'തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു;വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പി'; തിയേറ്ററിൽ ഭയന്നുവിറച്ച സംഭവം വിവരിച്ച് എസ് ശാരദക്കുട്ടി
- Published by:Sneha Reghu
- news18-malayalam
Last Updated:
ടിവിയിൽ ഇന്നും ആ ചിത്രം കാണാനിരുന്നാൽ പിന്നിൽ നിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തുമെന്നാണ് എസ് ശാരദക്കുട്ടി കുറിക്കുന്നത്
സിനിമയിലെ ചൂഷണങ്ങൾ കാലാകാലങ്ങളായി സമൂഹം ചർച്ച ചെയ്യാറുണ്ട്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് സിനിമ കാണാൻ തിയേറ്ററുകളിൽ എത്തിയിരുന്ന സ്ത്രീകൾ നേരിട്ടിരുന്ന ചൂഷണങ്ങൾ വലുതാണ്. തിയേറ്ററുകളിൽ സിസിടിവി വന്നതോടെയാണ് ഇത്തരം പ്രശ്നങ്ങൾ അവസാനിച്ചത്. 43 വർഷം മുമ്പ് തിയേറ്ററിൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം കാണാൻ സുഹൃത്തുക്കളുമൊപ്പം പോയപ്പോൾ ഉണ്ടായി ദുരനുഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി.
തിയേറ്ററിൽ തന്റെ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന സമയത്ത് പുറകിൽ ഇരുന്ന ഒരു സംഘം തങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഇന്നും ടി വിയിൽ കാറ്റത്തെ കിളിക്കൂട് കാണാനിരുന്നാൽ, പിന്നിൽ നിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തുമെന്നാണ് ശാരദക്കുട്ടിയുടെ വാക്കുകൾ.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കാറ്റത്തെ കിളിക്കൂട് സിനിമയുടെ നാൽപത്തിമൂന്നാം വർഷമാണിത്. ഈ വർഷത്തിൽ ഇന്നും മറക്കാൻ കഴിയാത്ത എന്റെ ഒരു തീയേറ്ററനുഭവം പങ്കു വെക്കട്ടെ . അന്ന് സിനിമാതീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത കാലം. ഞങ്ങൾ 5 പെൺകുട്ടികൾ കോളേജിൽ നിന്ന് കാറ്റത്തെ കിളിക്കൂട് കാണുവാൻ കോട്ടയത്തെ ആനന്ദ് തീയേറ്ററിൽ മാറ്റിനിക്കു കയറി. അന്ന് ഏതു സിനിമയും റിലീസ് ചെയ്താലുടൻ കാണുക പതിവായിരുന്നു.
advertisement
ഭരതന്റെ സിനിമയല്ലേ ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്കപെൺകുട്ടികളും കയ്യിൽ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നിൽ ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല.
സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. സിനിമയിലേക്കാൾ സംഘർഷം ഞങ്ങൾക്ക് . സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഞങ്ങളുടെ പിന്നിലൂടെയും, വശങ്ങളിലൂടെയും കൈകൾ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. ഉടൻ തന്നെ മാനേജറുടെ ഓഫീസിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ചു. അവർ വന്ന് ശല്യകാരികളെ ഒന്നു താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല.
advertisement
ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. തിരിഞ്ഞു രണ്ടടി കൊടുക്കാമായിരുന്നു എന്നൊക്കെ ഇന്ന് തോന്നുന്നുണ്ട്. അന്നൊന്നും ചെയ്തില്ല. അതെന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ ഒരുമിച്ച് പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു.
ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളി നീക്കി. സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാർ ഇരുട്ടത്ത് ഞങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാണ് വേവലാതി. ഞങ്ങളുടെ ഭയം അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്.
advertisement
തീയേറ്ററിൽ നിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തു പിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതു പോലെ ഒരുൾഭയം. വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നുഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും. ബലവാന്മാരെയും തെമ്മാടികളെയും ഉടലാകെ ലിംഗവുമായി നടക്കുന്നവരെയും ഭയന്ന് ഭയന്ന് നിശ്ശബ്ദമായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം .
advertisement
ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ ഭയങ്ങൾ ജീവിതാവസാനം വരെ പിന്തുടരും . കാറ്റത്തെ കിളിക്കൂട് എന്ന പേരു പോലെ തന്നെയാണ് ആ അനുഭവവും. കണ്ട സിനിമകളിലെ ഡയലോഗും രംഗങ്ങളുമെല്ലാം മന:പാഠമാക്കാറുള്ള എനിക്ക് ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയാനറിയില്ല. ഇന്നും ടി വിയിൽ ആ ചിത്രം കാണാനിരുന്നാൽ, പിന്നിൽ നിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തും. സകല നിലയും തെറ്റും.അതെ, ഭയന്നു വിറച്ച ആ 'കാറ്റത്തെ കിളിക്കൂടി 'ന് 43 വർഷം .
advertisement
എസ്.ശാരദക്കുട്ടി .
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 10, 2025 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു;വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പി'; തിയേറ്ററിൽ ഭയന്നുവിറച്ച സംഭവം വിവരിച്ച് എസ് ശാരദക്കുട്ടി