റോഡരികിൽ മൃദംഗം വായിക്കുന്ന എംവിഡി ഉദ്യോഗസ്ഥൻ; പാട്ടുപാടുന്ന ബൈക്ക് യാത്രികൻ; ഇതെന്താ സംഭവമെന്ന് നെറ്റിസൻസ്
- Published by:Rajesh V
- news18-malayalam
Last Updated:
വീഡിയോ പ്രചരിച്ചെങ്കിലും ഇതെന്താ സംഭവമെന്ന ആകാംക്ഷയിലായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ
പത്തനംതിട്ട: റോഡരികിൽ മൃദംഗം വായിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെയും താളത്തിനൊത്ത് പാട്ട് പാടുന്ന ബൈക്ക് യാത്രികന്റെയും വീഡിയോ വൈറൽ. എന്നാൽ ഇതിന് പിന്നിൽ എന്താണെന്ന് അധികമാരും അറിഞ്ഞിട്ടുണ്ടാകില്ല. പത്തനംതിട്ട മല്ലപ്പള്ളിയിൽ നിന്നുള്ളതാണ് ഈ ദൃശ്യം. വീഡിയോ പ്രചരിച്ചെങ്കിലും ഇതെന്താ സംഭവമെന്ന ആകാംക്ഷയിലായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ. എം വി ഡി ഉദ്യോഗസ്ഥനായ അജിത്ത് ആൻഡ്രൂസാണ് വീഡിയോയില്‍ മൃദംഗം വായിക്കുന്നത്. പാടുന്നത് കലാകാരനായ സുമേഷ് മലപ്പള്ളിയും.
സംഭവം ഇങ്ങനെ. മല്ലപ്പള്ളിക്ക് സമീപം പതിവ് വാഹന പരിശോധനയിലായിരുന്നു അജിത്തും സംഘവും. ഇതിനിടെയാണ് ഒരു ബൈക്കിൽ പുറകിൽ ഇരിക്കുന്നയാൾ ഹെൽമറ്റ് വച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെടുന്നത്. കൈകാണിച്ച് നിർത്തി, ആള് ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ബൈക്കിന് പിന്നിലിരുന്നത് സുഹൃത്താണെന്ന് അജിത്തിന് മനസ്സിലായത്. ഇരുവരും കലാരംഗത്ത് ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ്. വർഷങ്ങളായി പരിചയമുള്ളവരാണ്. ഒരുമിച്ച് സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്.
advertisement
സുഹൃത്തായതിനാല്‍ പെറ്റിയടിച്ചില്ലെന്ന് ചിന്തിച്ചെങ്കിൽ തെറ്റി. ജോലിയും സൗഹൃദവും കൂട്ടിക്കലർത്താൻ കഴിയില്ലെന്ന് അജിത്ത് ആൻഡ്രൂസ് പറയുന്നു. "ഇത് സുരക്ഷയുടെ കാര്യമാണ്. അവിടെയുണ്ടായിരുന്ന വേറെ ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരോട് ഞങ്ങൾ തമ്മിലെ ബന്ധം പറഞ്ഞപ്പോൾ മൃദംഗം വായിക്കാനും പാട്ട് പാടാനും നിർബന്ധിച്ചു. അങ്ങനെ സുമേഷ് പാടി, ഞാൻ മൃദംഗം വായിച്ചു. അതാണ് സംഭവിച്ചത്." - അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാട്ട് കഴിഞ്ഞ് സ്ഥലത്ത് നിന്ന് പോയി അഞ്ച് മിനിട്ടായപ്പോഴേക്കും പെറ്റിയടയ്ക്കാനുള്ള മെസേജ് സുമേഷിന്റെ ഫോണിൽ വന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
April 09, 2025 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റോഡരികിൽ മൃദംഗം വായിക്കുന്ന എംവിഡി ഉദ്യോഗസ്ഥൻ; പാട്ടുപാടുന്ന ബൈക്ക് യാത്രികൻ; ഇതെന്താ സംഭവമെന്ന് നെറ്റിസൻസ്


