വീട്ടുവഴക്കിനെത്തുടർന്ന് കാണാതായ 22 കാരിയെ കണ്ടെത്തിയത് 60 വർഷം കഴിഞ്ഞ്
- Published by:Sneha Reghu
- news18-malayalam
Last Updated:
കാണാതാകുമ്പോള്‍ ഓഡ്രിക്ക് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം
കുടുംബവഴക്കിനെ തുടർന്ന് 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായെ സ്ത്രീയെ അമേരിക്കയിൽ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 82 വയസ്സുള്ള ഇവര്‍ 1962ല്‍ വിസ്‌കോണ്‍സിലെ വീട്ടില്‍നിന്ന് ഒരു ദിവസം അപ്രത്യക്ഷയാകുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഓഡ്രി ബാക്ക്ബര്‍ഗ് എന്ന സ്ത്രീയെ കണ്ട് ബന്ധുക്കളും അധികൃതരും അമ്പരക്കുകയാണ്. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് പോയതാണെന്നും സംഭവത്തില്‍ യാതൊരുവിധ ഖേദവുമില്ലെന്നും അവര്‍ അവകാശപ്പെട്ടു.
കാണാതാകുമ്പോള്‍ ഓഡ്രിക്ക് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം. ഓഡ്രിയെ കാണാതായതോടെ പോലീസും കുടുംബാംഗങ്ങളും അവളെ തിരഞ്ഞ് ഏറെ അലഞ്ഞിരുന്നു. അവര്‍ എവിടെയുണ്ടെന്ന് ഒരു സൂചനപോലും ലഭിക്കാഞ്ഞതിനാല്‍ പിന്നീട് അക്കാര്യം എല്ലാവരും മറന്നു. എന്നാല്‍ 2024ന്റെ തുടക്കത്തില്‍ സൗക്ക് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡിറ്റക്ടീവായ ഐസക് ഹാന്‍സണ്‍ ഓഡ്രിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. പഴയ രേഖകളെല്ലാം അദ്ദേഹം ഒന്നുകൂടി പരിശോധിച്ചു. സാക്ഷികളെ വീണ്ടും വിസ്തരിച്ചു. ഡിജിറ്റല്‍ രേഖകളും പരിശോധിച്ചു.
advertisement
ഓഡ്രിയുടെ സഹോദരിയുടെ Ancestry.com എന്ന അക്കൗണ്ടില്‍നിന്ന് നിര്‍ണായകമായ ഒരു കണ്ടെത്തല്‍ ലഭിച്ചു. അത് ഓഡ്രിയുടെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നതായിരുന്നു. ഈ സൂചന പിന്തുടര്‍ന്ന ഹാന്‍സണ്‍ ഒരു വിലാസം തിരിച്ചറിയുകയും ഓഡ്രി അവിടെ മറ്റൊരു പേരില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് 45 മിനിറ്റ് നേരമാണ് ഓഡ്രിയുമായി അധികൃതര്‍ ആശയവിനിമയം നടത്തിയത്. താന്‍ സ്വമേധയായാണ് വീട് വിട്ട് പോയതെന്നും ഇപ്പോള്‍ സംതൃപ്തിയോടെയാണ് ജീവിക്കുന്നതെന്നും ഓഡ്രി വെളിപ്പെടുത്തി.
1962ല്‍ കാണാതായ ദിവസം കുഞ്ഞിനെ നോക്കുന്ന ഒരു തൊഴിലാളി വിസ്‌കോണ്‍സിനിലെ മാഡിസണിലേക്ക് ഓഡ്രിക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. അവിടെ നിന്ന് അവര്‍ ഇന്ത്യാനയിലെ ഇന്ത്യാനപോളിസിലേക്ക് ഒരു ബസില്‍ കയറി. അതിന് ശേഷം ഓഡ്രിയെ ആരും കണ്ടിട്ടില്ല. അവര്‍ ഒരിക്കലും തന്റെ കുട്ടികളെ ഉപേക്ഷിക്കില്ലെന്ന് അവളുടെ കുടുംബം വിശ്വസിച്ചിരുന്നു. എന്നാല്‍, കുഞ്ഞിനെ നോക്കുന്ന ജീവനക്കാരി നല്‍കിയ സാക്ഷിമൊഴി തികച്ചും വ്യത്യസ്തമായിരുന്നു. പോലീസും ബന്ധുക്കളും വലിയ തോതിലുള്ള തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. ഒടുവില്‍ കേസിനെക്കുറിച്ച് എല്ലാവരും മറന്നു.
advertisement
പോലീസ് നടത്തിയ അന്വേഷണത്തില്‍ 15 വയസ്സില്‍ ഓഡ്രിയുടെ വിവാഹം കഴിഞ്ഞിരുന്നതായും അവര്‍ വലിയ തോതിലുള്ള ഗാര്‍ഹിക പീഡനത്തിനും മാനസികപീഡനത്തിനും ഇരയായിരുന്നതായും കണ്ടെത്തി. വിവാഹജീവിതത്തിലെ അസന്തുഷ്ടിയാണ് വീട് വിട്ട് പോകാന്‍ അവരെ പ്രേരിപ്പിച്ചതെന്നും കണ്ടെത്തി.
ഓഡ്രി സ്വമേധയാ വീട് വിട്ടുപോയതാണെന്നും അതിന്റെ പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളൊന്നും ഇല്ലെന്നും ഷെരീപ് ചിപ്പ് മാസ്റ്റര്‍ സ്ഥിരീകരിച്ചു. ''പഴയ കേസുകളില്‍ പോലും നീതിയും സത്യവും കൈവരിക്കാന്‍ കഴിയുമെന്ന് ഈ കേസ് സാക്ഷ്യപ്പെടുത്തുന്നു. സമര്‍പ്പണവും ക്ഷമയും മാത്രമാണ് ആവശ്യം,''അദ്ദേഹം പറഞ്ഞു.
advertisement
ഇതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു നിഗൂഡതയ്ക്കാണ് അന്ത്യം കുറിച്ചിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 07, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടുവഴക്കിനെത്തുടർന്ന് കാണാതായ 22 കാരിയെ കണ്ടെത്തിയത് 60 വർഷം കഴിഞ്ഞ്