യൂട്യൂബ് വീഡിയോകൾ കണ്ട് അഭിമുഖം പരിശീലിച്ചു; കോളേജ് വിദ്യാർത്ഥിനിയ്ക്ക് ഓസ്‌ട്രേലിയൻ കമ്പനിയുടെ 57 ലക്ഷത്തിന്റെ ഓഫർ
- Published by:Arun krishna
- news18-malayalam
Last Updated:
നാലാം സെമസ്റ്റർ ആരംഭം മുതൽക്കു തന്നെ താൻ പ്ലേസ്‌മെൻ്റ് അഭിമുഖങ്ങൾക്കായി തയ്യാറെടുക്കാൻ യൂട്യൂബ് വീഡിയോകൾ കണ്ടു തുടങ്ങിയിരുന്നതായി റിതി പറയുന്നു
2021-2022 വർഷത്തെ ക്യാംപസ് പ്ലേസ്‌മെൻ്റ് ഓഫറുകളിൽ റെക്കോർഡ് ഭേദിച്ച് ഭോപ്പാൽ സ്വദേശിനി റിതി നേമ. കംപ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ റിതിയ്ക്ക് ഓസ്‌ട്രേലിയൻ സോഫ്റ്റ്‌വെയർ കമ്പനിയായ അറ്റ്‌ലാസിയൻ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം 57 ലക്ഷം രൂപയാണ്. ദേവി അഹില്യ വിശ്വ വിദ്യാലയ (ഡിഎവിവി) യിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നിന്നുമാണ് റിതി നേമ എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കുന്നത്. കോളേജിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്ലേസ്‌മെന്റ് ഓഫർ മാത്രമല്ല റിതിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വർഷം ഐഐഎം ഇൻഡോറിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച ഓഫറിനേക്കാൾ വലിയ തുകയാണ് റിതിയ്ക്ക് അറ്റ്ലാസിയൻ നൽകിയിരിക്കുന്ന ഓഫർ.
നാലാം സെമസ്റ്റർ ആരംഭം മുതൽക്കു തന്നെ താൻ പ്ലേസ്‌മെൻ്റ് അഭിമുഖങ്ങൾക്കായി തയ്യാറെടുക്കാൻ യൂട്യൂബ് വീഡിയോകൾ കണ്ടു തുടങ്ങിയിരുന്നതായി റിതി പറയുന്നു. അഭിമുഖത്തിൻ്റെ വിവിധ ഘട്ടങ്ങൾ ഏതെല്ലാമാണ്, അവ എങ്ങനെയാണ് മുന്നോട്ടു പോകുക എന്നതെല്ലാം മനസ്സിലാക്കാനായിരുന്നു റിതി യൂട്യൂബ് വീഡിയോകളെ ആശ്രയിച്ചിരുന്നത്. എല്ലാ ചോദ്യങ്ങളും മനസ്സിലാക്കി തയ്യാറെടുത്ത ശേഷം, റിതി കൂട്ടുകാരെക്കൊണ്ട് പതിവായി പരിശീലന അഭിമുഖങ്ങൾ നടത്തിച്ചിരുന്നു. അങ്ങനെയാണ് താൻ അഭിമുഖങ്ങളെ അനായാസം നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുത്തതെന്ന് റിതി പറയുന്നു.
advertisement
ഓൺലൈൻ വഴി നടന്ന അഭിമുഖ പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഉദ്യോഗാർത്ഥികളുടെ കോഡിംഗ് കഴിവുകൾ വിലയിരുത്താനുള്ള പരീക്ഷയായിരുന്നു ഒന്നാം ഘട്ടം. സിസ്റ്റം ഡിസൈനിനെക്കുറിച്ചുള്ള പരീക്ഷയാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. മൂന്നാം ഘട്ട പരീക്ഷയിലാകട്ടെ, മാനേജ്‌മെൻ്റ് മൂല്യങ്ങളാണ് വിലയിരുത്തപ്പെട്ടത്. എല്ലാ ഘട്ടങ്ങളും വിജയകരമായി പിന്നിട്ട റിതി, ഈ വർഷത്തെ ക്യാംപസ് പ്ലേസ്‌മെന്റിൽ പങ്കെടുത്ത ഡിഎവിവി വിദ്യാർത്ഥികളിൽ ഒന്നാമതായി. എഴുന്നൂറോളം കമ്പനികളിൽ നിന്നുമാണ് ഇത്തവണ ഡിഎവിവി വിദ്യാർത്ഥികൾക്ക് ഓഫറുകൾ വന്നിരിക്കുന്നത്.
മെഡിക്കൽ മേഖലയിലാണ് റിതിയുടെ അച്ഛൻ ജോലി നോക്കുന്നത്. മൂന്നു മക്കളിൽ ഏറ്റവും ഇളയ ആളാണ് റിതി. റിതിയുടെ സഹോദരിമാരിൽ ഒരാൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അടുത്തയാൾ ഫാഷൻ ഡിസൈനറുമാണ്. സ്‌കൂളിലും പഠിക്കാൻ മിടുക്കിയായിരുന്നു റിതി. തീരെ ചെറിയ പ്രായം മുതൽക്കു തന്നെ എഞ്ചിനീയറാകാനായിരുന്നു റിതിയുടെ ആഗ്രഹം. സ്‌കൂളിൽ നടന്ന ഗണിതശാസ്ത്ര ഒളിംപ്യാഡിലും റൂബിക്‌സ് ക്യൂബ് മത്സരത്തിലും സ്വർണമെഡൽ ജേതാവായിരുന്നു റിതി. അറ്റ്‌ലാസിയനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി റിതി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.
advertisement
2021-2022 വർഷത്തെ പ്ലേസ്‌മെൻ്റിൽ ഡിഎവിവിയിൽ നിന്നും 403 വിദ്യാർത്ഥികളാണ് ജോലിയിൽ പ്രവേശിച്ചത്. ആറു ലക്ഷമാണ് ശരാശരി ശമ്പള പാക്കേജ്. മാനേജ്‌മെൻ്റ് വിഭാഗത്തിൽ നിന്നും കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് ജോലി ലഭിച്ചവരിൽ കൂടുതലും. ഐഐഎം ഇൻഡോറിലെ ഇത്തവണത്തെ ഏറ്റവും ഉയർന്ന പാക്കേജ് 49 ലക്ഷം രൂപയാണ്. ആ സാഹചര്യത്തിലാണ് റിതി നേമ 57 ലക്ഷം നേടി സർവകാല റെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 06, 2023 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
യൂട്യൂബ് വീഡിയോകൾ കണ്ട് അഭിമുഖം പരിശീലിച്ചു; കോളേജ് വിദ്യാർത്ഥിനിയ്ക്ക് ഓസ്‌ട്രേലിയൻ കമ്പനിയുടെ 57 ലക്ഷത്തിന്റെ ഓഫർ