ഇന്ന് വിനോദമായാലും വാർത്തകളായാലും ഗെയിമിങ് ആയാലും എന്തിന് സിനിമ കാണാൻ പോലും സ്മാർട്ട്ഫോൺ (Smartphone) മതി. ഇങ്ങനെയൊക്കെയാണെങ്കിലും ഫോണിൻെറ ഏറ്റവും പ്രാഥമിക ആവശ്യം ആളുകളെ വിളിക്കലും സംസാരിക്കലുമാണല്ലോ. ലോകത്ത് സ്മാർട്ട്ഫോണും മൊബൈൽ ഫോണുമൊക്കെ വരുന്നതിന് മുമ്പ് ടെലിഫോണിനെയാണ് ഇതിനായി ആശ്രയിച്ചിരുന്നത്. ഇന്നും ടെലിഫോൺ (Telephone) ഉപയോഗിക്കുന്ന ഇടങ്ങളുണ്ട്. ടെലിഫോണിൽ ഡയൽ ചെയ്താണ് ആളുകളെ വിളിക്കുന്നതെന്ന് അറിയാമല്ലോ. സ്മാർട്ട്ഫോണിലെ പോലെ സേവ് ചെയ്യാനും അങ്ങനെ നേരിട്ട് വിളിക്കാനുമൊന്നും സൗകര്യമില്ല.
ഫോണുകളുടെ കാര്യത്തിൽ അങ്ങനെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ മാറാതെയിരിക്കുന്ന ഒരേയൊരു കാര്യമുണ്ട്. ഫോൺ വിളിച്ചാൽ എല്ലാവരും ആദ്യം പറയുന്ന വാക്ക് ‘ഹലോ’ എന്ന് തന്നെയാണ്. സ്മാർട്ട് ഫോണിലായാലും ടെലിഫോണിലായാലും അത് ഹലോ തന്നെയാണ്. ഫോൺ എടുക്കുന്നവരും ഹലോ തന്നെയാണ് ആദ്യം പറയുക. ഇങ്ങനെ പറഞ്ഞ് തുടങ്ങുന്നതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്.
പ്രമുഖ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ അലക്സാണ്ടർ ഗ്രഹാം ബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചത്. വളരെ ദൂരെയുള്ള ആളുകളുമായും സാങ്കേതികവിദ്യയുടെ സഹായത്തോടെ ആശയവിനിമയം നടത്താൻ സാധിച്ചത് ടെലിഫോണിൻെറ കണ്ടുപിടിത്തത്തോടെയാണ്. ഇപ്പോൾ നേരിട്ട് കണ്ടുകൊണ്ട് തന്നെ സംസാരിക്കുന്ന നിലയിൽ കാര്യങ്ങളെത്തി. എല്ലാത്തിനും നന്ദി പറയേണ്ടത് ഗ്രഹാം ബെല്ലിനോടാണ്.
ഗ്രഹാം ബെല്ലാണ് ടെലിഫോൺ കണ്ടുപിടിച്ചതെങ്കിലും ഹലോ എന്ന വാക്ക് കൊണ്ടുവന്നതിന് പിന്നിൽ മറ്റൊരു പ്രശസ്തനായ ശാസ്ത്രജ്ഞനാണ്. വൈദ്യുതി ബൾബടക്കം നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള തോമസ് ആൽവ എഡിസണാണ് ഹലോ പറയുന്നതിന് തുടക്കമിട്ടത്. എഡിസണാണ് ഈ വാക്ക് തുടങ്ങിവെച്ചതെന്ന് കണ്ടെത്തിയത് ബ്രൂക്ക‍്‍ലിൻ കോളേജിലെ പ്രൊഫസറായ അലൻ കോനിഗ‍്‍സ‍്‍ബെർഗാണെന്ന് 1996ൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നു. ടെലിഫോണിനെപ്പറ്റിയും ആദ്യ ഫോൺ കോളുകളെക്കുറിച്ചുമെല്ലാം നിരവധി ഗവേഷണങ്ങൾ നടത്തിയയാളാണ് അലൻ. ഗവേഷണങ്ങളിലൂടെ നിരവധി ചരിത്രവസ്തുതകൾ അദ്ദേഹം പുറംലോകത്തെ അറിയിച്ചിട്ടുണ്ട്.
അഞ്ച് വർഷം നീണ്ട ഗവേഷണത്തിനിടയിലാണ് അദ്ദേഹം എഡിസൺ എഴുതിയ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു കത്ത് അമേരിക്കയിലെ ന്യൂയോർക്കിലുള്ള ലോവർ മാൻഹട്ടണിലെ അമേരിക്കൻ ടെലിഫോൺ ആൻറ് ടെലിഗ്രാഫ് കമ്പനിയുടെ ആർക്കൈവ്സിൽ നിന്ന് കണ്ടെത്തിയത്. 1877 ആഗസ്ത് 15നാണ് പിറ്റ്സ്ബർഗിലെ സെൻട്രൽ ഡിസ്ട്രിക്ട് ആൻറ് പ്രിൻറിങ ടെലഗ്രാഫ് കമ്പനിയുടെ പ്രസിഡൻറായ ടിബിഎ ഡേവിഡിന് എഡിസൺ കത്തയക്കുന്നത്.
ബിസിനസുകാർക്കിടയിലുള്ള ആശയവിനിമയത്തിന് വേണ്ടിയാണ് ടെലിഫോൺ എന്നായിരുന്നു അന്നുണ്ടായിരുന്ന ധാരണ. ഡേവിഡും എഡിസണും തമ്മിലുള്ള കത്തിടപാടിലാണ് ഹലോ എന്ന് വാക്ക് വെച്ച് സംസാരം തുടങ്ങാമെന്ന് തീരുമാനിച്ചത്. ഇത് സംബന്ധിച്ച ചോദ്യമാണ് ഡേവിഡ് കത്തിൽ എഡിസണോട് ചോദിച്ചത്. എഡിസൺ മറുപടിയും നൽകി. പരസ്പരം സംസാരിച്ച് തുടങ്ങാൻ എന്ത് വാക്ക് ഉപയോഗിക്കണമെന്ന് ചോദിച്ച് കൊണ്ട് ഒരു മത്സരം 1878ൽ നടന്നിരുന്നു. ഹലോ ആയിരുന്നു ഒന്നാമത്തേത്. എന്താണ് വേണ്ടത് (What is wanted) ആയിരുന്നു മറ്റൊന്ന്. ഒടുവിൽ ഹലോ തന്നെയാണ് ആ മത്സരത്തിലും വിജയിച്ചത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.