കാട്ടിലെ വേട്ടക്കാർ എന്നാണ് കടുവകൾ അറിയപ്പെടുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പുതിയ വീഡിയോയിൽ കടുവയ്ക്ക് അരികിലേയ്ക്ക് നടന്ന് അടുക്കുന്ന ആനയെ കാണാം. ആന പിന്നിൽ നിന്ന് നടന്നു വരുന്നത് കണ്ട കടുവ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് ഓടുന്നതാണ് കാണുന്നത്. ബോളിവുഡ് നടി ദിയ മിർസ ഷെയർ ചെയ്ത ഈ വീഡിയോ ആരംഭിക്കുന്നത് കടുവ കാട്ടിലെ പാതയുടെ മധ്യത്തിൽ സുഖമായി ഇരിക്കുന്നതാണ്. എന്നാൽ ആന കടുവയിരിക്കുന്നത് കൂസാതെ ഒരു സാധാരണ കാൽനട യാത്രക്കാരനായി പുറകിലൂടെ നടന്ന് കടുവയുടെ സമീപം എത്തുന്നതും കാണാം. ആന അടുത്തെത്തുമ്പോഴാണ് കടുവ തിരിഞ്ഞ് നോക്കുന്നത്. എന്നാൽ ആന കടുവയെ മൈൻഡ് പോലും ചെയ്യുന്നില്ല. എന്നാൽ ആന അടുത്ത് എത്തിയതോടെ ആനയ്ക്ക് കടന്നുപോകാൻ വഴിയൊരുക്കി കടുവ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്.
പോസ്റ്റിൽ, പ്രകൃതി, വന്യജീവി സംരക്ഷണ മാസികയായ സാങ്ച്വറി ഏഷ്യയെ ദിയ മിർസ ടാഗ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഫൂട്ടേജ് ചിത്രീകരിച്ച വ്യക്തിയെ അന്വേഷിക്കുന്നതായും ദിയ പോസ്റ്റിൽ കുറിച്ചു. വീഡിയോഗ്രാഫറെക്കുറിച്ച് അറിയാമെങ്കിൽ തന്നെ ബന്ധപ്പെടാൻ അവർ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദിയയുടെ ട്വീറ്റിന് 95,000ത്തിലധികം കാഴ്‌ചകളും 4,000 ത്തിലധികം ലൈക്കുകളും നിരവധി ഉപഭോക്താക്കളിൽ നിന്ന് കമന്റുകളും ലഭിച്ചു.
ആനയാണ് “വനത്തിന്റെ രക്ഷാധികാരി” എന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് കമന്റ് ചെയ്തു. വീഡിയോയിൽ രണ്ട് മൃഗങ്ങളുടെയും പെരുമാറ്റം കണ്ട് പലരും ആശ്ചര്യപ്പെട്ടു. കാട്ടിലെ രാജാവ് ആരാണെന്ന് ഈ വീഡിയോ കാണിച്ചു തന്നു. കടുവ തന്റെ ജീവൻ ഭയന്നാണ് ഓടിപ്പോയതെന്നും ചിലർ അഭിപ്രായപ്പെട്ടു.
മൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിൽ പ്രശസ്തനായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ പർവീൻ കസ്വാനും നടിയുടെ ട്വീറ്റിന് മറുപടി നൽകി. ആന ശരിക്കും കാട്ടിലെ രാജാവാണെന്നും മറ്റൊരു മൃഗവും ആനയ്ക്കെതിരെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വത്തിന്റെ ഉദാഹരണമാണ് ഈ വീഡിയോയെന്ന് മറ്റൊരു ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര സിംഗ് പറഞ്ഞു.
മൃഗങ്ങളിൽ നിന്നും അവയുടെ നിയമങ്ങളിൽ നിന്നും മനുഷ്യർക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. ഇത് ശരിക്കും ഒരു മനോഹരമായ വീഡിയോയാണ് പല ട്വിറ്റർ ഉപഭോക്താക്കളും കുറിച്ചു.
തമിഴ്നാട്ടിലെ കാട്ടാനക്കൂട്ടത്തിന്റെ വാഴത്തോട്ട ആക്രമണം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. കാട്ടാനക്കൂട്ടം വാഴത്തോട്ടം ആക്രമിച്ചതല്ല ഒരു വാഴ മാത്രം ആക്രമിക്കാതെ ഉപേക്ഷിച്ചതാണ് വാർത്തകളിൽ നിറഞ്ഞത്. അതിന്റെ കാരണം അന്വേഷിച്ച് ചെന്നപ്പോൾ കണ്ടത് മനസ് സന്തോഷിപ്പിക്കുന്ന ഒരു കാര്യമായിരുന്നു. കാട്ടാനക്കൂട്ടം ആക്രമിക്കാതെ പോയ ആ വാഴയിൽ ഒരു കിളിക്കൂട് ഉണ്ടായിരുന്നു. കിളിക്കൂടെന്ന് മാത്രമല്ല കിളിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് കിളിക്കുഞ്ഞുകളുള്ള ആ കൂട് നശിപ്പിക്കാതെ കാട്ടാനക്കൂട്ടം കടന്നു പോകുകയായിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.