• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ'; തണ്ണിമത്തന്‍ പിസയുടെ രുചിയില്‍ ഫുഡീസിന് രണ്ട് മനസ്

'മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ'; തണ്ണിമത്തന്‍ പിസയുടെ രുചിയില്‍ ഫുഡീസിന് രണ്ട് മനസ്

ഇപ്പോള്‍ പിസ്സയില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Image: Instagram

Image: Instagram

  • Share this:
നല്ല രുചിയുള്ള ഭക്ഷണത്തിന് ലോകമെങ്ങും ആരാധകരുണ്ട്. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഭക്ഷണത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് ആളുകൾ നടത്തുക. നമ്മള്‍ ദിവസേന കഴിക്കുന്ന സാധാരണ ഭക്ഷണത്തില്‍ ചിലപ്പോള്‍ നമ്മള്‍ തന്നെ വ്യത്യസ്തമായ രുചിക്കൂട്ടുകളില്‍ പാകം ചെയ്ത് പരീക്ഷിക്കാറുമുണ്ട്. ആഗോള പാചക ഭൂപടത്തില്‍, ഏറ്റവും അലങ്കരിച്ച പാചകക്കുറിപ്പുകളിലൊന്ന് പിസ്സയുടേതായിരിക്കണം. ഇപ്പോള്‍ പിസ്സയില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പിസ്സക്ക് ക്രസ്റ്റ് (ബ്രഡ്) ആയി ഉപയോഗിക്കുന്ന ഇറ്റാലിയന്‍ ബ്രെഡിന് പകരം ഒരു തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള പരീക്ഷണമായിരുന്നു അത്. അതിന്റെ രുചി എങ്ങനെ അനുഭവപ്പെടുമെന്ന് നമുക്കറിയില്ല. ഒലി പാറ്റേഴ്‌സണ്‍ എന്ന വ്യക്തിയാണ് ഈ പാചക പരീക്ഷണം നടത്തിയത്. വട്ടത്തില്‍ മുറിച്ചെടുത്ത തണ്ണിമത്തന്റെ ഇരുവശവും ഫ്രൈ ചെയ്ത് ധാരാളം ബിബിക്യു സോസും കുറച്ച് മോയിസറൈച്ചര്‍ മൊസറെല്ലയും വിതറി ഓവനില്‍ ബേക്ക് ചെയ്ത് എടുക്കുകയായിരുന്നു ഒലി പാറ്റേഴ്‌സണ്‍ ചെയ്തത്.

പരീക്ഷണത്തിനൊടുവില്‍ അദ്ദേഹത്തിന് ലഭിച്ച ഫലം കാണുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ പിസ്സയുടെ രുചിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റും. ഇങ്ങനെ ഒക്കെ ചെയ്യാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്ന് പോലും ചിന്തിച്ചു പോകും. ഒലിയുടെ ടിക് ടോക്ക് അക്കൗണ്ടിലായിരുന്നു ഈ റെസിപ്പി പങ്കുവച്ച് ആദ്യ വീഡിയോ വന്നത്. ഇത് വൈറലായതിനെ തുടര്‍ന്ന് അദ്ദേഹം ആ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും പങ്കിടാന്‍ തീരുമാനിച്ചു.

“എന്റെ പ്രശസ്തമായ തണ്ണിമത്തന്‍ പിസ്സ ടിക് ടോക്കില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ഇത് പരീക്ഷിക്കാന്‍ കഴിയും,” ഒലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഒലിയുടെ പാചകക്കുറിപ്പിന് ഓസ്‌ട്രേലിയന്‍ ഡൊമിനോസ് താല്‍പര്യം പ്രകടിപ്പിക്കുകയും വീഡിയോ പങ്കിടുകയും ചെയ്തു. “പല ആരോഗ്യപ്രേമികളും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പിസ്സകള്‍ ആവശ്യപ്പെടുന്നുണ്ട്. ഒലി കൃത്യമായി കോഡ് പൊളിച്ചെന്ന് തോന്നുന്നു,” ഡൊമിനോസ് പറയുന്നു.

ഒലിയുടെ പാചക വീഡിയോ ഡൊമിനോസ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, “നിങ്ങള്‍ എല്ലാവരും ഞങ്ങളോട് കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ക്രസ്റ്റുകളുടെ ഒരു വിഭാഗം കൂടി വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ഒലി പാറ്റേഴ്‌സണ്‍ തണ്ണിമത്തന്‍ കൊണ്ട് ഒരു പിസ്സ ഉണ്ടാക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നു. ഞങ്ങള്‍ അത് നല്‍കുന്നു.' ഡൊമിനോസ് ഷെയര്‍ ചെയ്തതോടെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും വൈറലായി.
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരാള്‍ ഇത് ഇപ്പോഴും പിസ്സയിലെ പൈനാപ്പിള്‍ പോലെ മോശമല്ലെന്ന് എഴുതി. മറ്റൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി, “ഇതിനെ അംഗീകരിക്കാന്‍ കഴിയുമെങ്കിലും, മാമ്പഴം പിസ്സ ടോപ്പിംഗായി ചെയ്യാന്‍ ആരും തയ്യാറല്ല.”

ചിലര്‍ ഈ പാചകം പരീക്ഷിച്ചിട്ട് പറഞ്ഞത് വ്യത്യസ്തമായ രുചിയെന്നാണ്. മറ്റുചിലര്‍ പറഞ്ഞിരിക്കുന്നത് തീരെക്കൊള്ളില്ലെന്നാണ്. തള്ളാനും കൊള്ളാനും വയ്യാതെ തണ്ണിമത്തന്‍ പിസ്സയുടെ രുചിയില്‍ രണ്ട് മനസുമായിട്ടാണ് ഫുഡീസ് വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നത്. പല ആളുകള്‍ക്കും 'കയിച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത' അവസ്ഥയിലാണെന്ന് തോന്നും കമന്റുകള്‍ കണ്ടാല്‍. ഇപ്പോഴും രസകരമായ ഒട്ടേറെ കമന്റുകളുടെ പ്രളയമാണ് ആ പോസ്റ്റിന് കീഴില്‍ വന്നുകൊണ്ടിരിക്കുന്നത്.
Published by:Jayesh Krishnan
First published: