ബെംഗ്ലൂരുവിലെ തടാകത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങുന്നു; കൂട്ടക്കുരുതിക്ക് കാരണം മലിനീകരണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സമീപത്തുള്ള ഫാക്ടറികളില്‍ നിന്നുള്ള രാസ മാലിന്യങ്ങളും കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന കീടനാശിനികളും തടാകത്തില്‍ ധാരാളമായി കലരുന്നതാണ് വെള്ളത്തിലെ ഓക്‌സിജന്‍ ലഭ്യത കുറയാന്‍ ഇടയാക്കുന്നത്
ബെംഗ്ലൂരുവിലെ തടാകത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ചത്തുപൊങ്ങിയത് നൂറ് കണക്കിന് മത്സ്യങ്ങള്‍. ദക്ഷിണ ബംഗ്ലൂരുവിലെ മൊട്ടനല്ലൂര്‍ തടാകത്തിലാണ് വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത്. സമീപത്തുള്ള വ്യവസായ ശാലകളില്‍ നിന്നും കൃഷിയിടത്തില്‍ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങളാണ് സംഭവത്തിന് ഇടയാക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മീനുകള്‍ ചീഞ്ഞളിഞ്ഞ് സമീപമാകെ ദുര്‍ഗന്ധം വമിക്കുന്നതും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു.
സഹിക്കാനാകാത്ത രൂക്ഷമായ ദുര്‍ഗന്ധം തടാകത്തില്‍ നിന്നും വമിക്കുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളും ആക്ടിവിസ്റ്റുകളുമാണ് പ്രാദേശിക ഭരണകൂടത്തെയും കര്‍ണാടക പൊലീസിനെയും ഇക്കാര്യം അറിയിച്ചത്. ഏതാനും ഉദ്യോഗസ്ഥര്‍ തടാകം സന്ദര്‍ശിച്ച് ചത്തുപൊങ്ങിയ മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ പ്രകാരം തടാകത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ ഇടയാക്കിയത്. സമീപത്തുള്ള ഫാക്ടറികളില്‍ നിന്നുള്ള രാസ മാലിന്യങ്ങളും കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന കീടനാശിനികളും തടാകത്തില്‍ ധാരാളമായി കലരുന്നതാണ് വെള്ളത്തിലെ ഓക്‌സിജന്‍ ലഭ്യത കുറയാന്‍ ഇടയാക്കുന്നത്.
advertisement
ചാന്ദ്പുരയില്‍ സ്ഥിതി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം നേരെ മൊട്ടനല്ലൂരു തടാകത്തിലേക്കാണ് ഒഴുക്കി വിടുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു.
Karnataka: Dead fish seen floating in Mottanalluru lake in Anekal of Bengaluru, due to inflow of effluents and pesticides from surrounding industries and agricultural fields. pic.twitter.com/Bx3tmmBUA1
— ANI (@ANI) May 17, 2021
advertisement
ബെംഗ്ലൂരുവില്‍ തന്നെ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.നഗരത്തിലെ കുഡുലു ഡോദ കെര തടാകത്തില്‍ ആയിരകണക്കിന് ഒച്ചുകളാണ് ചത്ത് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസിയില്‍ ഒരാള്‍ തടാകത്തില്‍ നീന്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. തടാകത്തിലേക്ക് ഒഴുകി എത്തുന്ന മാലിന്യങ്ങളാണ് ഒച്ചുകള്‍ ചത്ത് കരക്കടിയാന്‍ ഇടയാക്കിയത്. ഓടകളില്‍ നിന്നും മറ്റുമുള്ള പൈപ്പുകള്‍ തടാകത്തിലേക്ക് നേരിട്ട് നല്‍കിയതും കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നാണ് 40 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന തടാകമുള്ളത്. ജയിലില്‍ നിന്നുള്ള വലിയ തോതിലുള്ള മാലിന്യവും തടാകത്തിലേക്ക് ഒഴുക്കി വിടുന്നതായാണ് ആക്ഷേപം. നേരത്തെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന സംഭവവും കുഡുലു ഡോദ കെര തടാകത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
advertisement
ബെംഗ്ലൂര്‍ നഗരം വികസിച്ച് തുടങ്ങിയപ്പോള്‍ വില കൊടുക്കേണ്ടി വന്നത് നഗരത്തിലെ തടാകങ്ങള്‍ക്കും അതിലെ ജീവജാലങ്ങള്‍ക്കും കൂടിയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ നഗരത്തിലെ ജലാശയങ്ങള്‍ വ്യാപകമായി മലിനമാക്കപ്പെട്ടു. ഓടകളില്‍ നിന്നും മറ്റും ഉള്ള മാലിന്യങ്ങള്‍ക്ക് പുറമേ വ്യവസായ ശാലകളിലെയും , കൃഷിയിടത്തിലെയും രാസ മാലിന്യങ്ങള്‍ കൂടി തടാകങ്ങളില്‍ എത്തി തുടങ്ങിയതോടെ ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നത് പതിവായി. തടാകങ്ങള്‍ വീണ്ടെടുക്കണം എന്ന ആവശ്യം പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട് എങ്കിലും കാര്യമായ നടപടികള്‍ ഇതിനു വേണ്ടി ഉണ്ടായിട്ടില്ല. വ്യവസായ സ്ഥാപങ്ങള്‍ ആധുനിക വല്‍ക്കരിച്ച് രാസമാലിന്യം ജല സ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നത് പൂര്‍ണ്ണമായും ഇല്ലാതക്കണം എന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. മിക്ക തടാകങ്ങളിലെയും ജലം ഇന്ന് ജീവജാലങ്ങള്‍ക്ക് വസിക്കാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2021 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബെംഗ്ലൂരുവിലെ തടാകത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങുന്നു; കൂട്ടക്കുരുതിക്ക് കാരണം മലിനീകരണം