• HOME
 • »
 • NEWS
 • »
 • buzz
 • »
 • Life Saver | പിസ ഡെലിവറിയ്ക്കെത്തി; ഒടുവിൽ കസ്റ്റമറുടെ ജീവൻ രക്ഷിച്ച് മടങ്ങി

Life Saver | പിസ ഡെലിവറിയ്ക്കെത്തി; ഒടുവിൽ കസ്റ്റമറുടെ ജീവൻ രക്ഷിച്ച് മടങ്ങി

പിസയുമായി എത്തിയ ഡെലിവറി ഡ്രൈവറുടെ മനസ്സാനിധ്യമാണ് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

 • Last Updated :
 • Share this:
  വളരെ അവിചാരിതമായ സ്ഥലത്ത് നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നായിരിക്കും ചിലപ്പോൾ ചില സഹായങ്ങൾ നമ്മെ തേടിയെത്തുക. അപരിചിതരായ ആളുകളുടെ കൃത്യസമയത്തുള്ള ഇടപെടലുകൾ ചിലരുടെ ജീവൻ തന്നെ രക്ഷിക്കാൻ കാരണമായിട്ടുണ്ട്.

  വെള്ളിയാഴ്ച രാത്രി അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ഒരു സ്ത്രീ പിസ (Pizza) ഓർഡർ ചെയ്യുമ്പോൾ അവർ ഒരിക്കലും വിചാരിച്ച് കാണില്ല ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ അപ്രതീക്ഷിതമായി ഒരു രക്ഷക അവരെ തേടിവരുമെന്ന്. പിസയുമായി എത്തിയ ഡെലിവറി ഡ്രൈവറുടെ മനസ്സാനിധ്യമാണ് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

  കാരിൻ ഹെബർ സുള്ളിവാൻ എന്ന സ്ത്രീയാണ് രാത്രി ഏറെ വൈകി ഡിന്നർ കഴിക്കുന്നതിനായി ഡോർഡാഷ് (DoorDash) എന്ന ഫുഡ് ഡെലിവറി ആപ്പിലൂടെ പിസ ഓർഡർ ചെയ്തത്. ഡോർഡാഷ് ഡ്രൈവർ സോഫിയ ഫുട്ടാർഡോ എന്ന യുവതി കൃത്യസമയത്ത് തന്നെ ഭക്ഷണവുമായി ഡെലിവറി അഡ്രസ് നൽകിയിട്ടുള്ള വെസ്റ്റ് ഐലൻറ് ഫെയർഹെവനിലെ ബുസാർഡ്സ് ബേയിലെത്തി. "അതെനിക്ക് ഒരു സാധാരണ ദിവസം മാത്രമായിരുന്നു. ഞാൻ ഏകദേശം എൻെറ ഷിഫ്റ്റ് അവസാനിപ്പിക്കാൻ പോവുകയായിരുന്നു," ഫുട്ടാർഡോ സിഎൻഎന്നിനോട് പറഞ്ഞു.

  എന്നാൽ കൈകളിലൂടെ ചോരയൊലിക്കുന്ന അവസ്ഥയിൽ ശരീരത്തിൽ നിന്നും അമിതമായി രക്തം വാർന്ന നിലയിൽ നിലത്ത് കിടക്കുന്ന സുള്ളിവാനെയാണ് ഫുട്ടാർഡോ കണ്ടത്. രാത്രി ഏകദേശം 10 മണിയോടെയായിരുന്നു സംഭവം. കാലുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടും കൈകൾക്ക് പരിക്കേറ്റിട്ടും ആ സ്ത്രീ ഭക്ഷണത്തിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. വീട്ടിൽ ഉറക്കത്തിലായരുന്ന സുള്ളിവാൻെറ ഭർത്താവ് ഇതൊന്നും അറിഞ്ഞിരുന്നുമില്ല. സുള്ളിവാൻെറ കിടപ്പ് കണ്ട് പന്തിയല്ലെന്ന് ബോധ്യപ്പെട്ടതോടെ ഫുട്ടാർഡോ എത്രയും പെട്ടെന്ന് പ്രാഥമിക ശുശ്രൂഷ ആരംഭിച്ചു. സുള്ളിവാൻെറ ഭർത്താവിനെ വൈകാതെ വിളിച്ചുണർത്തുകയും ചെയ്തു.

  നേരത്തെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്നതിനാൽ അവിടെ നിന്ന് ലഭിച്ച പരിശീലനങ്ങളുടെ ഭാഗമായാണ് ഫുട്ടാർഡോ സ്ത്രീയെ പരിചരിച്ചത്. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിക്കുകയും ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. മെഡിക്കൽ സംഘവും പോലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടും പിസ എത്തിക്കാനെത്തിയ ഫുട്ടാർഡോ പോവാൻ കൂട്ടാക്കിയില്ല. സുള്ളിവാന് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കേണ്ടത് തൻെറ ഉത്തരവാദിത്വമായി അവർ കണ്ടു. ആശുപത്രിയിലെത്തി സുള്ളിവാൻ സുരക്ഷിതയാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഫുട്ടാർഡോ മടങ്ങിയത്.

  "കൃത്യസമയത്ത് അവൾ അവിടെ എത്തിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒരുപക്ഷേ അവൾ എത്തിയില്ലെങ്കിൽ എനിക്ക് മരണം തന്നെ സംഭവിക്കുമായിരുന്നു," പരിക്കുകൾ സുഖപ്പെട്ട ശേഷം സുള്ളിവാൻ സിഎൻഎന്നിനോട് പറഞ്ഞു. ഈ സംഭവത്തിന് ശേഷം സുള്ളിവാനും ഫുട്ടാർഡോയും നേരിൽ കാണുകയും സുഹൃത്തുക്കളാവുകയും ചെയ്തു. തൻെറ ജീവൻ രക്ഷിക്കാനെത്തിയ മാലാഖയെന്നാണ് ഫുട്ടാർഡോയെ സുള്ളിവാൻ വിശേഷിപ്പിച്ചത്. ഫുട്ടാർഡോയ്ക്കും രണ്ട് മക്കൾക്കും സമ്മാനങ്ങൾ നൽകാനും സുള്ളിവാൻ മറന്നില്ല. അതേസമയം ഡോർഡാഷ് കമ്പനി 1000 ഡോളറിൻെറ വിദ്യാഭ്യാസ സ്കോളർഷിപ്പും ഫുട്ടാർഡോയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
  Published by:Jayashankar Av
  First published: