• HOME
 • »
 • NEWS
 • »
 • career
 • »
 • പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (D.El.Ed.); വിശദാംശങ്ങൾ അറിയാം 

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (D.El.Ed.); വിശദാംശങ്ങൾ അറിയാം 

ഡിപ്ലോമ  ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള 2022-2024 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  നേരത്തെ ടി.ടി.സി. ( ടീച്ചർ ട്രയിനിംഗ് കോഴ്സ് ) എന്ന പേരിലും പിന്നീട് ഡി.എഡ്. (ഡിപ്ലോമ ഇൻ എജുക്കേഷൻ) എന്ന പേരിലും അറിയെപെട്ടിരുന്ന പ്രൈമറി സ്കൂൾ അധ്യാപകയോഗ്യത കോഴ്സ്, ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ) എന്ന് പുനർനാമകരണം ചെയ്തിട്ട് അധികകാലമായില്ല. നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്, ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ - ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ - എയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
  ഇപ്പോൾ അപേക്ഷിക്കാം


  ഡിപ്ലോമ  ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള 2022-2024 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ വിവിധ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി (മെരിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ്)  വ്യത്യസ്ത വിജ്ഞാപനങ്ങൾ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഏയ്ഡഡ് കോളേജുകളിലെയും സ്വാശ്രയ

  കോളേജുകളിലെ സർക്കാർ മെറിറ്റു സീറ്റുകളിേലേക്കുമാണ്, ഈ പ്രവേശനപ്രക്രിയയിലൂടെ ചേരാൻ സാധിക്കുക. ആഗസ്റ്റ് 18 വരെയാണ്​ അപക്ഷകൾ ബന്ധപെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിൽ സ്വീകരിക്കുക.ഒരു അപേക്ഷകന് , ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നത്, അതിനാൽ തന്നെ അയോഗ്യതയായി പരിഗണിക്കപ്പെടും. അതുകൊണ്ട് തന്നെ, അപേക്ഷാർത്ഥി ഒരു ജില്ലയിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന സത്യവാങ്ങ്മൂലം ഇതോടൊപ്പം സമർപ്പിക്കണം. പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും.


  വിവിധ വിഭാഗങ്ങളിലെ വാർഷിക ഫീസ്, വ്യത്യസ്തമാണ്. എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി - മാനേജ്‌മെന്റ്

  ക്വോട്ടയിലേക്ക് അതാത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്. 14 വിദ്യാഭ്യാസ ജില്ലകളിലായി 101 സ്ഥാപനങ്ങളാണ്, സർക്കാർ -എയ്ഡഡ് മേഖലയിലായുള്ളത്. ഇതുകൂടാതെ നൂറോളം സ്വാശ്രയ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. രണ്ടു വർഷം ദൈർഘ്യമുള്ള നാലു സെമസ്റ്ററുകളാണ് , ഡി.എൽ.എഡ് കോഴ്സിനുള്ളത്. പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ഓരോ സെമസ്റ്ററിലെ പരീക്ഷകൾക്കു ശേഷവും ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.


  ഡിപ്പാർട്ടുമെന്റ് ക്വോട്ട


  ഇതോടൊപ്പം തന്നെ ഡിപ്പാർട്ടുമെന്റ് ക്വോട്ടയിലേക്കും അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. സർക്കാർ - ഏയ്ഡഡ് സ്കൂളുകളിൽ

  ജോലി ചെയ്യുന്ന ട്രയിനിംഗ് യോഗ്യത ഇതുവരേക്കും നേടിയിട്ടില്ലാത്ത എൽ.പി.എസ്.എ., യു.പി.എസ്.എ. ജ്യൂനിയർ ലാംഗ്വേജ് അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, 5 വർഷം സർവ്വീസും പ്ലസ് ടു വിന് 50 % മാർക്കും നേടിയിട്ടുള്ള വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജീവനക്കാരായ അനധ്യാപകർ എന്നിവർക്കും സർക്കാർ - ഏയ്ഡഡ് കോളേജുകളിലെ ഡിപ്പാർട്ടുമെന്റ്  ക്വോട്ട സീറ്റുകളിലേക്കു അപേക്ഷ സമർപ്പിക്കാവുന്നതാണ്.


  അപേക്ഷാ യോഗ്യത‌


  അപേക്ഷകർ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. എന്നാൽ യോഗ്യതാ പരീക്ഷ പാസ്സാകാൻ സെ പരീക്ഷ ഉൾപ്പടെ മൂന്നിൽ കൂടുതൽ ചാൻസെടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5% ഇളവുണ്ട്. പട്ടികജാതി - വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കു പരിധിയില്ല. അപേക്ഷകരുടെ പ്രായം 17 നും 33 നും ഇടയിലായിരിക്കണം.


