എന്ത് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും ഓരോ രക്ഷിതാവും തങ്ങളുടെ മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ്. തന്റെ മക്കള്‍ക്ക് വേണ്ടിയുള്ള ഭിന്നശേഷിക്കാരനായ ഒരു പിതാവിന്റെ (specially-abled father) പ്രവൃത്തികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐഎഎസ് ഓഫീസര്‍ സോനല്‍ ഗോയല്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ഭിന്നശേഷിക്കാരന്‍ തന്റെ മക്കളെ (children) മുച്ചക്ര സൈക്കിളില്‍ (tricycle) സ്‌കൂളിലേക്ക് (school) കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. അദ്ദേഹത്തിന്റെ മകള്‍ സൈക്കിളിന്റെ പിന്നിലും മകന്‍ മുന്നിലുമാണ് ഇരിക്കുന്നത്. സൈക്കിളിന്റെ സൈഡില്‍ രണ്ട് സ്‌കൂള്‍ ബാഗുകള്‍ തൂക്കിയിട്ടിരിക്കുന്നതും കാണാം. ഭിന്നശേഷിക്കാരനായിട്ടും അയാള്‍ നിരാശനാകാതെ മക്കളോടുള്ള തന്റെ കടമകൾ നിറവേറ്റുന്നത് കരളലിയിക്കുന്ന കാഴ്ചയാണ്.
തന്റെ വൈകല്യം മക്കളുടെ ഭാവിയ്ക്ക് തടസമാകരുതെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ആ കടമ അദ്ദേഹം കൃത്യമായി നിറവേറ്റുന്നുണ്ട്. 1.4 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പ്രതികൂല സാഹചര്യങ്ങളിലും തളരാതെ കഠിനാധ്വാനം ചെയ്യാനുള്ള പിതാവിന്റെ ദൃഢനിശ്ചയത്തെ നിരവധി ഉപയോക്താക്കള്‍ പ്രശംസിച്ചു. അദ്ദേഹം ഉത്തരവാദിത്തമുള്ള ഒരു പിതാവാണെന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്. ഈ കുടുംബത്തെ സഹായിക്കാൻ തയ്യാറായി മറ്റൊരാള്‍ രംഗത്തെത്തി. ആളുകള്‍ അവരുടെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയയ്ക്കുന്ന കാലത്താണ് ഇത്തരമൊരു കാഴ്ച്ചയെന്ന് മറ്റൊരാൾ കുറിച്ചു.
അടുത്തിടെ വഴിയരികില്‍ സിന്ധി സ്‌റ്റൈല്‍ ചോലെ റൈസ് വില്‍ക്കുന്ന ഒരു ഭിന്നശേഷിക്കാരനായ കച്ചവടക്കാരന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ഇടതുകൈപ്പത്തി ഇല്ലാത്ത കച്ചവടക്കാരന്‍ വളരെ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയിലെ ദൃശ്യം.
പൂര്‍ണ്ണ ആരോഗ്യവാനായിരുന്നിട്ടും പലതിനും മടിക്കുന്ന ആളുകളുള്ള ഈ സമൂഹത്തില്‍ തന്റെ പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഇദ്ദേഹം ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്യുന്ന ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
അമല്‍ സിരോഹി എന്ന ഫുഡ് ബ്‌ളോഗറുടെ ഫൂഡി ഇന്‍കാര്‍നേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിന്ധി സ്റ്റൈലില്‍ തയ്യാറാക്കിയ ചോറും മസാലെദാര്‍ ചോലെക്കറിയുമാണ് ഇദ്ദേഹത്തിന്റെ കടയിലെ സ്‌പെഷ്യല്‍ വിഭവം. 15 വര്‍ഷത്തോളമായി നാഗ്പുരിലെ ജാരിപത്ക മേഖലയില്‍ ആണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.
മുംബൈയിലെ തെരുവില്‍ കൈകള്‍ നഷ്ടപ്പെട്ട ഒരാള്‍ പാവ് ബജി വില്‍ക്കുന്ന വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുംബൈയിലെ തിരക്കേറിയ തെരുവായ മലാദ് മേഖലയിലാണ് അദ്ദേഹം ബജി വില്‍ക്കുന്നത്. ഒരു കൈ ഉപയോഗിച്ചാണ് അദ്ദേഹം ബജിക്കുള്ള കൂട്ട് തയ്യാറാക്കുന്നത്. അപകടത്തില്‍ നഷ്ടപ്പെട്ട കൈയുടെ കക്ഷത്തില്‍ കത്തി പിടിച്ചാണ് ഇദ്ദേഹം ബജി തയ്യാറാക്കുന്നതിനുള്ള പച്ചക്കറികള്‍ അരിയുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥയായ സോനല്‍ ഗോയല്‍ ആണ് മിതേഷിന്റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.