മകളുടെ സ്കൂളിന് മുന്നിൽ മെസ്സി; അപ്രതീക്ഷിത കണ്ടുമുട്ടലിൽ ത്രില്ലടിച്ച് മലയാളി യുവാവ്
- Published by:Naveen
- news18-malayalam
Last Updated:
പാരിസില്‍ താമസിക്കുന്ന സംഗീത് കഴിഞ്ഞ ദിവസം തന്റെ മകള്‍ അനികയെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് പാരിസില്‍ കൊണ്ടുവിടാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായി മെസ്സി അദ്ദേഹത്തിന്റെ മുന്നിലെത്തിയത്
ഫുട്‍ബോളിലെ സൂപ്പർ താരമായ ലയണൽ മെസ്സിക്കൊപ്പം സെൽഫി എടുത്ത് നിൽക്കുന്ന മലയാളി യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സംഗീത് വേണുഗോപാലിനാണ് സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം ഒരു ചിത്രമെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. അപ്രതീക്ഷിതമായി കൈവന്ന ആ ഭാഗ്യത്തിന്റെയും ഒപ്പം മെസ്സിയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ അമ്പരപ്പിലുമാണ് സംഗീത് ഇപ്പോഴും നിൽക്കുന്നത്.
പാരിസില്‍ താമസിക്കുന്ന സംഗീത് കഴിഞ്ഞ ദിവസം തന്റെ മകള്‍ അനികയെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് പാരിസില്‍ കൊണ്ടുവിടാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായി മെസ്സി അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. സ്‌കൂള്‍ തുറക്കുന്ന ദിവസമായിരുന്നു, മെസ്സിയല്ലേ എന്ന് സംശയം തോന്നി, അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോൾ ഒരു ചെറു ചിരിയോടെ അതേയെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് സംഗീത് പറഞ്ഞത്. സെൽഫി എടുക്കാൻ സമ്മതം ചോദിച്ചതും മെസ്സി തന്റെ അടുത്തേക്ക് ചേർന്ന് നിന്നെന്നും, അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പിൽ പെട്ടെന്ന് തന്നെ ചിത്രം പകർത്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
മെസ്സിയെ പെട്ടെന്ന് കണ്ട അമ്പരപ്പിനടയിൽ അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന മക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നും സംഗീത് പറഞ്ഞു. താരത്തോട് ചേർന്ന് നിന്ന് ചിത്രം എടുത്തപ്പോഴേക്കും സ്‌കൂളില്‍ നിന്ന് ഒരു സ്ത്രീയെത്തി അദ്ദേഹത്തെയും മക്കളെയും കൂട്ടിക്കൊണ്ടുപോയെന്നും യുവാവ് പറഞ്ഞു. വീട്ടിലെത്തി ഭാര്യയോടും മക്കളോടും കാര്യം പറഞ്ഞപ്പോൾ അവരെല്ലാം ആഹ്ളാദത്തിലായി എന്നും സംഗീത് പറഞ്ഞു.
എണ്ണ ഖനനവുമായി ബന്ധപ്പെട്ട സ്ലംബഗര്‍ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സംഗീത്. 2009 മുതല്‍ 2012 വരെ ദുബായില്‍ ഇതേ കമ്പനിയില്‍ ഉണ്ടായിരുന്നു. പിന്നീട് സൗദിയിലേക്കു മാറി.കഴിഞ്ഞ വര്‍ഷമാണ് പാരിസില്‍ എത്തിയത്.
advertisement
മെസ്സിയുടെ മക്കൾ ഇതേ സ്കൂളിൽ ആണ് എന്നത് അറിഞ്ഞിരുന്നു. എന്നാൽ മെസ്സിയെപ്പോലെ ഇത്രയും വലിയൊരാള്‍ സാധാരണക്കാരനെപ്പോലെ കുട്ടികളുമായി സ്‌കൂളില്‍ എത്തി, അവരെ ക്ലാസിലേക്ക് ആക്കാൻ വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് സംഗീത് പറയുന്നു.
ബാഴ്‌സയിൽ നിന്നും ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്ക് ചേക്കേറിയ മെസ്സി കഴിഞ്ഞ ദിവസമാണ് പി എസ് ജി ജേഴ്‌സിയിൽ ആദ്യ മത്സരത്തിന് ഇറങ്ങിയത്. റെയിംസിനെതിരെ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് മെസ്സി കളത്തിലിറങ്ങിയത്. 30 മിനിറ്റോളം കളത്തിലുണ്ടായിരുന്ന താരം ഗോൾ നേടിയില്ലെങ്കിലും മികച്ച ടച്ചുകളും പാസുകളുമായി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. മത്സരത്തിൽ ഫ്രഞ്ച് താരം എംബാപ്പെയുടെ ഇരട്ട ഗോളിൽ വിജയം നേടിയ പി എസ് ജി, ലീഗിൽ പോയിന്റ് പട്ടികയിൽ നാല് മത്സരങ്ങളിൽ നാല് ജയങ്ങളോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
advertisement
പി എസ് ജിയിൽ മെസ്സിക്ക് രണ്ട് വർഷത്തേക്കാണ് കരാർ. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2021 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകളുടെ സ്കൂളിന് മുന്നിൽ മെസ്സി; അപ്രതീക്ഷിത കണ്ടുമുട്ടലിൽ ത്രില്ലടിച്ച് മലയാളി യുവാവ്