• HOME
 • »
 • NEWS
 • »
 • buzz
 • »
 • Pilot | പൈലറ്റുമാർ ഉറങ്ങിപ്പോയി; 37000 അടി ഉയരത്തിൽ വിമാനം; ഉണർന്നത് ഉച്ചത്തിലുള്ള അലാറം കേട്ട്

Pilot | പൈലറ്റുമാർ ഉറങ്ങിപ്പോയി; 37000 അടി ഉയരത്തിൽ വിമാനം; ഉണർന്നത് ഉച്ചത്തിലുള്ള അലാറം കേട്ട്

നിര്‍ദേശിക്കപ്പെട്ട റണ്‍വേയില്‍ വിമാനം ഇറങ്ങാത്തതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) പൈലറ്റുമാരായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല

 • Last Updated :
 • Share this:
  37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ ( pilots) ഉറങ്ങിപ്പോയി. സുഡാനിലെ ( Sudan) ഖാര്‍ട്ടൂമില്‍ ( Khartoum) നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് (Addis Ababa) പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിലാണ് അസാധാരണ സംഭവം നടന്നത്. ബോയിങ് 737-800 ഇടി-343 യിലെ രണ്ട് പൈലറ്റുമാരാണ് ഉറങ്ങിപ്പോയതെന്നാണ്‌ ഏവിയേഷന്‍ ഹെറാല്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.

  വിമാനം ഓട്ടോ പൈലറ്റായിരുന്നതുകൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ (എഫ്എംസി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. എന്നാല്‍ നിര്‍ദേശിക്കപ്പെട്ട റണ്‍വേയില്‍ വിമാനം ഇറങ്ങാത്തതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) പൈലറ്റുമാരായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

  അതേസമയം, നിര്‍ദേശിക്കപ്പെട്ട റണ്‍വേ മറികടന്നതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് ഉച്ചത്തിൽ അലാറം മുഴങ്ങിയതോടെയാണ് പൈലറ്റുമാര്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. എന്നാല്‍ വിമാനം ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റിലധികം വൈകിയിരുന്നു. തുടര്‍ന്ന് അടിയന്തിര സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം റണ്‍വേയില്‍ ഇറക്കുകയായിരുന്നു.

  പിന്നീട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം അടുത്ത യാത്ര ആരംഭിച്ചത്. പൈലറ്റുമാർ ക്ഷീണിതരായതാണ് ഉറങ്ങിപ്പോകാൻ കാരണമായതെന്ന് ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മച്ചറസ് ട്വീറ്ററില്‍ പറഞ്ഞു.

  ഇക്കഴിഞ്ഞ മെയ് മാസത്തിലും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് റോമിലേക്ക് സഞ്ചരിക്കുന്നതിനിടെ ഒരു വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്.

  അതേസമയം, പൈലറ്റുമാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ വ്യോമയാന മേഖലയിലെ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്ന് പൈലറ്റ് അസോസിയേഷനുകള്‍ ആരോപിച്ചു.

  ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശക്തമായ കൊടുങ്കാറ്റിനിടെ പൈലറ്റുമാര്‍ വിമാനം പറത്തുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കൊടുങ്കാറ്റിനിടയില്‍ അപകടകരമായ സാഹചര്യത്തിലും പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂട്യൂബ് വഴി നടത്തിയ ലൈവ് സ്ട്രീം കണ്ടത് ലക്ഷകണക്കിന് പേരാണ്. യൂനിസ് കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിക്കുന്നതിനിടെ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതും ഇറങ്ങുന്നതും തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു ഒരു യൂട്യൂബ് ചാനല്‍.

  ബിഗ് ജെറ്റ് ടിവി അവതാരകന്‍ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയാണ് വീഡിയോ ഉണ്ടായിരുന്നത്. അതിശക്തമായ കാറ്റില്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്‌സ് തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശക്തമായ കാറ്റില്‍ നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശം ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തിയാണ് പൈലറ്റുമാര്‍ അപകടം ഒഴിവാക്കിയത്.

  വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു. ഇരു പിന്‍ചക്രങ്ങളും നിലംതൊട്ടതിന്റെ തൊട്ടടുത്ത നിമിഷം വിമാനം ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചെരിഞ്ഞു. ഒറ്റച്ചക്രത്തില്‍ മീറ്ററുകളോളം സഞ്ചരിച്ച വിമാനം പിന്നീട് നേരെയായെങ്കിലും പിന്നാലെ പറന്നുയരുകയായിരുന്നു. പറന്നുപൊങ്ങുന്നതിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഉരയുകയും ചെയ്തു.
  Published by:Arun krishna
  First published: