ഉലകനായകന്റെ പഴയകാല ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസ നേർന്ന് നടിയും സംവിധായകയുമായ സുഹാസിനി. ചിത്രത്തിൽ കാണുന്ന ചെറിയ കുട്ടി തന്റെ അമ്മാവനായ കമൽ ആണെന്ന കുറിപ്പോടെയാണ് സുഹാസിനി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കമൽ ഹാസന്റെ അറുപത്തിയാറാം ജന്മദിനമാണിന്ന്.
കമൽ ഹാസന്റെ സഹോദരനും നടനുമായ ചാരുഹാസന്റെ മകളാണ് സുഹാസിനി. കമൽ ഹാസനും ചാരു ഹാസനും ഒപ്പമുള്ള കുടുംബ ചിത്രവും സുഹാസിനി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മക്കളായ ശ്രുതി ഹാസനും അക്ഷരാ ഹാസനും താരത്തിന് ജന്മദിന ആശംസകൾ നേർന്ന് സോഷ്യൽമീഡിയയിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാമനാഥപുരത്തെ പരമകുടിയിലെ കുടുംബ വീട്ടിലാണ് കമൽ ഹാസൻ പിറന്നാൾ ആഘോഷിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു. അനുഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
1954 നവംബർ 7 ന് ജനിച്ച കമൽ ഹാസൻ ആറ് വയസ്സുള്ളപ്പോൾ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. 1960 ൽ പുറത്തിറങ്ങിയ കലത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എട്ടാം വയസ്സിൽ മലയാളത്തിലും കമൽ എത്തി. കണ്ണും കരളും ആയിരുന്നു ചിത്രം. ചിത്രത്തിലെ ബാബു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ്, കന്നഡ, തെലുങ്കു, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് അറുപത് വർഷം പൂർത്തിയാക്കി അപൂർവം അഭിനേതാക്കളിൽ ഒരാളാണ്. നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.