നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Golgappa Challenge | ഈ ഗോൾഗപ്പ ഒറ്റയടിക്ക് കഴിച്ചാൽ 500 രൂപ സമ്മാനം നേടാം; വ്യത്യസ്തമായ ഗോൾഗപ്പ ചലഞ്ചുമായി കച്ചവടക്കാരൻ

  Golgappa Challenge | ഈ ഗോൾഗപ്പ ഒറ്റയടിക്ക് കഴിച്ചാൽ 500 രൂപ സമ്മാനം നേടാം; വ്യത്യസ്തമായ ഗോൾഗപ്പ ചലഞ്ചുമായി കച്ചവടക്കാരൻ

  കേൾക്കുമ്പോൾ ലളിതമായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി

  • Share this:
   ഭക്ഷണ പ്രേമികളാണെങ്കിൽ തീർച്ചയായും നിങ്ങൾ നിരവധി ഭക്ഷണ ചലഞ്ചുകൾ അറിഞ്ഞിട്ടും കണ്ടിട്ടും പങ്കെടുത്തിട്ടുമുണ്ടാകും. വ്യത്യസ്തങ്ങളായ നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആഗ്ര-ഫിറോസാബാദ് (Agra-Firozabad) മേൽപ്പാലത്തിനടുത്തുള്ള ഒരു പാനി പൂരി കടയിൽ ആരംഭിച്ച ഗോൾഗപ്പ ചലഞ്ച് (Golgappa Challenge) ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

   ഈ കടയിൽ നിന്നും ഗോൾഗപ്പ അഥവാ പാനിപൂരി കഴിക്കുകയാണെങ്കിൽ കടയുടമ നിങ്ങൾക്ക് 500 രൂപ കയ്യോടെ നൽകും. കേൾക്കുമ്പോൾ ലളിതമായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. വെറുമൊരു സാധാരണ പാനിപൂരി അല്ല ഇത്. പിന്നെയോ? ഉത്തരേന്ത്യയിലെ പ്രധാന വിഭവമായ കച്ചോരി എന്ന പലഹാരത്തിന്റെ അത്രയും വലുപ്പം വരും ഒരു പാനിപൂരിക്ക്. അതായത് നമ്മുടെ നാട്ടിലെ നെയ്യപ്പത്തിനോളം വലുപ്പം. ഇതാണ് ഒറ്റയടിക്ക് വായിൽ ഇട്ടു കഴിക്കേണ്ടത്. ഇപ്പോൾ കാര്യത്തിന്റെ ഗുട്ടൻസ് പിടികിട്ടിക്കാണുമല്ലോ? അതാണ് ചലഞ്ച്‌.

   ഈ വലിയ പാനിപ്പൂരിയിൽ ഉരുളക്കിഴങ്ങ് മസാല, വിവിധയിനം സോസുകൾ, രുചികരമായ ഫ്ലേവറിലുള്ള വെള്ളം എന്നിവ അടങ്ങിയിട്ടുണ്ടാകും. ഉണങ്ങിയ ഇഞ്ചി ചേർത്തുണ്ടാക്കിയ മധുരമുള്ള ചട്ണിയും ഗോൾഗപ്പയ്ക്കൊപ്പം കടക്കാരൻ നിങ്ങൾക്ക് നൽകും. ഈ വലിയ ഗോൾഗപ്പ നിങ്ങൾ ഒറ്റയടിക്ക് കഴിക്കണം. ഇതിനോടൊപ്പം നിങ്ങൾ ചലഞ്ചിന്റെ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒറ്റയടിക്ക് പാനിപ്പൂരി മുഴുവനായി വായിൽ വെക്കണമെന്നാണ് വ്യവസ്ഥ. ഇത് കഴിക്കുമ്പോൾ വായിൽ നിന്ന് ഒരു തുള്ളി വെള്ളം താഴെ വീണാൽ നിങ്ങൾ അയോഗ്യനാകും. അയോഗ്യനാക്കപ്പെടുന്ന വ്യക്തി ഒരു ഗോൾഗപ്പയ്ക്ക് 100 രൂപ നൽകണം. നിങ്ങൾക്ക് ഈ വെല്ലുവിളി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ശാലാസ് എന്ന ഗോൾഗപ്പ കച്ചവടക്കാരൻ നിങ്ങൾക്ക് 500 രൂപ ഉടൻ നൽകും.

   സോഷ്യൽ മീഡിയയിലൂടെ ഈ ചലഞ്ചിനെക്കുറിച്ച് അറിഞ്ഞതോടെ നിരവധി പേരാണ് ഈ പാനിപൂരി കട തേടി എത്തുന്നത്. എല്ലാവരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാവരും ഈ വെല്ലുവിളിയിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇതുവരെ ആർക്കും ഗോൾഗപ്പ ചലഞ്ചിൽ വിജയികളാകാൻ കഴിഞ്ഞിട്ടില്ല. 500 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൾ വന്ന് ഇവിടെ നിന്ന്ഗോൽഗപ്പ കഴിക്കുന്നു. എന്നാൽ പരാജയം സമ്മതിച്ച ശേഷം അവർ 100 രൂപ ഗോൽഗപ്പ കടക്കാരന് നൽകുന്നു.

   ഫുഡ് ബ്ലോഗിംഗ് ഇന്ത്യയിൽ ഇന്ന് വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിലും ഫുഡ് ബ്ലോഗിംഗിന് പ്രചാരം ലഭിക്കുന്നുണ്ട്. യൂട്യൂബിൽ വിവിധ ഭക്ഷണങ്ങളെക്കുറിച്ചുള്ള നിരവധി വീഡിയോകളും ലഭ്യമാണ്. പല തരത്തിലുള്ള ഫുഡ് ചലഞ്ചുകളും ഇക്കാലത്ത് വൈറലാകുന്നു. ഗോൾഗപ്പയിലും ഇതിനുമുൻപ് നിരവധി പരീക്ഷണങ്ങളും ചലഞ്ചുകളുമെല്ലാം വന്നിട്ടുണ്ട്. ഉരുളക്കിഴങ്ങും മസാലകൾ ചേർത്ത വെള്ളവും ചേർത്ത് നിർമ്മിക്കുന്ന സാധാരണ പാനി പൂരിയിൽ നിന്നും വിഭിന്നമായി ബട്ടർ, ചിക്കൻ, തക്കാളി, ക്രീം എന്നിവ ഉപയോഗിച്ചുള്ള പാചക പരീക്ഷണങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്.
   Published by:Karthika M
   First published:
   )}