തമിഴ് സിനിമ ഡ്രാഗൺ കണ്ട് ഇന്‍ഫോസിസില്‍ ജോലിക്ക് ആള്‍മാറാട്ടം: 15 ദിവസത്തില്‍ യുവ എഞ്ചിനീയര്‍ പിടിയിലായി
- Published by:ASHLI
- news18-malayalam
Last Updated:
ജോബ് പോര്‍ട്ടല്‍ വഴിയാണ് പ്രശാന്ത് ജോലിക്കായി അപേക്ഷ നല്‍കിയത്
ഇന്‍ഫോസിസില്‍ ജോലി ലഭിക്കാന്‍ ആള്‍മാറാട്ടം നടത്തിയ യുവ എഞ്ചിനീയര്‍ പിടിക്കപ്പെട്ടു. കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ച് 15 ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.
'ഡ്രാഗണ്‍' എന്ന തമിഴ് സിനിമയെ അനുകരിച്ചാണ് തെലങ്കാനയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ റാപ്പ സായ് പ്രശാന്ത് ഇന്‍ഫോസിസില്‍ ജോലി ഉറപ്പാക്കാന്‍ ആള്‍മാറാട്ടം നടത്തിയത്. എന്നാല്‍, 15 ദിവസത്തിനുളളില്‍ കള്ളിവെളിച്ചത്തായി പിടിക്കപ്പെട്ടു. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഇന്‍ഫോസിസ് നടത്തിയ വിര്‍ച്വല്‍ അഭിമുഖത്തില്‍ പ്രശാന്തിന് പകരം പങ്കെടുത്തത് അദ്ദേഹത്തിന്റെ സുഹൃത്താണ്. പിന്നാലെ കമ്പനി പ്രശാന്തിന്റെ നിയമനം റദ്ദാക്കി അയാളെ പിരിച്ചുവിട്ടു.
ജോബ് പോര്‍ട്ടല്‍ വഴിയാണ് പ്രശാന്ത് ജോലിക്കായി അപേക്ഷ നല്‍കിയത്. റിക്രൂട്ട്‌മെന്റ് നടത്തിയ സംപ്രദ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസില്‍ ബയോഡാറ്റയും സമര്‍പ്പിച്ചിരുന്നു. സംപ്രദയിലെ മാനേജര്‍ ശിവ പ്രകാശ് പ്രശാന്ത് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം ഇന്‍ഫോസിസിലേക്ക് കൈമാറി. തുടര്‍ന്ന് ഇന്‍ഫോസിസ് വിര്‍ച്വല്‍ അഭിമുഖം നടത്തുകയും ജനുവരി 20-ന് പ്രശാന്തിന് ഓഫര്‍ ലെറ്റര്‍ അയക്കുകയും ചെയ്തു.
advertisement
പ്രശാന്ത് ജോലിക്ക് കയറിയതിന് പിന്നാലെയാണ് ആള്‍മാറാട്ടം പൊളിയുന്നത്. അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴുള്ള പ്രശാന്തിന്റെ ശബ്ദവും നേരിട്ട് സംസാരിക്കുമ്പോഴുള്ള ശബ്ദവും തമ്മില്‍ പൊരുത്തക്കേടുള്ളത് സഹപ്രവര്‍ത്തകരില്‍ സംശയമുണര്‍ത്തി. മാത്രമല്ല, അഭിമുഖത്തില്‍ വ്യക്തമായും ആത്മവിശ്വാസത്തോടെയും സംസാരിച്ച പ്രശാന്ത് നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നതായും സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കി. അഭിമുഖത്തില്‍ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്നയാള്‍ ജോലിക്ക് കയറിയപ്പോള്‍ ആ മികവ് കാണിച്ചില്ല. ഇതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ഒടുവിലാണ് ആള്‍മാറാട്ടം പിടിക്കപ്പെട്ടത്.
ഈ പൊരുത്തക്കേടുകളെ തുടര്‍ന്ന് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് പ്രശാന്ത് ആള്‍മാറാട്ടം നടത്തിയതായി തെളിഞ്ഞതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിര്‍ച്വല്‍ അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രശാന്തിന്റെ ചിത്രങ്ങളുമായി ഒത്തുനോക്കിയപ്പോള്‍ മറ്റൊരാള്‍ പ്രശാന്തിനുവേണ്ടി പ്രവര്‍ത്തിച്ചതായി ഇന്‍ഫോസിസിന്റെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
advertisement
തെലങ്കാനയില്‍ നിന്നുള്ള പ്രശാന്ത് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ശേഷം ഹൈദരബാദിലേക്ക് പോയി. എന്നാല്‍, വഞ്ചന കാണിച്ചിട്ടും 15 ദിവസം ജോലി ചെയ്തതിനുള്ള വേതനം അയാള്‍ ആവശ്യപ്പെടുന്നുണ്ട്. പോലീസ് പ്രശാന്തിനെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഭാരതീയ ന്യായ സംഹിത, ഐടി നിയമം എന്നിവയുടെ 318 (വഞ്ചന), 319 (ആള്‍മാറാട്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രശാന്തിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.
സമീപ വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017-ല്‍ ഗുരുഗ്രാമില്‍ പ്രൈമറി അധ്യാപക നിയമന പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളായി ആള്‍മാറാട്ടം നടത്തിയതിന് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 2016-ലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് ആയുര്‍വേദ പ്രീ മെഡിക്കല്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ 12 പേരെയാണ് പോലീസ് പിടികൂടിയത്.
advertisement
2012-ല്‍ എയിംസ് ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്കിടെ തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപേക്ഷകര്‍ക്ക് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ വഴി ഉത്തരങ്ങള്‍ ലഭിച്ചതായും ചോദ്യ പേപ്പര്‍ അത്യാധൂനിക സെല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തിരുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 25, 2025 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തമിഴ് സിനിമ ഡ്രാഗൺ കണ്ട് ഇന്‍ഫോസിസില്‍ ജോലിക്ക് ആള്‍മാറാട്ടം: 15 ദിവസത്തില്‍ യുവ എഞ്ചിനീയര്‍ പിടിയിലായി