• HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രെയിനിനടിയിലേക്ക് വീഴാതെ യാത്രക്കാരന് രക്ഷകയായി ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിള്‍; വൈറല്‍ വീഡിയോ

ട്രെയിനിനടിയിലേക്ക് വീഴാതെ യാത്രക്കാരന് രക്ഷകയായി ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിള്‍; വൈറല്‍ വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറാന്‍ നോക്കവെയാണ് യാത്രക്കാരന്‍ കാലുതെറ്റി വീണത്

  • Share this:

    പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിന് അടിയിലേക്ക് കാലുതെറ്റി വീഴാതെ യാത്രക്കാരന് രക്ഷകയായത് വനിതാ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ജാംഷഡ്പൂരിലെ ടാറ്റാ നഗര്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ആര്‍പിഎഫ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറാന്‍ നോക്കവെയാണ് യാത്രക്കാരന്‍ കാലുതെറ്റി വീണത്. എന്നാല്‍ തിരക്കിനിടയില്‍പ്പെട്ട് അദ്ദേഹം പ്ലാറ്റ്‌ഫോമിലും ട്രെയിനിനും ഇടയ്ക്കുള്ള സ്ഥലത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് കെ മീന എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്.

    പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേയ്ക്ക് വീണ ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ മീന വലിച്ച് മാറ്റുകയായിരുന്നു. ഇതിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. മീനയുടെ ഇടപെടലിനെ ആര്‍പിഎഫ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. ഒരു വലിയ അപകടം ഒഴിവാക്കാന്‍ മീനയ്ക്ക് കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ” വനിതാ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ എസ്കെ മീനയുടെ അവസരോചിതമായ ഇടപെടല്‍ ഒരു യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ നോക്കിയ യാത്രക്കാരന്‍ പ്ലാറ്റ്ഫോം വിടവിലേയ്ക്ക് വീഴുകയായിരുന്നു. ഇദ്ദേഹത്തെയാണ് മീന രക്ഷിച്ചത്. ജാംഷഡ്പൂരിലെ ടാറ്റാ നഗര്‍ സ്റ്റേഷനിലാണ് സംഭവം,” എന്നായിരുന്നു ആര്‍പിഎഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്.

    അതേസമയം മീനയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും രംഗത്തെത്തിയിരുന്നു. ഈ ധീരപ്രവര്‍ത്തിയ്ക്ക് മീനയ്ക്ക് അര്‍ഹമായ അംഗീകാരം അധികൃതര്‍ നല്‍കണമെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. വളരെ സ്ത്യുര്‍ഹമായ സേവനമാണ് മീന കാഴ്ചവെച്ചത് എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറഞ്ഞത്.” ധൈര്യശാലി. വളരെ പെട്ടെന്ന് ചിന്തിച്ച് തീരുമാനമെടുത്തു. സ്‌നേഹം,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

    ” ഒരു പുണ്യപ്രവര്‍ത്തിയാണ് ചെയ്തത്. ദൈവം എസ് കെ മീനയെ അനുഗ്രഹിക്കും. അധികൃതര്‍ വേണ്ടത്ര അംഗീകാരം മീനയ്ക്ക് നല്‍കണം,” എന്നായിരുന്നു മറ്റൊരു ട്വീറ്റ്.ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയുറപ്പാക്കുന്നതില്‍ ആര്‍പിഎഫ് ജീവനക്കാരുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോയാണിത്. ട്രെയിനിലും റെയില്‍വേ പരിസരത്തും ക്രമസമാധാനം നിലനിര്‍ത്തി യാത്രക്കാര്‍ക്ക് വേണ്ട സൗകര്യം ചെയ്ത് നല്‍കാന്‍ ബാധ്യസ്ഥരാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. കൂടാതെ യാത്രക്കാരെ അപകടത്തില്‍ നിന്ന് രക്ഷിക്കുകയെന്നതും ഇവരുടെ പ്രധാന കര്‍ത്തവ്യമാണ്.

    ബീഹാറിലെ പൂര്‍ണിയയിലും സമാനമായ സംഭവം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറാന്‍ നോക്കിയ യാത്രക്കാരന്‍ കാലുതെറ്റി വീണപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എത്തിയതും ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു. ആ വീഡിയോയും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് അന്ന് അധികൃതര്‍ പറയുകയും ചെയ്തിരുന്നു.ട്രെയിനിനും ട്രാക്കിനുമിടയിലാണ് ആ യാത്രക്കാരന്‍ വീണത്. എന്നാല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലിലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായത്.

    Published by:Vishnupriya S
    First published: