'എന്റെ പേരില്ലേ?'; പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിനു താഴെ കമന്റ്; പിന്നാലെ അറസ്റ്റ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇല്ലായിരുന്നെങ്കിലും പോലീസ് തിരയുന്ന കുറ്റവാളിയായിരുന്നു ക്രിസ്റ്റഫറും
”എന്നെ അറസ്റ്റ് ചെയ്യൂ” എന്ന ആറാം തമ്പുരാനിലെ മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗ് മലയാളികൾ പലർക്കും സുപരിചിതമാണ്. അക്ഷരാർത്ഥത്തിൽ അതു തന്നെയാണ് ജോർജിയയിലെ ഒരു കുറ്റവാളിയുടെ കാര്യത്തിലും സംഭവിച്ചത്. പ്രദേശത്തെ ലോക്കൽ പോലീസ് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ ക്രിസ്റ്റഫർ സ്പോൾഡിംഗ് എന്നയാൾ ”എന്റെ പേരില്ലേ?” എന്ന് കമന്റ് ചെയ്തു. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇല്ലായിരുന്നെങ്കിലും പോലീസ് തിരയുന്ന കുറ്റവാളിയായിരുന്നു ക്രിസ്റ്റഫറും. “നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ പേരിൽ രണ്ട് വാറന്റുകൾ ഉണ്ട്, ഞങ്ങൾ അതുമായി മുന്നോട്ടു പോകുകയാണ്”, എന്ന് പോലീസ് ഇയാൾക്ക് മറുപടി നൽകി. പിന്നാലെ ക്രിസ്റ്റഫറിനെ പോലീസ് അറസ്റ്റും ചെയ്തു.
“നിങ്ങൾ ചെയ്ത സഹായത്തിന് ഞങ്ങൾ നന്ദി പറയുന്നു”, എന്നും ക്രിസ്റ്റഫറിനു മറുപടിയായി പോലീസ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചാണ് ഞങ്ങൾ മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റിൽ ഇല്ല എന്നത് കൊണ്ട് ഞങ്ങൾ നിങ്ങളെ തിരയുന്നില്ല എന്ന് അത് അർത്ഥമാക്കുന്നില്ല. നിങ്ങൾക്കു നേരേ വാറണ്ട് ഉണ്ട്”, ജോർജിയ പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
ഈ വർഷം ആദ്യം ഫ്ളോറിഡയിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. തന്റെ കൈവശമുള്ള മയക്കുമരുന്ന് ശരിക്കും മയക്കുമരുന്നു തന്നെ ആണെന്ന് ഉറപ്പാക്കാൻ ഒരാൾ പോലീസിനെയാണ് വിളിച്ചത്. പിന്നാലെ മയക്കുമരുന്ന് കൈവശം വച്ചു എന്ന കുറ്റത്തിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തോമസ് യൂജിൻ കൊളൂച്ചി എന്നയാളാണ് ഹെർണാണ്ടോ കൗണ്ടി ഷെരീഫിന്റെ ഓഫീസിലേക്ക് വിളിച്ചത്.
സ്ഥലത്തെ ഒരു ബാറിൽ വെച്ചു പരിചയപ്പെട്ട ഒരാളിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയത് എന്നും ഇയാൾ പോലീസിനെ അറിയിച്ചിരുന്നു. താൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനാൽ അത് എങ്ങനെയാണ് ഇരിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും യൂജിൻ പോലീസിനോട് പറഞ്ഞിരുന്നു. പോലീസുകാർക്ക് തന്റെ വിലാസം നൽകി ഇയാൾ തന്നെയാണ് അവരോട് വരാൻ ആവശ്യപ്പെട്ടത്.
advertisement
“തോമസ് യൂജിൻ അഭ്യർത്ഥിച്ചതുപോലെ, അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വെളുത്ത ക്രിസ്റ്റൽ പോലുള്ള പദാർത്ഥത്തിന്റെ സാമ്പിൾ ഉപയോഗിച്ച് ഒരു ഫീൽഡ് ടെസ്റ്റ് നടത്തി. അത് മയക്കു മരുന്നു തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു”, എന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. യൂജിൻ തന്റെ കൈവശം സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പോലീസിന് കൈമാറുകയും ചെയ്തു. പിന്നാലെ നിയമ വിരുദ്ധമായി മയക്കുമരുന്ന് കൈവശം വച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2022 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ പേരില്ലേ?'; പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിനു താഴെ കമന്റ്; പിന്നാലെ അറസ്റ്റ്