പന്നികൾക്കായി സംഗീത പരിപാടി; ലക്ഷ്യം സംരക്ഷണത്തിനായി പണം കണ്ടെത്തൽ
- Published by:Jayashankar AV
- trending desk
Last Updated:
വിചിത്രമാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം പക്ഷെ പന്നികള്‍ക്കും സംഗീതം ഇഷ്ടമാണ്. ഇക്കാരണത്താല്‍ കൂടിയാണ് ഇംഗ്ലണ്ടിലെ ഹഡേഴ്‌സ്ഫീല്‍ഡിലുള്ള ഒരു മൃഗ സംരക്ഷണ കേന്ദ്രം പന്നികള്‍ക്കായി ഒരു സംഗീത പരിപാടി സംഘടിപ്പിച്ചത്. പന്നികള്‍ നന്നായി പരിപാടി ആസ്വദിച്ചു എന്നാണ് സംഭവത്തെ കുറിച്ച്‌റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പന്നിക്കൂടത്തിന് നടുവില്‍ ഇരുന്നാണ് ഗായകര്‍ പരിപാടി അവതരിപ്പിച്ചത്. ലോകത്ത് തന്നെ ഒരുപക്ഷെ ആദ്യമായി ആയിരിക്കും പന്നികള്‍ക്ക് മാത്രമായി ഒരു സംഗീത പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഓര്‍ച്ചാര്‍ഡ് പിഗ് ഗിഗ് എന്ന പേരിലാണ് സംഗീത പരിപാടി നടത്തിയത്. ക്ലാസിക്കല്‍, റാപ്പ്, ജാസ് തുടങ്ങിയ സംഗീതങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
സസ്യാഹാര പ്രേമികളാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്. പന്നികളുടെ സംരക്ഷണത്തിനായി തുക കണ്ടെത്തുകയാണ് പ്രധാനമായും ഇത്തരമൊരു സംഗീത പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മൃഗങ്ങള്‍ക്ക് എതിരെ നടക്കുന്ന ക്രൂരതകള്‍ തുറന്ന് കാണിച്ച് പന്നികളെ ഇറച്ചി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന തുകയിലൂടെ മൃഗസംരക്ഷണ കേന്ദ്രത്തിലെ പന്നികള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം നല്‍കാമെന്നും സംഘാടകര്‍ കണക്ക് കൂട്ടുന്നു.
advertisement
സംഗീത പരിപാടി നടക്കുന്ന സമയത്ത് സന്ദര്‍ശകര്‍ക്ക് ഇടയിലൂടെ പന്നികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടുത്തെ പന്നികള്‍ക്ക് കൂട്ടം കൂടി സംഗീതം ആസ്വദിക്കാനും ഡാന്‍സ് ചെയ്യാനും വലിയ ഇഷ്ടമാണെന്ന് പിഗ് ഇന്‍ ദ വുഡ് മൃഗസംരക്ഷണ കേന്ദ്രത്തിലെ ഓപ്പറേഷന്‍ ഡയറക്ടറും ചെയര്‍മാനുമായ റസ്സല്‍ ഹഗാട്ട പറയുന്നു.
''ഈ വര്‍ഷത്തെ ഓര്‍ച്ചാര്‍ഡ് പിഗ് ഗിഗ് സംഗീത പരിപാടിക്ക് അവര്‍ കാത്തിരിക്കുകയായിരുന്നു. അകമഴിഞ്ഞ സംഭാവന കൂടാതെ സംരക്ഷണ കേന്ദ്രത്തിന് നിലനില്‍ക്കാനാകില്ല. 50,000 പൗണ്ട് സമാഹരിച്ച് കേന്ദ്രത്തിന് കൂടുതല്‍ സൗകര്യങ്ങളും മറ്റും ഒരുക്കാനാണ് തയ്യാറെടുക്കുന്നത്. ഇത്തരം മൃഗങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്ന സന്തോഷം ഓരോരുത്തര്‍ക്കും ഇതിലൂടെ മനസിലാക്കാവുന്നതാണ്,'' റസ്സല്‍ ഹഗാട്ട വിവരിച്ചു.
advertisement
കഴിയാന്‍ ഒരു സ്ഥലം മാത്രമല്ല പന്നികള്‍ അര്‍ഹിക്കുന്നത് ഇത്തരം സംഗീത പാര്‍ട്ടികളും അവര്‍ക്ക് വേണം എന്ന് സംഗീത പരിപാടിയുമായി സഹകരിക്കുന്ന സസ്യാഹാരിയും ബ്രാന്‍ഡ് മാനേജറുമായ എമിലെ ഗ്രെ പറഞ്ഞു. ഇംഗ്ലണ്ടില്‍ മാത്രമല്ല ലോകം എമ്പാടും പന്നികളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നും എമിലി പറഞ്ഞു.
''വളര്‍ത്തു മൃഗം എന്ന രീതിയില്‍ പന്നികളെ സംരക്ഷിക്കാനുള്ള യാതൊരു നിയമവും നിലവില്‍ ഇല്ല. മൈക്രോ പിഗ് എന്ന ഇനമാണെന്ന് പറഞ്ഞ് പന്നിക്കുട്ടികളെയാണ് വില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത്തരം ഒരു ഇനം പന്നികളില്ല. വളര്‍ന്നു വലുതാകേണ്ട പല പന്നികളും കുട്ടിയാകുമ്പോള്‍ തന്നെ അറവുശാലയില്‍ എത്തപ്പെടുന്നു,''പരിപാടിയുടെ വക്താവ് വിവരിച്ചു.
advertisement
ഓര്‍ച്ചാര്‍ഡ് പിഗ് ഗിഗ് പരിപാടിയിലൂടെ ലഭിച്ച പണം സംരക്ഷണ കേന്ദ്രത്തിലെ പന്നികള്‍ക്ക് വേണ്ടി മാത്രമല്ല ഉപയോഗിക്കപ്പെടുകയെന്നും മൃഗങ്ങള്‍ക്ക് എതിരെ നടക്കുന്ന ക്രൂരത തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായും വിനിയോഗിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. പ്രാദേശിക കലാകാരന്‍മാരാണ് ഇത്തരം ഒരു സംഗീത നിശയില്‍ പങ്കെടുത്തിരുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2021 11:26 AM IST