• HOME
 • »
 • NEWS
 • »
 • buzz
 • »
 • Shocking Visuals | കാട്ടാനയെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറൽ; മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസ്

Shocking Visuals | കാട്ടാനയെ വിരട്ടിയോടിക്കുന്ന വീഡിയോ വൈറൽ; മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസ്

ഒരു യുവാവ് തന്റെ മൊബൈൽ ഫോണിൽ ഇത് വീഡിയോ എടുത്ത് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായി മാറിയത്.

വീഡിയോയിൽ നിന്നും

വീഡിയോയിൽ നിന്നും

 • Last Updated :
 • Share this:
  കാട്ടാനകളെ ആക്രമിച്ചെന്നാരോപിച്ച് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ വനംവകുപ്പ് മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ കേസെടുത്തു. ജില്ലയിലെ വനമേഖലയിലെ നിയന്ത്രിത പ്രദേശത്ത് യുവാക്കൾ ആനകൾക്ക് നേരെ കല്ലെറിയുകയും വടികൊണ്ട് അടിക്കുകയുമായിരുന്നു. തിരുമൂർത്തി ഡാം സെറ്റിൽമെന്റ് ഏരിയയ്ക്ക് സമീപം മൂന്ന് യുവാക്കൾ ആനകളെ ഉപദ്രവിക്കുന്നതും നായ്ക്കളുടെ സഹായത്തോടെ ഓടിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിനെ തുടർന്ന് നിരവധിയാളുകൾ ഇതിന് എതിരെ രംഗത്തെത്തിയിരുന്നു.

  32 കാരനായ പി സെൽവം, ടി കാളിമുത്തു (25), ജെ അരുൺ കുമാർ (30) എന്നിവരെയാണ് തിരുമൂർത്തിമല സെറ്റിൽമെന്റ് മേഖലയിൽ നിന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ സെറ്റിൽമെന്റിൽ നിന്നുള്ള ഒരു സംഘം യുവാക്കൾ വനമേഖലയിൽ കന്നുകാലികളെ മേയ്ക്കാൻ കൊണ്ടു പോയപ്പോഴാണ് ഉടുമാൽപേട്ട് റേഞ്ചിലെ തിരുമൂർത്തി റിസർവോയറിന്റെ വന അതിർത്തിയിലെത്തിയ ആനക്കുട്ടിയടക്കം മൂന്ന് ആനകളെ കണ്ടത്. തുടർന്ന് യുവാക്കൾ അവയെ ഉപദ്രവിക്കാനും കല്ലുകളും മറ്റും എറിഞ്ഞ് ആക്രമിക്കാനും തുടങ്ങി.

  ഒരു യുവാവ് തന്റെ മൊബൈൽ ഫോണിൽ ഇത് വീഡിയോ എടുത്ത് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായി മാറിയത്. ഓൺ‌ലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ക്ലിപ്പുകളിൽ, ഒരു യുവാവ് ആനയുടെ അടുത്തുവരെ ഓടി ഒരു മരത്തിന്റെ കമ്പ് ഉപയോഗിച്ച് എറിയുന്നത് കാണാം. മൃഗം തിരിച്ചോടിച്ചതോടെ ഇയാൾ തിരിഞ്ഞോടി.


  മറ്റൊരു വീഡിയോയിൽ, ഒരു യുവാവ് ശബ്ദമുണ്ടാക്കി കാട്ടാനയെ ഭീതിപ്പെടുത്തുന്നത് കാണാം. അയാൾ കാട്ടാനയ്ക്ക് നേരെ കല്ലെറിഞ്ഞു. പ്രകോപിതനായ മൃഗം യുവാവിന്റെ അടുത്തേക്ക് വന്നപ്പോൾ, ഉയർന്ന പാറക്കെട്ടിലേയ്ക്ക് അയാൾ ഓടിക്കയറി. മുകളിൽ നിൽക്കുന്ന ഇയാളുടെ കൂട്ടാളികളിൽ ചിലരും ആനയുടെ നേരെ കല്ലെറിഞ്ഞു. യുവാക്കൾക്ക് ഒപ്പം കുറച്ച് നായ്ക്കളും ഉണ്ടായിരുന്നു. അവ ആനകൾക്ക് നേരെ കുരയ്ക്കുന്നതും വീഡിയോയിൽ കാണാം.

  വന്യജീവി സംരക്ഷണ നിയമത്തിലെ 32, 39, 51 വകുപ്പുകൾ പ്രകാരം മൂന്ന് ആദിവാസി യുവാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെക്കൂടി പിടികൂടാനാണ് തീരുമാനം.

  ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. മനുഷ്യരുടെ ജീവന് ഭീഷണി ഉയർത്തുന്നതിനൊപ്പം വ്യാപക കൃഷി നാശത്തിനും ഇത് കാരണമാകാറുണ്ട്. ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പലമാർഗങ്ങളും പരീക്ഷിച്ചെങ്കിലും അവ പലതും വിജയം കണ്ടില്ല. എന്നാൽ തേനീച്ചകളെ ഉപയോഗിച്ച് ആനകളെ തുരത്താനുള്ള പുതിയ പദ്ധതി പരീക്ഷണഘട്ടത്തിൽ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് കേരളത്തിലും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സർക്കാര്‍. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ ഇനി തേനീച്ചകൾ തുരത്തും. ഖാദി ഗ്രാമവ്യവസായ കമ്മീഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ 'ആനക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ആനകളെ പിന്തിരിപ്പിക്കാൻ കുടകിൽ പരീക്ഷിച്ച പദ്ധതി കേരളം, തമിഴ്‌നാട്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.
  Published by:Aneesh Anirudhan
  First published: