'ഈ മാർക്ക് നിൻെറ ബുദ്ധിക്കുള്ളതാണ്'; ഉത്തരപേപ്പർ വായിച്ച് ചിരിയടക്കാനാകാതെ അഞ്ച് മാർക്ക് വെറുതെ നൽകി അധ്യാപകൻ
- Published by:Sarika KP
- news18-malayalam
Last Updated:
തമാശ നിറഞ്ഞ ഉത്തരങ്ങൾ എഴുതിയ ഒരു ഹിന്ദി ഉത്തരപേപ്പറാണ് അധ്യാപകൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
പരീക്ഷയിലെ ചോദ്യങ്ങൾക്ക് ആരും പ്രതീക്ഷിക്കാത്ത ഉത്തരങ്ങൾ നൽകി അധ്യാപകരെ ഞെട്ടിക്കുന്ന വിദ്യാർഥികൾ ഏറിവരുന്ന കാലമാണിത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഉത്തരങ്ങളാണ് വിദ്യാർഥികൾ എഴുതി വെക്കാറുള്ളത്. അത്തരമൊരു ഉത്തരപേപ്പർ കണ്ട് ചിരി അടക്കാനാവാതെ വിദ്യാർഥിക്ക് 5 മാർക്ക് വെറുതെ നൽകിയിരിക്കുകയാണ് ഒരു അധ്യാപകൻ. എഴുതിയ ഉത്തരങ്ങൾ തെറ്റായിട്ടും ഈ ബുദ്ധിക്ക് ഞാൻ 5 മാർക്ക് നൽകുകയാണ് എന്നാണ് അധ്യാപകൻ പറയുന്നത്.
തമാശ നിറഞ്ഞ ഉത്തരങ്ങൾ എഴുതിയ ഒരു ഹിന്ദി ഉത്തരപേപ്പറാണ് അധ്യാപകൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. @n2154j എന്ന പ്രൊഫൈലിൽ നിന്നാണ് ഉത്തരപേപ്പറിൻെറ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദി ഉത്തരപേപ്പറിലാണ് വിദ്യാർഥി രസകരമായ ഉത്തരങ്ങൾ എഴുതി വെച്ചിരിക്കുന്നത്.
"എന്താണ് സംയുക്ത വ്യഞ്ജനാക്ഷരം?" എന്നതാണ് ആദ്യത്തെ ചോദ്യം. “മട്ടർ പനീറും എല്ലാം പച്ചക്കറികളും ഇട്ട് വെക്കുന്ന കറികളും” – ഇങ്ങനെയാണ് വിദ്യാർഥി ഉത്തരമെഴുതിയത്. ഭൂതകാലം എന്നാൽ എന്താണ് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. നമ്മുടെ പഴയകാലം പഴയതായി മാറുമ്പോൾ അതാണ് ഭൂതകാലം എന്നാണ് കുട്ടി ഉത്തരമെഴുതിയത്.
advertisement
advertisement
മൂന്നാമത്തെ ചോദ്യത്തിനും കുട്ടി രസകരമായ ഉത്തരം തന്നെയാണ് എഴുതിയത്. എന്താണ് ബഹുവചനം എന്നതായിരുന്നു ചോദ്യം. ഭർത്താവിൻെറ അമ്മയുടെയും അച്ഛൻെയും വാക്കുകൾ അനുസരിക്കുന്ന മരുമകളാണ് ബഹുവചനം എന്നാണ് കുട്ടി ഉത്തരമായി എഴുതിയിരിക്കുന്നത്. ഉത്തരങ്ങളെല്ലാം തന്നെ വല്ലാതെ രസിപ്പിച്ചുവെന്നാണ് അധ്യാപകൻ പറയുന്നത്.
ആകെ പത്ത് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്കാണ് നൽകിയത്. വിദ്യാർഥി എഴുതിയ അഞ്ച് ഉത്തരങ്ങളും തെറ്റാണെന്നാണ് അധ്യാപകൻ മാർക്ക് ചെയ്തത്. എന്നിട്ടും പത്തിൽ അഞ്ച് മാർക്ക് നൽകി. ഇത് നിൻെറ രസകരമായ ഈ ചിന്തയ്ക്ക് നൽകുന്ന മാർക്കാണെന്നാണ് അധ്യാപകൻ ഉത്തരപേപ്പറിൽ എഴുതിയത്.
advertisement
കുട്ടിയുടെ ബുദ്ധിയെ പുകഴ്ത്തി നിരവധി പേർ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമൻറ് ചെയ്യുന്നുണ്ട്. ഇത് പത്തിൽ പത്ത് മാർക്ക് നൽകേണ്ട ഉത്തര പേപ്പറാണെന്നാണ് ഒരാളുടെ കമൻറ്. ഈ കുട്ടി പ്രോത്സാഹനം അർഹിക്കുന്നുവെന്ന് മറ്റൊരാൾ കമൻറ് ചെയ്തിട്ടുണ്ട്. ഈ ഉത്തരങ്ങൾ വായിച്ചാൽ ആരും ചിരിച്ച് പോകുമെന്നാണ് മറ്റൊരു കമൻറ്. അധ്യാപകനെയും വിദ്യാർഥിയെയും നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. അഞ്ച് മാർക്ക് കൊടുത്തതിൽ തെറ്റില്ലെന്നാണ് പലരുടെയും അഭിപ്രായം.
രാജസ്ഥാനിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ ഉത്തരപേപ്പറുകൾ ഇത് പേലെ ഈയടുത്ത് വൈറലായിരുന്നു. BLOയുടെ പൂർണരൂപം എന്താണെന്ന ചോദ്യത്തിന് രസകരമായ ഉത്തരങ്ങളാണ് വിദ്യാർഥികൾ എഴുതിയിരുന്നത്. രോഗത്തിൻെറയും മരുന്നുകളുടെയും പേരുകളാണ് പല വിദ്യാർഥികളും എഴുതിവെച്ചത്. ഇന്ധനം ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്ത് ചെയ്യണമെന്നായിരുന്നു മറ്റൊരു ചോദ്യം. ജയ് ശ്രീറാം എന്നാണ് ഈ ചോദ്യത്തിന് ഉത്തരമായി ഒരു വിദ്യാർഥി എഴുതിയത്. “എനിക്ക് ഇതൊന്നും അറിയില്ല, അതുകൊണ്ട് എന്നോട് ചോദിക്കരുത്,” മറ്റൊരു വിദ്യാർഥി ഇങ്ങനെയും ഉത്തരമെഴുതി വെച്ചിട്ടുണ്ട്. ഈ ഉത്തരപേപ്പർ വിവാദമാവുകയും ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 18, 2024 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഈ മാർക്ക് നിൻെറ ബുദ്ധിക്കുള്ളതാണ്'; ഉത്തരപേപ്പർ വായിച്ച് ചിരിയടക്കാനാകാതെ അഞ്ച് മാർക്ക് വെറുതെ നൽകി അധ്യാപകൻ