കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് തുടർന്നും വേതനം നൽകും; ശ്രദ്ധേയമായ പ്രഖ്യാപനവുമായി ടാറ്റ സ്റ്റീൽസ്
- Published by:user_57
- news18-malayalam
Last Updated:
മരണത്തിന് മുമ്പ് ലഭിച്ചിരുന്ന അതേ വേതനം തന്നെയാകും മരണശേഷം കുടുംബാംഗങ്ങൾക്ക് ലഭിക്കുക
സഹാനുഭൂതി നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് വ്യവസായിയായ രത്തൻ ടാറ്റ. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്നയാളാണെന്നും രത്തൻ ടാറ്റയെക്കുറിച്ച് പൊതുവെ പറയാറുണ്ട്. തനിക്ക് വേണ്ടിയും തന്റെ കമ്പനിയായ ടാറ്റ സ്റ്റീലിന് വേണ്ടിയും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരെ ഏത് വിധേനെയും സഹായിക്കാൻ രത്തൻ ടാറ്റ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ട്.
അത്തരമൊരു മാതൃകയാണ് കോവിഡ് 19-ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച ചില നടപടികളിലൂടെ രത്തൻ ടാറ്റ വീണ്ടും സൃഷ്ടിക്കുന്നത്. മഹാമാരിക്കാലത്ത് ടാറ്റ സ്റ്റീലിന് വേണ്ടി ജോലി ചെയ്യുന്നവരിൽ കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ സാമൂഹ്യ സുരക്ഷാ പദ്ധതികൾ വിപുലമാക്കിയതിനെ തുടർന്നാണ് ഇപ്പോൾ രത്തൻ ടാറ്റയുടെ ഇടപെടലുകൾ ശ്രദ്ധിക്കപ്പെടുന്നത്.
കോവിഡ് 19 രോഗബാധ മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബത്തിന് തുടർന്നും വേതനം നൽകുമെന്ന ശ്രദ്ധേയമായ പ്രഖ്യാപനമാണ് രത്തൻ ടാറ്റ നടത്തിയിരിക്കുന്നത്. കോവിഡ് മൂലം മരണമടഞ്ഞ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 60 വയസ് തികയുന്നതുവരെ വേതനം നൽകുമെന്നാണ് ജംഷഡ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റീൽ നിർമാണ കമ്പനി ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. മരണത്തിന് മുമ്പ് ലഭിച്ചിരുന്ന അതേ വേതനം തന്നെയാകും മരണശേഷം കുടുംബാംഗങ്ങൾക്ക് ലഭിക്കുക. വേതനത്തിന് പുറമെ മെഡിക്കൽ ആനുകൂല്യങ്ങളും പാർപ്പിട സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ടാറ്റ സ്റ്റീൽസ് അറിയിക്കുന്നു.
advertisement
ടാറ്റ സ്റ്റീൽസ് കൈക്കൊണ്ട മനുഷ്യത്വപൂർണമായ സമീപനത്തെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടാറ്റ സ്റ്റീൽസ് നിർണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. വേതനത്തിനും മെഡിക്കൽ ആനുകൂല്യങ്ങൾക്കും പാർപ്പിട സൗകര്യത്തിനും പുറമെ കോവിഡ് മൂലം അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങേണ്ടി വന്ന ജീവനക്കാരുടെ കുട്ടികൾക്ക് ഇന്ത്യയിൽ ബിരുദം വരെയുള്ള വിദ്യാഭ്യാസം നേടുന്നതിന് വേണ്ട എല്ലാവിധ ചെലവുകളും വഹിക്കുമെന്നും ടാറ്റ സ്റ്റീൽസ് അറിയിക്കുന്നു.
#TataSteel has taken the path of #AgilityWithCare by extending social security schemes to the family members of the employees affected by #COVID19. While we do our bit, we urge everyone to help others around them in any capacity possible to get through these tough times. pic.twitter.com/AK3TDHyf0H
— Tata Steel (@TataSteelLtd) May 23, 2021
advertisement
കമ്പനിയുടെ പ്രവർത്തനങ്ങളിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള ജീവനക്കാരെ എല്ലാ വിധത്തിലും പിന്തുണയ്ക്കുമെന്നും അവരുടെ സുരക്ഷയ്ക്കും സൗഖ്യത്തിനും വേണ്ടി എല്ലാക്കാലവും ടാറ്റ സ്റ്റീൽ കുടുംബം നിലകൊള്ളുമെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളാൽ കഴിയുന്ന സഹായം ഞങ്ങൾ ചെയ്യുമ്പോൾ എല്ലാവരും അവരവരാൽ കഴിയുന്ന വിധത്തിൽ ഈ ദുഷ്കരമായ കാലഘട്ടം അതിജീവിക്കാൻ പരസ്പരം സഹായവും പിന്തുണയും നൽകണമെന്നും ടാറ്റ സ്റ്റീൽസ് ആഹ്വാനം ചെയ്യുന്നു.
കോവിഡ് മഹാമാരി ഒരു ജനതയെ മുഴുവൻ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട സാഹചര്യത്തിൽ ടാറ്റ സ്റ്റീൽസ് വലിയ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും കൂടുതൽ കമ്പനികൾ സമാനമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഉയരുന്നുണ്ട്. ടാറ്റ സ്റ്റീൽസിലെ മറ്റു ജീവനക്കാരും തങ്ങളുടെ കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തുന്നു. ടാറ്റയുടെ പ്രവർത്തനരീതി ഇങ്ങനെയാണെന്നും അത് കച്ചവടത്തിന് അതീതമായ ഒരു സംസ്കാരമാണെന്നും അവർ അവകാശപ്പെടുന്നു.
advertisement
Keywords: Tata Steel, Ratan Tata, Covid 19, Social Security Schemes, Employee Benefits, രത്തൻ ടാറ്റ, ടാറ്റ സ്റ്റീൽസ്, കോവിഡ് 19, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് തുടർന്നും വേതനം നൽകും; ശ്രദ്ധേയമായ പ്രഖ്യാപനവുമായി ടാറ്റ സ്റ്റീൽസ്