2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ജോ ബൈഡന് പിന്തുണയുമായി യുകെയിൽ നിന്നും ഒരു കടുത്ത ആരാധകൻ. ജോ ബൈഡന്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ഒരു മില്യൺ പൗണ്ടാണ് ഈ കട്ട ഫാൻ പന്തയം വെച്ചിരിക്കുന്നത്. ഇന്ത്യൻ തുക ഏകദേശം 9,65,28,670 രൂപ.
തിരഞ്ഞെടുപ്പിൽ വാതുവയ്പ്പ് യുഎസിൽ നിയമ വിരുദ്ധമാണെങ്കിലും യുകെയിലെ നിയമപരമായ വാതുവയ്പ്പ് വിപണിക്ക് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂതാട്ടക്കാർക്ക് ഒരു വലിയ വിപണിയാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വാതുവയ്പ്പിന് കൂടിയാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 284 മില്യൺ ഡോളർ തുകയ്ക്കുള്ള വാതുവെപ്പ് നടന്നുകഴിഞ്ഞു എന്നാണ് വിലയിരുത്തൽ.
ജോ ബൈഡന് വേണ്ടി വലിയ തുകയിൽ ബെറ്റ് വെച്ച വ്യക്തിയുടെ ഐഡന്റിറ്റി അജ്ഞാതമാണ്. ലോകത്തിലെ ഏറ്റവും വലിയ നിയമപരമായ ഓൺലൈൻ വാതുവയ്പ്പ് കൈമാറ്റ പ്ലാറ്റ്ഫോം എന്നറിയപ്പെടുന്ന ദി ബെറ്റ്ഫെയർ എക്സ്ചേഞ്ചിലൂടെയാണ് അദ്ദേഹം പന്തയം വെച്ചിരിക്കുന്നത്.
ബൈഡൻ വിജയിച്ചാൽ വാതുവയ്പുകാരനായ ഇദ്ദേഹത്തിന് മുടക്കിയ ഒരു മില്യൺ ഡോളറിനൊപ്പം 5,40,000 പൗണ്ട് കൂടി അധികമായി ലഭിക്കും. അതായത് ഏകദേശം അഞ്ചര കോടി ഇന്ത്യൻ രൂപ. ട്രംപ്-ബൈഡൻ തിരഞ്ഞെടുപ്പിൽ പന്തയങ്ങളിൽ ഇപ്പോൾ ലഭിച്ച 284 മില്യൺ ഡോളർ തുകയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ ലഭിച്ച വാതുവെപ്പ് തുക. 2016ൽ നടന്ന ട്രംപ്-ക്ലിന്റൺ മൽസരത്തിൽ 199 മില്യൺ ഡോളറാണ് പന്തയ തുകയായി ലഭിച്ചത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.