  വിവിധ വിഭാഗങ്ങൾക്കുള്ള സംവരണങ്ങൾ


  വിവിധ സമുദായങ്ങൾക്കുള്ള സംവരണ ക്രമത്തിനു പുറമെ, നിശ്ചിത സീറ്റുകൾ , ഡിപ്പാർട്ടുമെന്റ് ക്യോട്ടയിലെ അപേക്ഷകർ , വിമുക്തഭടൻമാർ ,ജവാൻമാരുടെ കുടുംബാംഗങ്ങൾ, ഭിന്നേശേഷിയുള്ള വർ, കായിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കമായ മുന്നോക്ക സമുദായക്കാർ എന്നിവർക്കായി സർക്കാർ - ഏയ്ഡഡ് സ്ഥാപനങ്ങളിൽ നീക്കിവെച്ചിട്ടുണ്ട്. ഇതിനു പുറമെ എൻ.സി.സി., സ്കൗട്ട് സ് & ഗൈഡ്സ് , എൻ.എസ്.എസ്. എന്നീ വിഭാഗക്കാർക്ക് പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജ് ലഭിക്കുന്നതാണ്.


  അപേക്ഷാ ക്രമം


  ഓൺലൈൻ ആയല്ല; അപേക്ഷാ സമർപ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് , വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ ആഗസ്റ്റ് 18 ന് 5 മണിയ്ക്ക് മുന്‍പായോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകളിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണം. പട്ടികജാതി- വർഗ്ഗ വിഭാഗക്കാർ സ്റ്റാമ്പ് ഫീ ഒടുക്കേണ്ടതില്ല.


  കന്നഡ ടീച്ചേഴ്സ് ട്രയിനിങ്


  കോഴ്സിലേക്കുള്ള അപേക്ഷകൾ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്കും തമിഴ് ടീച്ചേഴ്സ് ട്രയിനിംഗ് കോഴ്സിലേക്കുള്ള അപേക്ഷകൾ പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഇംഗ്ലീഷ് മീഡിയം ടീചേഴ്സ് ട്രയിനിംഗ്

  കോഴ്സിലേക്കുള്ള അപേക്ഷകൾ തിരുവനന്തപുരം, കൊല്ലം , മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. ലേക്കുളള അപേക്ഷകൾ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ. മാനേജർക്കും പ്രത്യേകം സമർപ്പിക്കണം.


  തെരഞ്ഞെടുപ്പ് രീതി


  പ്രവേശനത്തിനുള്ള അർഹത സർക്കാർ - ഏയ്ഡഡ് സ്ഥാപനങ്ങളിലേക്കു നിശ്ചയിച്ചിരിക്കുന്നത്,താഴെ കാണുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാണ്.


  1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 80 %

  2. ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക് :- 10%

  3. സ്പോർട്സ് / ഗെയിംസ് / കലോൽസവം എന്നിവയിലെ പ്രാഗത്ഭ്യം, മുൻഗണനാ ക്രമത്തിൽ :- 10%

  a) ദേശീയ തലം

  b) സംസ്ഥാന തലം

  c) ജില്ലാതലം

  d) ഉപജില്ലാതലം


  എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ മാനദണ്ഡം, താഴെ കാണും പ്രകാരമാണ്.

  1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 65 %

  2. ഇന്റർവ്യൂവിൽ ലഭിച്ച മാർക്ക് :- 35%


  ഫീസ് ഘടന


  സർക്കാർ - ഏയ്ഡഡ് സ്ഥാപനങ്ങളിലെ ഫീസ് ഘടന, തുച്ഛമാണ്. എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസായി പ്രതിമാസം 1480/- രൂപയും വികസന ഫണ്ടിലേക്ക് പ്രതി വർഷം 10,000/- രൂപയും അടയ്ക്കണം.


   വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫാറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങളും ഓരോ ജില്ലയിലേയും സർക്കാർ -

  ഏയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങൾ തിരിച്ചുള്ള ലിസ്റ്റും താഴെ കാണുന്ന

  വെബ്സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷാ ഫോമുകൾ

   

  സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളി​ലേക്ക്  സ്വാശ്രയ സ്​ഥാപനങ്ങളിലേക്ക്  ഡിപ്പാർട്ട്​മെന്‍റ്​ ക്വാട്ടയിലേക്ക്
  തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

  (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
  Published by:Rajesh V
  First published: