ഹൃദയഭേദകമായ കുറിപ്പിനൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയ്ക്ക് പുതിയ കുടുംബത്തെ കിട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോളറില്‍ കുറിപ്പ് തൂക്കിയിട്ട നിലയിലാണ് നായയെ കണ്ടെത്തിയത്
വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ പുതിയ കാര്യമല്ല. മിക്കവാറും വളര്‍ത്തു മൃഗങ്ങള്‍ക്ക് എന്തെങ്കിലും രോഗം വരികയോ പ്രായമാവുകയോ ചെയ്യുമ്പോഴാണ് സാധാരണ ഇത്തരത്തില്‍ വീട്ടുകാര്‍ അതിനെ കൊണ്ടുപോയി കളയുന്നത്.
എന്നാല്‍ വ്യത്യസ്തമായ കുറിപ്പോടെയാണ് അറ്റ്ലാന്റയിലെ പീഡ്മോണ്ട് പാര്‍ക്കില്‍ നിന്നും ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു നായയെ കണ്ടെത്തിയത്. പിറ്റ്ബുള്‍ ബോക്സര്‍ മിക്സ് ബ്രീഡിലുള്ള നായയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാര്‍ക്കില്‍ കണ്ടെത്തിയത്. ആന്‍ഡ്രെ എന്നാണ് നായയുടെ പേര്. അഞ്ച് വയസ്സാണ് പ്രായം.
കോളറില്‍ ഹൃദയഭേദകമായ ഒരു കുറിപ്പ് തൂക്കിയിട്ട നിലയിലാണ് നായയെ കണ്ടെത്തിയത്. കുറിപ്പില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. "എന്റെ അച്ഛന് വീടില്ലാത്ത അവസ്ഥയിലാണ്. എന്നെ നോക്കാന്‍ ആരുമില്ല. ഞാന്‍ വളരെ നല്ല നായയാണ്. എന്റെ അച്ഛന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഒരു അഭയകേന്ദ്രവും എന്നെ കൊണ്ടുപോകില്ല. ദയവായി ആന്ഡ്രെയോട് സ്നേഹത്തോടും ദയയോടും കൂടി പെരുമാറുക'.
advertisement
ആന്‍ഡ്രെയുടെ മുന്‍ ഉടമ വീടില്ലാത്ത അവസ്ഥയിലാണെന്നും ഇനി അവനെ പരിപാലിക്കാന്‍ കഴിയില്ലെന്നുമാണ് കുറിപ്പില്‍ വിശദീകരിച്ചിട്ടുള്ളതെന്ന് പാര്‍ക്കില്‍ നിന്ന് അവനെ കണ്ടെത്തിയ ആളുകള്‍ അറിയിച്ചു. നായയെ ഒരു പൊതു പാര്‍ക്കില്‍ ഉപേക്ഷിച്ചത് അവനെ ആളുകള്‍ ശ്രദ്ധിക്കാനും രക്ഷപ്പെടുത്താനും അവസരമൊരുക്കുന്നതിനായാണ്. ഇത് നിരാശാജനകവും നായയെ രക്ഷപ്പെടുത്താനുള്ള മുന്‍ ഉടമയുടെ അവസാന ശ്രമവുമായാണ് വിലയിരുത്തുന്നത്.
ആന്‍ഡ്രെയുടെ കഥ ഫേസ്ബുക്കിലൂടെ അറിഞ്ഞ ഒരു ദമ്പതികള്‍ അവനെ സഹായിക്കാനായി മുന്നോട്ടുവന്നു. ഇവര്‍ സോഷ്യല്‍ മീഡിയ വഴി നായയുടെ ഫോട്ടോയും കുറിപ്പും കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്തു. എന്നാല്‍, നായയെ കൂടുതല്‍ നാള് ഒപ്പം നിര്‍ത്താന്‍ ദമ്പതികള്‍ക്കും കഴിയില്ലായിരുന്നു. ഇവരുടെ പോസ്റ്റ് കണ്ട് അറ്റ്ലാന്റയില്‍ നിന്നുള്ള ഒരു അഭിഭാഷകയായ താര ബൊറെല്ലി സഹായവുമായി എത്തി. ജനുവരി അവസാനത്തില്‍ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിന് മുമ്പാണ് നായയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് താര ബെറെല്ലി പറഞ്ഞു.
advertisement
പീഡ്മോണ്ട് പാര്‍ക്കില്‍ കെട്ടിയിട്ട നിലയിലാണ് നായയെ കണ്ടെത്തിയതെന്നും കോളറില്‍ ഒരു കുറിപ്പ് തുക്കിയിട്ടതായും അവര്‍ പറയുന്നു. ആരെങ്കിലും നായയെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഉടമ നായയെ ഈ രീതിയില്‍ ഉപേക്ഷിച്ചതെന്നാണ് കരുതുന്നതെന്നും താര വിശദീകരിച്ചു. കുറച്ച് മാസം അവര്‍ നായയെ പരിപാലിച്ചു. എന്നാല്‍, അവര്‍ക്ക് സ്വന്തമായി മറ്റൊരു നായയും ഉണ്ടായിരുന്നു. അതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം സ്ഥിരമായി ആന്‍ഡ്രെയെ പരിപാലിക്കാന്‍ അവര്‍ക്കും കഴിയുമായിരുന്നില്ല.
ആന്‍ഡ്രെ ഒരു അദ്ഭുതമായിരുന്നുവെന്ന് നായയോടുള്ള അടുപ്പം വിവരിച്ചുകൊണ്ട് താര പറഞ്ഞു. നായയെ ദത്തെടുക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനായി ഏപ്രിലില്‍ അവര്‍ നായയെ ഒരു അഭയകേന്ദ്രത്തിലാക്കാന്‍ തീരുമാനിച്ചു.
advertisement
ഫുള്‍ട്ടണ്‍ കൗണ്ടി ആനിമല്‍ സര്‍വീസസിന്റെയും പ്രദേശത്തെ കാരുണ്യമുള്ള മൃഗ സ്നേഹികളുടെയും സഹായത്തോടെ ആന്‍ഡ്രെയുടെ കഥ വീണ്ടും കൂടുതല്‍ പേരിലേക്ക് എത്തി. മെയ് തുടക്കത്തോടെ അറ്റ്ലാന്റയില്‍ അവന് പുതിയ ഉടമയെ ലഭിച്ചു. അവിടെ നായ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു മാസം അവന് അവിടെ താമസിക്കും. കാര്യങ്ങള്‍ നല്ല രീതിയിലാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നായയുടെ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും.
ഹൃദയഭേദകമായ ഒരു കുറിപ്പില്‍ തുടങ്ങിയ ആന്ഡ്രെയെന്ന നായയുടെ കഥ ഇപ്പോൾ പ്രതീക്ഷയുടെയും രോഗശാന്തിയുടെയും ശുഭപര്യവസായിയായ പുതിയ അധ്യായത്തിലേക്ക് കടന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 12, 2025 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹൃദയഭേദകമായ കുറിപ്പിനൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയ്ക്ക് പുതിയ കുടുംബത്തെ കിട്ടി

