മഴ പെയ്യാൻ വേണ്ടി പാവകളുടെ വിവാഹം നടത്തി കർണാടകയിലെ ഗ്രാമം
- Published by:Vishnupriya S
- news18-malayalam
Last Updated:
സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെയും നാട്ടുകാർ വിവാഹം കഴിപ്പിച്ചത്
മഴ പെയ്യാൻ പല മാർഗങ്ങളും തേടുന്നവരുണ്ട്. ഹോമങ്ങളും യാഗങ്ങളും നടത്തുക, തവളകളെ കല്യാണം കഴിപ്പിക്കുക തുടങ്ങിയ പല കാര്യങ്ങളും പലയിടങ്ങളിലും ആളുകൾ ചെയ്യുന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പാവകളുടെ വിവാഹം നടത്തിയതായി കേട്ടിട്ടുണ്ടോ ? എന്നാൽ സംഗതി സത്യമാണ്. കർണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചു. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാർ വിവാഹം കഴിപ്പിച്ചത്.
വിവാഹ ചടങ്ങുകൾക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാർ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ വേഗത്തിൽ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നത്. നേരത്തെ ഇതുപോലെ പാവകളെ വിവാഹം കഴിപ്പിച്ച് ഏഴാം നാൾ മഴ പെയ്തിരുന്നു എന്നാണ് നാട്ടുകാരുടെ വാദം.
advertisement
സംസ്ഥാനത്ത് പലയിടങ്ങളിലും മഴ കിട്ടിയിരുന്നു എങ്കിലും ലക്ഷ്മേശ്വരിൽ മഴ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വലിയ പ്രയാസങ്ങളിലൂടെയായിരുന്നു ഇവിടുത്തുകാർ പോയിക്കൊണ്ടിരുന്നത്. ഇതേ തുടർന്നാണ് പാവകളുടെ വിവാഹം കഴിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. സംഗീതവും മധുരവിതരണവും താലികെട്ടും എല്ലാം ഈ പാവക്കല്ല്യാണത്തിനും ഉണ്ടായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
June 05, 2023 2:29 PM IST