സ്വന്തം ഹൃദയം തന്നെ മ്യൂസിയത്തിൽ പോയി സന്ദർശിച്ച ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ലണ്ടനിലെ ജെന്നിഫർ സട്ടൻ എന്ന യുവതിക്കാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വന്തം ഹൃദയം തന്നെ കാണാനുള്ള അവസരം കിട്ടിയത്. എന്നാൽ ശരീരത്തിനുള്ളിലെ ഹൃദയം മ്യൂസിയത്തിൽ എത്തിയതിനു പിന്നിലെ യഥാർത്ഥ കഥ എന്താണെന്ന് അറിയണ്ടേ?
16 വർഷങ്ങൾക്ക് മുൻപ് ഹൃദയസംബന്ധമായ ഒരു ഗുരുതര രോഗത്തെ തുടർന്നാണ് ജെന്നിഫറിന്റെ ഹൃദയം മാറ്റിവയ്ക്കപ്പെട്ടത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ അതിലൂടെ പുതിയ ഹൃദയം ജെന്നിഫർ സ്വീകരിക്കുകയായിരുന്നു. നിലവിൽ മറ്റൊരാളുടെ ഹൃദയവുമായി ജീവിക്കുന്ന ജെന്നിഫറിന്റെ പഴയ ഹൃദയം ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
2007 ജൂണിൽ ആയിരുന്നു അനുയോജ്യമായ ദാതാവിനെ കണ്ടെത്തിയതിനെ തുടർന്ന് ജെന്നിഫർ സട്ടണിന്റെ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ശാസ്ത്രക്രിയയ്ക്ക് ശേഷം ഹണ്ടേറിയൻ മ്യൂസിയത്തിൽ തന്റെ ഹൃദയം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ജെന്നിഫർ തന്നെയാണ് നൽകിയത്.
എന്നാൽ വർഷങ്ങൾക്ക് ശേഷം സ്വന്തം ഹൃദയത്തിലേക്ക് നോക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ചും അവർ പങ്കുവെച്ചു. ഇത് വളരെ അവിശ്വസനീയമായ അനുഭവം ആണെന്ന് അവർ പറയുന്നു. ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും കൂടിച്ചേരൽ പോലെ ആയിരുന്നു അത്. 22 വർഷം ആ ഹൃദയം തന്റെ ജീവൻ നിലനിർത്തിയതാണെന്നും അത് തന്റെ ശരീരത്തിൽ ആയിരുന്നു എന്നും അവർ ആ നിമിഷം ചിന്തിച്ചു. “അത് എന്റെ സുഹൃത്തിനെ പോലെയാണ്, സ്വന്തം ഹൃദയം കാണുന്നതും അത് തന്റേതാണെന്ന് അറിയുന്നതും വളരെ വിചിത്രമായ ഒരു അനുഭവം തന്നെ ആണെന്നും ജെന്നിഫർ പറയുന്നു
അതേസമയം അവയവദാനത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുകയാണ് ഇപ്പോൾ ജെന്നിഫർ സട്ടൺ. ഒരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ സ്വന്തം ജീവിതം തന്നെയാണ് മാറിമറിഞ്ഞതെന്നും അതിശയകരമായ 16 വർഷങ്ങൾ കഴിഞ്ഞുവെന്നും, തന്റെ ദാതാവിന് നന്ദി അറിയിച്ചു കൊണ്ട് അവർ പറഞ്ഞു. കൂടാതെ ഹൃദയത്തെ കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിര്‍ത്താനായി തിരക്കേറിയതും സജീവവുമായ ജീവിതമാണ് താനിപ്പോള്‍ നയിക്കുന്നതെന്നും ജെന്നിഫര്‍ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.