്നും തടസ്സപ്പെടുത്തിയിരുന്നു.
ഇത്രയേറെ കഷ്ടപ്പാടിലൂടെ കടന്നുവന്ന ഈ സ്വര്‍ണ്ണമെഡല്‍ ജേതാവ് മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനം അത്ര ചില്ലറയൊന്നുമല്ല. നീരജ് ചോപ്ര എന്ന പേരിലുള്ള ആര്‍ക്കും സൗജന്യ ഭക്ഷണം നല്കി ശ്രദ്ധേയമായിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ഭക്ഷണശാല. ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സീതാറാം ദിവാന് ചന്ദ് എന്ന ഭക്ഷണശാലയുടെ ഉടമയാണ് ചോപ്രയുടെ വിജയം ആഘോഷിക്കുന്നതിനായി 'നീരജ്' എന്ന പേരിലുള്ള ആര്‍ക്കും സൗജന്യ ചോലെ ബട്ടൂര വാഗ്ദാനം ചെയ്തത്.
ഡല്‍ഹി പഹര്‍ഗഞ്ചിലെ സീത റാം ദിവാന് ചന്ദ് വര്‍ഷങ്ങളായി ദേശീയ തലസ്ഥാനത്തെ ഏറ്റവും മികച്ച ചോലെ ബട്ടൂരയ്ക്ക് പേരുകേട്ട ഭക്ഷണശാലയാണ്. കൂടാതെ ഡല്‍ഹിക്കാരായ ഭക്ഷണപ്രിയരുടെ ഒരു സംഗമസ്ഥാനം കൂടിയാണ് സീത റാം ദിവാന്. 1970കളിലാണ് സീത റാം ദിവാന് ചന്ദ് സ്ഥാപിതമായത്.
ചോലെ ബട്ടൂര ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവം ആണെങ്കിലും, നീരജിനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ അദ്ദേഹം ചോലെ ബട്ടൂര കഴിക്കാറുണ്ടായിരിക്കില്ല. കാരണം ഈ ഒളിമ്പ്യന്‍ കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്നയാളാണ്. ഏത് ആഘോഷ ദിവസത്തിലായാലും നീരജ് ചോപ്ര കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവത്രേ. ഗ്രില്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റ്, മുട്ട, പഴങ്ങള്‍, സാലഡ് ഇവയാണ് അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണക്രമം. ഇതില്‍ കൂടുതലായി അടുത്തിടെ തന്റെ മെനുവില്‍ അദ്ദേഹം ചേര്‍ത്തത് ഒരു സാല്‍മണ്‍ മത്സ്യമാണ്. എന്നാല്‍, ഈ 23-കാരന് ആഴ്ചയിലെ ഏത് ദിവസവും കഴിക്കാനാഗ്രഹിക്കുന്ന ഒന്നാണ് ബ്രെഡും ഓംലെറ്റും. നിരന്തരം യാത്ര ചെയ്യുന്ന ഒരു കായികതാരമെന്ന നിലയില്‍, ഇന്ത്യന്‍ ഭക്ഷണവും ഇന്ത്യന്‍ റെസ്റ്റോറന്റുകളും കണ്ടെത്തുന്നതില്‍ ചോപ്ര തുടക്കത്തില്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹത്തിന് ഭക്ഷണകാര്യങ്ങളില്‍ മുന്‍ഗണനകള്‍ ഒന്നും തന്നെയില്ല, കിട്ടുന്നതെന്തും കഴിക്കാന്‍ അദ്ദേഹം തയ്യാറാണ്.
നീരജ് എന്ന പേരിലുള്ള ആളുകള്‍ക്ക് അദ്ദേഹത്തിന്റെ വിജയത്തില്‍ നിന്ന് പ്രയോജനം ലഭിക്കുന്നത് ഇതാദ്യമായല്ല. ജുനഗര്‍ റോപ്വേ നടത്തുന്ന ഉഷാ ബ്രെക്കോ കമ്പനി, നീരജ് എന്ന് പേരുള്ള ആര്‍ക്കും ആഗസ്റ്റ് 20 വരെ ഈ റോപ്വേയില് സൗജന്യ യാത്ര നടത്താമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്തിലെ ഒരു പെട്രോള്‍ പമ്പ് ഓപ്പറേറ്ററും നീരജ് എന്ന് പേരുള്ളവര്‍ക്ക് രണ്ട് ദിവസത്തേക്ക് സൗജന്യ പെട്രോള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ നേത്രാങ്ങില് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് ആണ് നീരജ് എന്ന് പേരുള്ളവര്‍ക്ക് 501 രൂപയുടെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.