അധ്യാപകരുടെ എതിർപ്പിന് വഴങ്ങി സർക്കാര്‍; 12 ശനിയാഴ്ച ഉൾപ്പെടെ സ്കൂൾ പ്രവൃത്തിദിനങ്ങൾ 204
- Published by:Rajesh V
- news18-malayalam
Last Updated:
ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ
തിരുവനന്തപുരം: അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് സ്കൂളുകളിൽ ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വർഷം ആകെ 204 അധ്യയനദിവസങ്ങളുണ്ടാവും.
വിദ്യാഭ്യാസ അവകാശ നിയമവും കെഇആർ അനുസരിച്ചും 220 പ്രവൃത്തിദിനങ്ങൾ നിഷ്‌കർഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ അധികരിക്കരുതെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും അതേസമയം, വിദ്യാർത്ഥികൾക്ക് അധ്യയനം നഷ്ടമാവാത്ത വിധത്തിൽ പ്രവൃത്തിദിനങ്ങൾ നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞതവണ 202 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ചിരുന്നു. മഴ കാരണമടക്കമുള്ള അവധികൾ കാരണം 199 പ്രവൃത്തിദിനങ്ങളേ ഉറപ്പാക്കാനായുള്ളൂ. ഇത്തവണ അധ്യാപകസംഘടനകളുടെ അഭിപ്രായങ്ങൾ മാനിച്ച്, ആറു പ്രവൃത്തിദിനങ്ങൾ ഒന്നിച്ചു വരുമ്പോൾ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക കലണ്ടർ യോഗം അംഗീകരിച്ചു.
advertisement
അടുത്തിടെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വിളിച്ച യോഗത്തിലായിരുന്നു പ്രവൃത്തിദിനങ്ങൾ 220 ആക്കാനുള്ള ശുപാർശ. 28 ശനിയാഴ്ചകൾ ക്ലാസെടുക്കാനായിരുന്നു നിർദേശം. പിന്നാലെ അധ്യാപകസംഘടനകൾ എതിർപ്പുമായി രംഗത്തെത്തി.
വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് കെ അബ്ദുൾ മജീദ് (കെപിഎസ്ടിഎ), പി എസ് ഗോപകുമാർ (എൻടിയു), എൻ ടി ശിവരാജൻ (കെഎസ്ടിഎ), ഒ കെ ജയകൃഷ്ണൻ (എകെഎസ്ടിയു) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 31, 2023 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
അധ്യാപകരുടെ എതിർപ്പിന് വഴങ്ങി സർക്കാര്‍; 12 ശനിയാഴ്ച ഉൾപ്പെടെ സ്കൂൾ പ്രവൃത്തിദിനങ്ങൾ 204