കൗതുകകരമായ ലോക റെക്കോർഡുമായി ലെബനൻ ഷെഫ്; ഒറ്റയടിയ്ക്ക് ഉണ്ടാക്കിയത് 10000 കിലോഗ്രാം ഹൂമുസ്
- Published by:user_57
- news18-malayalam
Last Updated:
ലെബനൻ സ്വദേശിയായ ഒരു പാചക വിദഗ്ദ്ധൻ ഒറ്റയടിയ്ക്ക് പതിനായിരം കിലോഗ്രാം ഹൂമുസ് ഉണ്ടാക്കിക്കൊണ്ടാണ് നിലവിലെ റെക്കോർഡുകളെല്ലാം തകർത്തത്
നമ്മളിൽ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ഹൂമുസ്. ഹൂമുസ്സിനെ പൊതുവെ ജനകീയമായ ഒരു ഭക്ഷണ വിഭവമാക്കുന്ന അതിന്റെ പ്രത്യേകത എന്താണ്? ആരോഗ്യത്തിന്റെയും രുചിയുടെയും സവിശേഷമായ ഒരു സംയോജനമാണ് ഹൂമുസ്സിന്റെ പ്രധാന പ്രത്യേകത. ക്രീമിയും സ്വാദിഷ്ടവുമായ ഹൂമുസ്സിന്റെ ചേരുവകളിലൊന്നായ വെള്ളക്കടല നമുക്ക് ആവശ്യത്തിന് മാംസ്യം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നു. അതുകൊണ്ടാണ് മെഡിറ്ററേനിയൻ ഭക്ഷണ സംസ്കാരത്തിന്റെ അതിർത്തികൾക്കപ്പുറം ഹൂമുസ്സിന്റെ ജനപ്രീതി വളരുന്നത്. പിറ്റ ബ്രെഡ്ഡിനോടൊപ്പം കഴിക്കുന്നതിന് പുറമെ, ടോസ്റ്റ് ചെയ്ത ബ്രെഡ്ഡിന് മുകളിലെ സ്‌പ്രെഡ് ആയും റൊട്ടി റോളിലെ ഫില്ലിങ് ആയുമൊക്കെ ഹൂമുസ് കഴിക്കാൻ നമുക്ക് ഇഷ്ടമാണ്. ഹൂമുസ്സിന്റെ ജനപ്രിയത പരിഗണിച്ച് എല്ലാ വർഷവും മെയ് 13 അന്താരാഷ്ട്ര ഹൂമുസ് ദിനമായി ആചരിക്കാറുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഹൂമുസുമായി ബന്ധപ്പെട്ട് ഒരു ലോക റെക്കോർഡ് പിറന്നതിന്റെ വാർത്ത ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് (G W R) അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ചിരുന്നു. ലെബനൻ സ്വദേശിയായ ഒരു പാചക വിദഗ്ദ്ധൻ ഒറ്റയടിയ്ക്ക് പതിനായിരം കിലോഗ്രാം ഹൂമുസ് ഉണ്ടാക്കിക്കൊണ്ടാണ് നിലവിലെ റെക്കോർഡുകളെല്ലാം തകർത്തത്. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് നഗരത്തിൽ നിന്നുള്ള റംസി ചൗഎയ്‌രി എന്ന ഷെഫ് ആണ് ഏറ്റവും കൂടുതൽ ഹൂമുസ് ഒറ്റയടിയ്ക്ക് ഉണ്ടാക്കിക്കൊണ്ട് ലോകത്തിന്റെ അംഗീകാരം നേടിയത്. അദ്ദേഹം ഉണ്ടാക്കി വിളമ്പിയ ഹൂമുസ്സിന്റെ ആകെ ഭാരം 10452 കിലോഗ്രാം ആയിരുന്നു.
advertisement
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള വിവര പ്രകാരം അദ്ദേഹത്തെ ബെയ്‌റൂട്ടിലെ അൽ കഫാത്ത് സർവകലാശാലയിലെ വിദ്യാർത്ഥികളും സഹായിച്ചു. 2020 മെയ് 8-നാണ് കൗതുകകരമായ ഈ റെക്കോർഡ് റംസി സ്വന്തമാക്കിയത്, അതും കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ഹൂമുസ് ദിനത്തിന് തൊട്ടുമുമ്പായി.
"ഷെഫ് റംസിയുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ ഏതാണ്ട് 300 ഷെഫുകൾ ചേർന്നാണ് ഹൂമുസ് ഉണ്ടാക്കിയത്. അത് ഒരു പ്രാദേശിക ആർക്കിടെക്റ്റ് നിർമിച്ച, 7.17 മീറ്റർ വ്യാസമുള്ള വലിയൊരു മൺപാത്രത്തിലാണ് അത് വിളമ്പിയത്.", ജി ഡബ്ള്യൂ ആറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ പറയുന്നു.
advertisement
പ്രധാനമായും മധ്യേഷ്യയിലും അറബ് നാടുകളിലും പ്രചാരത്തിലുള്ള ഒരു ഭക്ഷണവിഭവമാണ് ഹൂമുസ്. മധ്യേഷ്യയിലും തുർക്കി,വടക്കേ അമേരിക്ക, മൊറോക്കൊ, തുടങ്ങിയ നാടുകളിലും ഇന്ന് ഹൂമുസ് ഒരു ജനപ്രിയ ഭക്ഷണമാണ്. വെള്ളക്കടല, എള്ള്, ഒലിവെണ്ണ, ചെറുനാരങ്ങാ നീര്, വെളുത്തുള്ളി തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന ചേരുവകൾ. വെള്ളക്കടല (ചിക്ക്പീസ്) എന്നർഥം വരുന്ന ഹൂമുസ് ഒരു അറബി പദമാണ്. എല്ലാ വർഷവും മെയ് 13-ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്ഷണപ്രേമികൾ ഹൂമുസ്സിനോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കാനായി അന്താരാഷ്ട്ര ഹൂമുസ് ദിനം ആചരിക്കുന്നു. ഈ വർഷം മെയ് 13-ന് ഒമ്പതാമത്തെ ഔദ്യോഗിക അന്താരാഷ്ട്ര ഹൂമുസ് ദിനാചരണമാണ് കടന്നു പോയത്.
advertisement
Keywords: Hummus, International Hummus Day, World Record, Guinness World Records, Lebanon ഹൂമുസ്, അന്താരാഷ്ട്ര ഹൂമുസ് ദിനം, ലോക റെക്കോർഡ്, ഗിന്നസ് വേൾഡ് റെക്കോർഡ്, ലെബനൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2021 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൗതുകകരമായ ലോക റെക്കോർഡുമായി ലെബനൻ ഷെഫ്; ഒറ്റയടിയ്ക്ക് ഉണ്ടാക്കിയത് 10000 കിലോഗ്രാം ഹൂമുസ്