ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ ഓട്ടം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സംഭവത്തിൽ നിരവധി അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോൾ താരം തന്നെ സംഭവത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായതായി വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നതായും ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും വിനീത് വ്യക്തമാക്കി.
Also Read-വിനീത് ശ്രീനിവാസന്റെ ഓട്ടം വൈറൽ; പരിപാടി മോശമായതിനാൽ ഓടിരക്ഷപ്പെട്ടതല്ല
അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു വാരനാട് ക്ഷേത്രത്തിലേതെന്നും ഇനിയും വിളിച്ചാൽ എത്തുമെന്നും താരം പറയുന്നു.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.
പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.