ഹൈ ഹീൽ ധരിക്കണോ? ഈ നഗരത്തില്‍ അതിന് മുന്‍കൂട്ടി അനുമതി വാങ്ങണം
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ട് ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നഗരത്തിലെ സിറ്റി ഹാളില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് നിർദേശം
കാൽപാദങ്ങളുടെ സംരക്ഷണത്തിന് ചെരുപ്പുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ഫാഷന്‍ ലോകത്തും വളരെ പ്രധാന്യമുള്ള ഒന്നാണ് ചെരുപ്പുകള്‍. എന്നാല്‍, അമേരിക്കയിലെ ഒരു സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഒരു നഗരത്തില്‍ ഹൈ ഹീല്‍സ് ധരിക്കുന്നതിന് മുന്‍കൂറായി അനുമതി വാങ്ങണം. കാര്‍മല്‍ ബൈ ദ സീ എന്ന നഗരത്തിലാണ് ഈ നിബന്ധനയുള്ളത്. കാര്‍മലില്‍ അനുമതിയില്ലാതെ ഹൈ ഹീല്‍സ് ധരിക്കുന്നത് നിയമവിരുദ്ധമാണ്. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ സോറി സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഈ പട്ടണത്തിലെ നടപ്പാതകളിലൂടെ നടക്കാന്‍ പ്രയാസമാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ വിശദീകരിച്ചു. പ്രത്യേകിച്ച് സ്റ്റിലെറ്റോ ധരിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ പ്രയാസമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപകടങ്ങള്‍ തടയുന്നതിനായി രണ്ട് ഇഞ്ചില്‍ കൂടുതല്‍ ഹീല്‍സുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിറ്റി ഹാളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കുന്നു. നഗരത്തിലെ സാഹചര്യങ്ങളില്‍ ഹൈ ഹീല്‍സ് ഉപയോഗിച്ച് നടക്കുന്നത് അത്ര നല്ലതല്ലെന്ന് വീഡിയോയില്‍ സോറി പറഞ്ഞു. നഗരത്തിലെ ഉരുളന്‍ കല്ലുകള്‍ പാകിയ പാതകളും ഇടുങ്ങിയ വഴികളും ഹൈ ഹീല്‍സ് ധരിച്ച് നടക്കാന്‍ പ്രയാസമേറിയതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
''ഇവിടെ വരുമ്പോള്‍ നിയമം ലംഘിക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ സിറ്റി ഹാളില്‍ ഒരു പെര്‍മിറ്റിന് അപേക്ഷിക്കണം. എന്നാല്‍, വിഷമിക്കേണ്ട കാര്യമില്ല, അതിനുള്ള നടപടിക്രമങ്ങള്‍ തികച്ചും സൗജന്യവും വേഗത്തില്‍ ലഭിക്കുന്നതും എളുപ്പവുമാണ്,''അവര്‍ പറഞ്ഞു. ''ഹൈ ഹീല്‍സ് ധരിക്കാന്‍ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ നഗരത്തില്‍ അവ ധരിച്ച് നിങ്ങള്‍ക്ക് നടക്കാന്‍ കഴിയും. എന്നാല്‍, ഇവിടെ ഹൈ ഹീല്‍സ് ധരിച്ചു നടക്കുന്നത് അത്ര നല്ലതല്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
''മരങ്ങളുടെ വേരുകള്‍ പടര്‍ന്ന നടപ്പാതയിലൂടെ ഹൈ ഹീല്‍സ് ധരിച്ച് നടന്നാല്‍ കാലിടറി വീഴാന്‍ സാധ്യതയുണ്ട്. അത് തടയുന്നതിന് 1963ല്‍ സിറ്റി അറ്റോര്‍ണിയാണ് ഈ വിചിത്രമായ നിയമം കൊണ്ടുവന്നത്,'' അവര്‍ പറഞ്ഞു.
advertisement
സോറി പങ്കുവെച്ച വീഡിയോ ഇതിനോടകം 9 ലക്ഷം പേരാണ് കണ്ടുകഴിഞ്ഞത്. ഇത് കൗതുകം നിറഞ്ഞ കാര്യമാണെന്ന് ഒരാള് പറഞ്ഞു.
എന്നാല്‍, നഗരത്തിലെ നടപ്പാതകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം തികച്ചും സാധാരണമായ ഒരു കാര്യം നിയമവിരുദ്ധമാക്കുകയാണെന്ന് മറ്റൊരാള്‍ വിമർശിച്ചു. കാര്‍മലില്‍ ഹൈ ഹീല്‍സ് ധരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും എന്നാല്‍ അവിടെ ഹീല്‍സ് കുറഞ്ഞ ചെരുപ്പ് ധരിച്ചതിനാല്‍ അത് ആശ്വാസമായിരുന്നുവെന്ന് അവിടെ സന്ദര്‍ശിച്ച മറ്റൊരാള്‍ പറഞ്ഞു.
കാര്‍മല്‍ ബൈ ദ സീയെക്കുറിച്ച്
കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ കോസ്റ്റിലുള്ള ഒരു ചെറിയ പട്ടണമാണ് കാര്‍മല്‍ ബൈ ദ സീ. ഒരു ചതുരശ്ര മൈല്‍ മാത്രം വിസ്തൃതിയുള്ള പട്ടണത്തില്‍ ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകളും ആകര്‍ഷകമായ വാസ്തുവിദ്യയും ഒരു യൂറോപ്യന്‍-ഗ്രാമ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നു. വെള്ളമണല്‍ നിറഞ്ഞ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കാര്‍മല്‍ ബീച്ചാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. ഇവിടെ 60 റെസ്റ്ററന്റുകളും 40 ഹോട്ടലുകളും 100 ആര്‍ട്ട് ഗാലറികളും ധാരാളം വൈന്‍ രുചിക്കാനുള്ള ഇടങ്ങളുമുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 12, 2025 1:11 PM IST

