സ്വന്തമായി ഒരു 'രാജ്യം'സൃഷ്ടിച്ചതിന് പിന്നാലെ ആ രാജ്യത്തേക്ക് പര്യടനം നടത്താൻ ആളുകളെ സ്വാഗതം ചെയ്ത് സ്വയം പ്രഖ്യാപിത ആൾദൈവ നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ഇയാൾ ഇക്വഡോറിലാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.
'കൈലാസ' എന്ന് പേരിട്ട രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് നിത്യാനന്ദ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റ് വഴിയാകും കൈലാസയിലേക്കെത്താൻ കഴിയുക എന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്.
നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം സംബന്ധിച്ച വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും തന്‍റെ 'രാജ്യത്തേക്ക്' 'ഗരുഡ'എന്ന പേരിൽ ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. തന്‍റെ അനുയായികൾക്ക് ഓസ്ട്രേലിയയിൽ വന്ന ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകൾ. ഒരു റൂട്ട് മാപ്പും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്.
പീഡന കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിത്യാനന്ദ, 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ. അതിസമ്പന്നരും അധികാരത്തിലുള്ളവരും ഉൾപ്പെടെ നിരവധി അനുയായികള്‍ ഇയാള്‍ക്കുണ്ട്. ഇവരാണ് ഇക്വഡോറിൽ ഒരു ദ്വീപ് സ്വന്തമാക്കാൻ ഇയാൾ സഹായിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവിടെ സൃഷ്ടിച്ചെടുത്ത കൈലാസ ഹൈന്ദവ രാഷ്ട്രത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട് .
നിലവിൽ ആളുകളുടെ സന്ദർശനം മൂന്ന് ദിവസത്തേക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുകയാണ്, ഇവർക്ക് ഭക്ഷണവും താമസവും ഒക്കെ സൗജന്യമായിരിക്കും. കൂടുതൽ ദിവസം തങ്ങണമെന്ന് ആഗ്രഹമുള്ളവർ വിസയ്ക്കായി അപേക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.